Thu. Dec 19th, 2024

ന്യൂഡല്‍ഹി:

യുദ്ധവും യുദ്ധ സമാന സാഹചര്യങ്ങളും പലപ്പോഴും ഭരണകൂടങ്ങള്‍ക്ക് എതിരായ അസ്വസ്ഥതകളെ മറികടക്കാനുള്ള ഉപാധികളായി മാറിയ ചരിത്രമുണ്ട്. തീവ്രദേശീയതയാണ് ഇത്തരം സാഹചര്യങ്ങളില്‍ ഇതിന്‍റെ ഉപകരണമായി വര്‍ത്തിക്കാറുള്ളത്. പുല്‍വാമ ആക്രമണവും അതിന് ശേഷം ഇന്ത്യന്‍ ജനതയില്‍ ദേശീയതയുടെ പേരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധ ഭ്രമവും തുറന്ന് വെക്കുന്നത് അത്തരം ചില പകല്‍ ചിത്രങ്ങളാണ്.

‘ശക്തനായ ഭരണാധികാരി’ എന്ന് ലോകരാഷ്ട്രങ്ങളും മാധ്യമങ്ങളും വാഴ്ത്തി പറയുമ്പോഴും രാജ്യത്തിനകത്തും പുറത്തും ജനപ്രക്ഷോഭങ്ങൾ നേരിടേണ്ടി വന്ന ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലും അസമിലും തുടങ്ങി ലണ്ടനില്‍ വരെ ചെല്ലുന്ന ഇടങ്ങളില്‍ എല്ലാം മോദിക്ക് ‘ഗോ ബാക്ക്’ വിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പോരാത്തതിന് ഏറ്റവും അവസാനം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയവും മോദിക്ക് തിരിച്ചടിയായി.

ഇതിനെല്ലാം പുറമെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മുതല്‍ ദലിത്-മുസ്ലിം ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വേട്ടയാടപ്പെടുന്ന സാഹചര്യങ്ങള്‍ വരെ മോദി ഭരണത്തിന്‍റെ പരാജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഏതാണ്ട് സമാനമായ മറ്റൊരു ആരോപണമാണ് റാഫേല്‍ അഴിമതി പോലുള്ള മോദി സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് ഇടപാടുകള്‍. ഇത്തരം ആരോപണങ്ങളുടെ കുത്തൊഴുക്കിനിടയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ വക്കോളമെത്തിയ കേന്ദ്ര സര്‍ക്കാരിന് പുല്‍വാമ ആക്രമണം ഒരു രക്ഷാകവചമായി എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ ദേശീയതയും പൊതു ശത്രു എന്ന മിഥ്യയും

പൊതു ശത്രുവിനെ ഉണ്ടാക്കുകയും അതിലൂടെ ദേശരാഷ്ട്ര സങ്കൽപ്പങ്ങളെ ധ്രുവീകരിക്കുകയും ചെയ്തുകൊണ്ടാണ് ഹൈപ്പർ നേഷണലിസം ഉരുത്തിരിയുന്നത്. ദേശത്തിന്‍റെ ആദര്‍ശവല്‍കരണം അതിരുകള്‍ക്ക് അപ്പുറത്തുള്ളവരെ അപരന്മാരാക്കുകയും പൊതു ശത്രു എന്ന സങ്കല്‍പത്തിലേക്കെത്തിക്കുകയും  സെനഫോബിയ (Xenophobia) എന്ന മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഭൂമിശാസ്ത്രപരമായി അധികം വ്യത്യാസമില്ലാഞ്ഞിട്ട് കൂടി, കൊളോണിയല്‍ വാഴ്ചയുടെ ബാക്കി പത്രം പോല അവശേഷിക്കുന്ന സാമൂഹിക അവസ്ഥകളെ, ഭിന്നിപ്പിക്കാനും ചേരി തിരിഞ്ഞ് ദേശീയതയും അപരത്വവും സൃഷ്‌ടിച്ചെടുക്കാനും ഇന്ത്യയുടേയും അയൽ രാജ്യങ്ങളുടേയും ഭരണാധികാരികൾ മൽസരമാണ്.

