കോഴിക്കോട്:
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം (സ്വീപ്പ്) 2019 ന്റെ ഭാഗമായി നടത്തിയ സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നവീന്‍.ബി.ചൗള, ‘നോ വോട്ടര്‍ ലെഫ്റ്റ് ബിഹൈന്‍ഡ്’ എന്ന വിഷയത്തില്‍ മൂഖ്യപ്രഭാഷണം നടത്തി. ഒരോ വ്യക്തിയുടെയും വോട്ടും പ്രാധാന്യമുള്ളതാണെന്നും അത് പാഴാക്കരുതെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉദ്യോഗസ്ഥരെ അറിയിക്കണം. ആളാരെന്ന് വെളിപ്പെടുത്താതെ ഇക്കാര്യം പുറത്തറിയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണവും സ്വാധീനവും വ്യാജവാര്‍ത്തകളും ഉപയോഗിച്ച് പലരും ഭരണത്തിലെത്തുന്നുണ്ട്. വോട്ടുകള്‍ പൂര്‍ണ്ണമായും ലഭിക്കാന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കംപ്യൂട്ടര്‍ ഓപറേറ്റഡ് സമ്പ്രദായത്തിലേക്ക് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ‘നോട്ട’ (നണ്‍ ഓഫ് ദി എബൗ)ക്ക് കൂടുതല്‍ വോട്ടുലഭിച്ചാല്‍ രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ത്ഥിയെ വിജയി ആയി പ്രഖ്യാപിക്കുന്നതിലെ യുക്തിയെക്കുറിച്ച് വിദ്യാര്‍ത്ഥിനി ചോദിച്ച ചോദ്യം വരാനിരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്റെ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ടീം രൂപീകരിച്ച് കൂടുതല്‍ പഠനം നടത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓട്ടിസം, ബുദ്ധിമാന്ദ്യം പോലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം പരിശോധിക്കാന്‍ മുന്‍കൈ എടുക്കും. ഒരുദിവസം മാത്രമാണ് നിലവില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമുള്ളത്. അസുഖമോ മറ്റ് അത്യാവശ്യ സാഹചര്യങ്ങളോ ഉള്ള ആളുകളുടെ വോട്ട് നഷ്ടമാവാതിരിക്കാന്‍ പോസ്റ്റല്‍ വോട്ടുകള്‍ ഗുണപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്സിറ്റി ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ ജില്ലാ ഭരണകൂടവും കാലിക്കറ്റ് യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കലക്ടര്‍ സാംബശിവ റാവു, പ്രോ വൈസ് ചാന്‍സലര്‍ പി.മോഹന്‍, ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദര്‍, രജിസ്ട്രാര്‍ ഡോ.ടി.എ അബ്ദുള്‍ മജീദ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ.എന്‍.സെബാസ്റ്റ്യന്‍, അധ്യാപകര്‍ ,റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.