കോട്ടയം:
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഴിമതിയ്ക്കും, കെടുകാര്യസ്ഥതയ്ക്കും, സ്വജനപക്ഷപാതത്തിനും എതിരെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ നടത്തിവരുന്ന പഠിപ്പു മുടക്കിയുള്ള സമരം നാലാം ദിവസത്തിലേക്കു കടന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ മുറി ഉപരോധിക്കുന്നത് വിദ്യാർത്ഥികൾ ഇന്നും തുടരും. എന്നാൽ ഓഫീസ് നിർവ്വഹണം തടസപ്പെടുത്തില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. അതേസമയം, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ, സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിനിധികളുമായി തന്റെ ചേംബറിൽ വൈകിട്ട് ആറു മണിക്ക് അനുരഞ്ജന ചർച്ച നടത്തും. എന്നാൽ അഴിമതി ആരോപണം നേരിടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ തൽസ്ഥാനത്തു നിന്നും ഉടനെ മാറ്റുക എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കും എന്നു വിദ്യാർത്ഥികൾ പറഞ്ഞു. അഞ്ചാം വർഷത്തിലേക്കു നീളുന്ന, മൂന്നാം വർഷ വിദ്യാർത്ഥികളുടെ ഡിപ്ലോമ ചിത്രം അങ്ങേയറ്റം നിരുത്തരവാദപരമായി കൈകാര്യം ചെയ്തതിനെതിരായാണ് സമരം തുടങ്ങിയത്.
സമരത്തിന്റെ നാലാം ദിവസവും മുഖം തിരിച്ച് ഒളിച്ചു നടക്കുന്ന ഡയറക്ടറുടെ മനോഭാവം അവസാനിപ്പിച്ചു ശക്തമായ നടപടി കൈക്കൊള്ളാനും, വിജിലൻസ് അന്വേഷണം നടത്തി ക്യാമ്പസിൽ നിലനിൽക്കുന്ന അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും പുറത്തു കൊണ്ടുവരണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
കഴിഞ്ഞ ദിവസം, സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഡയറക്ടറെ മാറ്റി, പകരം കാര്യക്ഷമതയുള്ള മുഴുവൻ സമയ ഡയറക്ടറെ നിയമിക്കുന്നു എന്ന് ആഹ്വാനം ചെയ്ത് പ്രതീകാത്മകമായി പുതിയ ഡയറക്ടറുടെ കോലം ക്യാമ്പസ്സിൽ പ്രതിഷ്ഠിച്ചിരുന്നു.