വ്യാജ വാര്‍ത്തകളും ഇന്ത്യന്‍ ദേശീയതയും

ഇന്ത്യയിലെ വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ദേശീയതയാണെന്ന തരത്തില്‍ ബിബിസിയുടെ ഒരു പഠനം നേരത്തെ പുറത്ത് വന്നിരുന്നു. അമിതമായ ദേശീയ ബോധം സാധാരണക്കാരെ വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ദേശീയതയെ സംരക്ഷിക്കാനുള്ള വൈകാരിക ശ്രമങ്ങളില്‍ വാര്‍ത്തയുടെ വാസ്തവം പരിശോധിക്കപ്പെടുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍ നെറ്റ്‍വര്‍ക്കുകളാണ് ഇത്തരം വ്യാജവാര്‍ത്തകളുടെ പ്രധാന ഉറവിടമെന്നും പഠനം പറയുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ ആഗോള തലത്തില്‍ ആളുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്ന ബിയോണ്ട് ഫേക്ക് ന്യൂസ് എന്ന ഗവേഷണത്തിന്‍റെ ഭാഗമായാണ് പഠനം നടന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച തെറ്റായ വാര്‍ത്തകളുടെ പേരില്‍ കൊല്ലപ്പെട്ടത് 32 പേരാണെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ സ്പോൺസേർഡ് ഹിന്ദുത്വ

രാജ്യത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഛായ തകര്‍ത്ത പ്രധാന സംഭവങ്ങളിലൊന്നായിരുന്നു ബൊഫോഴ്‌സ് ഇടപാട്. സ്വീഡിഷ് കമ്പനിയായ എബി ബൊഫോഴ്‌സ് കമ്പനിയുമായുള്ള ആയുധ ഇടപാടില്‍ 64 കോടി രൂപ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൈക്കൂലി പറ്റിയെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി സര്‍ക്കാരിന് അധികാരം നഷ്ടമായതിന് പ്രധാന കാരണം ഈ കുംഭകോണം സൃഷ്ടിച്ച രാഷ്ട്രീയ ഭൂകമ്പമായിരുന്നു.
സമാനമായ രീതിയില്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ പ്രാപ്തമായ റാഫേല്‍ അഴിമതിയെ കുറിച്ചുള്ള സങ്കീർണ്ണമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുന്നത്.

രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വക്കോളം എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ ഭീകരാക്രമണവും അതിനെ തുടര്‍ന്നുണ്ടായ തിരിച്ചടിയും സംശയകരമാണെന്ന ആരോപണങ്ങള്‍ ആദ്യം മുതലേ ഉയര്‍ന്നിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷം ഉണ്ടായ തീവ്ര ദേശീയതയുടെയും യുദ്ധകൊതിയുടെയും അതിപ്രസരണത്തിനിടയില്‍ ഹിന്ദുത്വ ദേശീയ വാദികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും മുന്‍കാലങ്ങളില്‍ നടത്തിയ ചില കളികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ് ചുവടെ.

റിലയന്‍സ് ഉടമയായ മുകേശ് അംബാനി ജിയോയുടെ മൊബൈല്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ ദേശീയ മാധ്യമങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ ചിത്രത്തോടെ ഒന്നാം പേജിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. മുഴുപ്പേജ് പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പുറമേ വളരെക്കുറച്ച് വാചകങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. പ്രധാനമന്ത്രിയെ ബ്രാന്റ് അംബാസിഡര്‍ പോലെ ചിത്രീകരിച്ച് റിലയന്‍സ് നല്‍കിയ പരസ്യം അന്നു തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമപ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് 500 രൂപയാണു പിഴ. ഈ പിഴ മാത്രം ഈടാക്കി റിലയന്‍സ് ജിയോയ്‌ക്കെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. റിലയന്‍സിന് പുറമേ ഇ-പേയ്‌മെന്റ് ആപ്ലിക്കേഷനായ പേടിഎമ്മും പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതായി സമാജ്വാദി പാര്‍ട്ടി എംപിയായ നീരജ് ശേഖര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ തുടങ്ങാത്ത സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കരുതെന്നും വ്യക്തമാക്കി ധനമന്ത്രാലയം നല്‍കിയ താക്കീത് വകവെക്കാതെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ നടപടിയായിരുന്നു മറ്റൊരു വിവാദം. രാജ്യത്തെ പ്രധാന കലാലയങ്ങളായ ജെ.എന്‍.യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ അവഗണിച്ച് അംബാനിയുടെ ഉടമസ്ഥതയിലുള്ള തറക്കല്ലു പോലുമിട്ടിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രത്യേക പദവി നല്‍കിയത് രൂക്ഷവിമർശനമാണ് ക്ഷണിച്ചുവരുത്തിയത്.

‘ജിയോ സ്ഥാപനം എന്നതു നിലവിൽ നിർദേശം മാത്രമാണ്. അക്കാദമി രംഗത്തോ സാമൂഹിക രംഗത്തോ എണ്ണപ്പെടാവുന്ന യാതൊരു സംഭാവനയുമില്ല. ഫാക്കൽറ്റി, ക്യാംപസ്, കോഴ്സ് എന്നിവയെപ്പറ്റി വിവരമില്ല. കടലാസ് സ്ഥാപനങ്ങൾക്കു ശ്രേഷ്ഠ പദവി നൽകുന്നത് അക്കാദമി രംഗത്തെ അഴിമതിയാണ്’– എന്നാണ് ഡൽഹി യൂണിവേഴ്സ്റ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റജിബ് റായ് അന്ന് പറഞ്ഞത്.

ശ്രേഷ്ഠ പദവി ലഭിച്ച സർക്കാർ സ്ഥാപനങ്ങൾക്ക് ഓരോന്നിനും 1000 കോടി രൂപ വീതം കേന്ദ്ര സഹായം ലഭിക്കും എന്ന കാര്യം കൂടി അറിയുമ്പോഴാണ് സ്വന്തമായൊരു ക്യാംപസോ ഒരു വെബ്സൈറ്റോ ഇല്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രത്യേക പദവി നല്‍കിയതിലെ ‘താന്‍ അഴിമതി നടത്തുകയില്ല ആരെയും അഴിമതി നടത്താന്‍ അനുവദിക്കുകയുമില്ല’ എന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാറിന്‍റെ ‘പ്രത്യേക’ താല്‍പര്യം വ്യക്തമാകുകയുള്ളു.

ജിയോ പേമെന്റ്‌സ് ബാങ്കിന് ലഭിച്ച ഒത്താശയാണ് പിന്നീടുള്ളത്. രാജ്യത്ത് 500 രൂപ, 1000 രൂപ കറന്‍സികളുടെ റദ്ദാക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന്‍റെ മൂന്നാം നാളിലാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടേയും സംയുക്ത സംരംഭമായ ജിയോ പേമെന്റ്‌സ് ബാങ്ക് നിലവില്‍ വരുന്നത്.

റിലയന്‍സ് ജിയോയുടെ പ്രീപെയ്ഡ് വാലറ്റ് സംവിധാനമായ ജിയോ മണിയും ഇതോടൊപ്പം രംഗത്തെത്തി. ജിയോ മൊബൈല്‍ വരിക്കാര്‍ക്ക് രാജ്യത്ത് ഉടനീളമുള്ള എസ്.ബി.ഐയുടെ വിപുലമായ ശൃംഖല ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജിയോ പേമെന്റ്‌സ് ബാങ്ക്. ദിവസങ്ങളായി അണിയറയില്‍ നടന്ന നീക്കങ്ങളുടെ ഫലമാണ് റിലയന്‍സിന് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വാണിജ്യ ഇടപാടുകള്‍ നടത്താന്‍ അവസരം നല്‍കാനുള്ള തീരുമാനം വരുന്നത്.

മാനദണ്ഡങ്ങള്‍ മറികടന്ന് ബാങ്ക് വായ്പാ തിരിച്ചടവില്‍ ഇളവ് നല്‍കിയതാണ് റിലയന്‍സിന് ബിജെപി സര്‍ക്കാരില്‍ നിന്ന് കിട്ടിയ അടുത്ത സഹായം. ആന്ധ്രതീരത്തെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന 1386 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ കൈകാര്യം ചെയ്യുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചറിനാണ് (ആര്‍.ജി.ടി.ഐ.എല്‍) ബാങ്കുകളില്‍നിന്ന് വന്‍ ഇളവ് ലഭിച്ചത്.

16,010 കോടി രൂപയുടെ വായ്പാ തിരിച്ചടവിന് പൊതുമേഖലാ ബാങ്കുകള്‍ 16 വര്‍ഷത്തെ അവധിയാണ് 2015 ല്‍ അനുവദിച്ചത്. വായ്പാ തിരിച്ചടവ് കുടിശ്ശിക പെരുകിയതിനാല്‍ പൊതുമേഖലാ ബാങ്കുകള്‍ പ്രയാസം നേരിടുന്ന സമയത്താണ് ഇത്തരം ഒരു തീരുമാനമെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനെല്ലാം പുറമേ നോട്ടുനിരോധനത്തിനു മുന്നോടിയായി സൗജന്യ ജിയോസിം വിതരണം ആരംഭിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അട്ടിമറിക്കപ്പെട്ട റാഫേല്‍ ഇടപാടും മോദിയുടെ പാരീസ് സന്ദര്‍ശനവും

മിഗ് വിമാനങ്ങള്‍ തകര്‍ന്നടിയുന്നതും മിറാഷ് 200 യുദ്ധ വിമാനങ്ങള്‍ക്ക് പ്രായമേറുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശത്തുനിന്നും പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ 2007 ല്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിക്കുന്നത്.

അമേരിക്കയിലെ ലോക്ക്ഹീഡ് മാര്‍ടിന്‍, ബോയിങ്ങ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെന്‍, യുറോഫൈറ്റര്‍ ടൈഫൂണ്‍, ഫ്രാന്‍സിലെ ദാസ്സൂദ് റാഫേല്‍ തുടങ്ങിയ കമ്പനികള്‍ ടെന്‍ഡര്‍ നല്‍കുകയും ദാസ്സൂദ് റാഫേലിന് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

കരാര്‍ പ്രകാരം രണ്ട് എഞ്ചിനുള്ള വിവിധോദ്ദേശ്യ യുദ്ധ വിമാനങ്ങളാണ് ഫ്രഞ്ച് കമ്പനിയായ ദാസ്സുദ് ഏവിയേഷന്‍ റാഫേല്‍ വിമാനങ്ങള്‍ എന്ന പേരില്‍ ഇന്ത്യക്ക് കൈമാറുക. ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഈ വിമാനങ്ങള്‍ക്കുണ്ട്. 2012 ലാണ് ഫ്രഞ്ച് കമ്പനിയുമായി കരാര്‍ ഒപ്പുവെക്കുന്നത്. ഇതനുസരിച്ച് 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മിച്ച് നല്‍കും. ബാക്കി 108 വിമാനങ്ങള്‍ ബംഗ്‌ളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്ക്‌സ് ലിമിറ്റഡുമായി(എച്ച്.എ.എൽ) ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ചു നല്‍കും. വിമാന നിര്‍മാണത്തിന്‍റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും കരാര്‍ പ്രകാരം ധാരണയുണ്ടായിരുന്നു.

ഏകദേശം 54000 കോടി രൂപയുടേതായിരുന്നു കരാര്‍. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാര്‍ച്ചില്‍ ദാസ്സൂദും എച്ച്.എ.എല്ലും വര്‍ക്ക് ഷെയര്‍ കരാറും ഒപ്പിട്ടു. 2014 ല്‍ രാജ്യത്ത് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരികയും 2015 ഏപ്രില്‍ 10 ന് മോദി പാരീസ് സന്ദര്‍ശിക്കുകയും ചെയ്യുന്നതോടെയാണ് കാര്യങ്ങള്‍ തകിടം മറിയുന്നത്. അതുവരെയും യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ഒപ്പുവെച്ച കരാര്‍ നിലനില്‍ക്കുന്നുവെന്നാണ് ഇരു കക്ഷികളും വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ 2016 സെപ്തംബര്‍ 23 ന് മോദിയുടെ നേതൃത്തിലുള്ള ബിജെപി സര്‍ക്കാര്‍ പുതിയ കരാര്‍ ഒപ്പുവെച്ചു.
യു.പി.ഐയുടേ കാലത്ത് ഒപ്പിട്ട കരാറിനേക്കാളും കുറഞ്ഞ വിലയ്ക്കാണ് കരാര്‍ ഒപ്പിട്ടതെന്നാണ് വ്യോമസേനാ മേധാവി അറിയിച്ചത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും ഇതാവര്‍ത്തിച്ചു. 29000 കോടി രൂപക്കാണ് കരാര്‍ ഒപ്പിട്ടതെന്നാണ് പ്രതിരോധ കേന്ദ്രങ്ങള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ യെവ്‌സ് ലെ ബ്രെയാന്‍ ഇന്ത്യയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തിതോടെയാണ്‌ കരാര്‍ തുക 59000 കോടി രൂപയാണെന്നും യു.പി.എ സര്‍ക്കാറിന്‍റെ കാലത്തേക്കാളും 30,000 കോടിരൂപ അധികമാണ് 36 വിമാനത്തിന് നല്‍കുന്നതെന്നും പുറം ലോകം അറിയുന്നത്. യു.പി.എ കാലത്തെ കരാര്‍ അനുസരിച്ച് ഒരു വിമാനത്തിന് ശരാശരി 525 കോടി രൂപയാണ് വിലയെങ്കില്‍ പുതിയ കരാര്‍ പ്രകാരം 1600 കോടി മുതല്‍ 1700 കോടി രൂപവരെയാണ് വില.

ഏകദേശം മൂന്നിരട്ടി വിലയ്ക്കാണ് പുതിയ കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. ഇത്രയും വലിയ വില നല്‍കുമ്പോഴും മുന്‍ കരാറിലുണ്ടായിരുന്ന വിമാന നിര്‍മാണത്തിന്‍റെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന വസ്തുതയും കണക്കിലെടുത്താല്‍ രാജ്യത്തിന് വരുന്ന ഭീമമായ നഷ്ടം മനസ്സിലാവും. 126 വിമാനങ്ങള്‍ ഇന്ത്യക്കു നല്‍കുന്ന കരാറിന്‍റെ 95 ശതമാനവും പൂര്‍ത്തിയായ ഘട്ടത്തില്‍ പുതിയ കരാര്‍ ഒപ്പു വെക്കുന്നതിന് മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ജ്യസ്‌നേഹമോ വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിപ്പിക്കലോ അല്ലെന്ന് ഫ്രഞ്ച് സന്ദര്‍ശന വേളയില്‍ മോദിയെ അനുഗമിച്ചവരുടെ പട്ടിക മ്പഓദ്രിഇശോധിച്ചാല്‍ വ്യക്തമാകും. പ്രതിരോധ മേഖലയില്‍ വിദേശനിക്ഷേപം തുടങ്ങിയ സമയത്ത് വന്‍ കരാറുകള്‍ ലക്ഷ്യമിട്ട് രൂപീകരിച്ച റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിന്‍റെ ഉടമ അനില്‍ അംബാനിയുടെ പേരാണ് അതില്‍ പ്രധാനം.

പുതിയ കരാര്‍ പ്രകാരം കരാര്‍ തുകയുടെ പകുതിയോളം വരുന്ന നിര്‍മാണ പ്രവൃത്തികള്‍ (30000 കോടി രൂപയോളം വരുന്ന തുകയുടെ) ചെയ്യുന്നത് ദാസ്സുദ് ഏവിയേഷന്‍സും റിലയന്‍സ് ഏയ്‌റോസ്‌പേസും ചേര്‍ന്ന് ആരംഭിച്ച സംയുക്ത സംരംഭമാണ്. ദാസ്സൂദിന്റെ എച്ച്.എ.എല്ലുമായുള്ള കരാര്‍ അവസാനിപ്പിച്ച് തന്‍റെ കമ്പനിയുമായി ഇടപാടുണ്ടാക്കുന്നതിന് ചരടുവലികള്‍ നടത്താനാണ് അനില്‍ അംബാനി മോദിയുമൊത്ത് പാരീസിലെത്തിയത്. അതായത് അനില്‍ അംബാനിക്കും അയാളുടെ കമ്പനിക്ക് കൊള്ളലാഭം നേടിക്കൊടുക്കാനും വേണ്ടിയാണ് മോദി മുന്‍ കരാര്‍ ഉപേക്ഷിച്ച് പുതിയ കരാറില്‍ ഒപ്പുവെച്ചത് എന്ന് ചുരുക്കം.

പുതിയ കരാര്‍ ഒപ്പു വെച്ച് കൃത്യം പത്ത് ദിവസത്തിന് ശേഷമാണ് ദാസ്സുദ് ഏവിയേഷന്‍സും റിലയന്‍സ് ഏയ്‌റോസ്‌പേസും ചേര്‍ന്ന് സംയുക്ത സംരഭത്തിന് തുടക്കം കുറിക്കുന്നത്. വിമാന നിര്‍മാണ മേഖലയില്‍ എഴുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ പുകച്ച് പുറത്ത് ചാടിച്ചാണ് അടുത്തയിടെമാത്രം പൊട്ടിമുളച്ച, എയ്‌റോസ്‌പേസ് രംഗത്ത് ഒരു മുന്‍ പരിചയവുമില്ലാത്ത അംബാനിയുടെ കമ്പനി ദാസ്സുദ് ഏവിയേഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക കരാറില്‍ നിന്ന് മാറി പുതിയ കരാറില്‍ എത്തിയതോടെ രാജ്യത്തിന് ലഭിച്ചതാകട്ടെ വിമാനവിലയിലെ മൂന്നിരട്ടി വര്‍ധനയും.

യുദ്ധകൊതിയുടെയും അപരവല്‍കരണത്തിന്‍റെയും പുതിയ പുരാണങ്ങള്‍

റാഫേല്‍ ഇടപാടില്‍ നടന്ന വലിയ അട്ടിമറിയും അത് രാജ്യത്തിന് വരുത്തി വെച്ച ഭീമമായ നഷ്ടവും ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തിലാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ പങ്ക് അന്വേഷിച്ചാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സത്യം പുറത്തുവരുമെന്ന് പറഞ്ഞ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയുടെ പ്രസ്താവന ചില സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. വലിയ രീതിയിലുള്ള സുരക്ഷ വീഴ്ച പുല്‍വാമയില്‍ സംഭവിച്ചു എന്ന് തന്നെ സമ്മതിക്കേണ്ടി വരും. പുല്‍വാമയില്‍ ആക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ഇന്ത്യ തിരിച്ചടിച്ചു. ആക്രമണവും പ്രത്യാക്രമണവും അന്ന് വരെ നടന്നിരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു.

സി.എന്‍.എന്‍, ഐ.ബി.എന്‍, ഫസ്റ്റ് പോസ്റ്റ്, ഐ.ബി.എന്‍ ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് തുടങ്ങിയവ ഉള്‍പ്പെടുന്ന നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പും മറ്റു മാധ്യമങ്ങളില്‍ വലിയ സ്വാധീനം ചെലുത്താനുള്ള ശേഷിയും ഉണ്ടാണ്ടായിട്ടു പോലും തടിയൂരാന്‍ കഴിയാതെ പോയ വിവാദങ്ങളുടെ ചുഴിയില്‍ നിന്നാണ് പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് മോദി അമിത് ഷാ അംബാനി കൂട്ടുകെട്ടിനു കുറച്ച് നാളത്തേക്കെങ്കിലും ദേശീയതയിലേക്ക് ജനശ്രദ്ധ തിരിച്ച് വിടാൻ സാധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *