Mon. Dec 23rd, 2024
ന്യൂഡൽഹി:

2019 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഹ്യുണ്ടായിയുടെ ചെറു ഹാച്ച്ബാക്കായ “സാൻട്രോ” ഇടം പിടിച്ചു. 86 ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ അടങ്ങിയ ഇന്റര്‍നാഷണല്‍ ജൂറിയാണ് ഫൈനലിസ്റ്റുകളെയെല്ലാം തിരഞ്ഞെടുത്തത്. മാര്‍ച്ചില്‍ നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ ഈ പട്ടിക വീണ്ടും വെട്ടിച്ചുരുക്കി മൂന്ന് മോഡലുകളാക്കി പുതുക്കി നിശ്ചയിക്കും. ഏപ്രിലില്‍ 17-ന് അമേരിക്കയില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ജേതാക്കളെ പ്രഖ്യാപിക്കും.

സാന്‍ട്രോയ്ക്ക് പുറമേ ഔഡി A1, കിയ സോള്‍, സിയറ്റ് അരോന, സുസുക്കി ജിംനി എന്നീ മോഡലുകളാണ് അര്‍ബന്‍ കാര്‍ കാറ്റഗറിയിലെ മറ്റ് ഫൈനലിസ്റ്റുകള്‍. 1998 ലാണ് ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ വാഹനത്തിന്‍റെ നിര്‍മ്മാണം, 2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. അതോടെ ഇന്ത്യയിൽ ഹ്യുണ്ടായിയുടെ കാർ വ്യാപാരത്തിന് വൻ ഇടിവ് വന്നിരുന്നു.

സാൻട്രോയുടെ ഇന്ത്യൻ വിപണി മൂല്യം തിരിച്ചറിഞ്ഞ ഹ്യുണ്ടായി, 2018 ഒക്ടോബര്‍ 23 -നു പരിഷ്കരിച്ച രണ്ടാം തലമുറ സാന്‍ട്രോ, വിപണിയില്‍ വീണ്ടും എത്തിച്ചു. ഒരു മാസത്തിനുള്ളിൽ 35,000 ബുക്കിംഗ് ആണ് സാന്‍ട്രോ നേടിയത്. അവതരണത്തിനു മുമ്പേ 15,000 ബുക്കിങ്ങുകളും സ്വന്തമാക്കിയ സാന്‍ട്രോ അരങ്ങേറ്റം കുറിച്ച് രണ്ടു മാസത്തിനകം തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. ആവശ്യക്കാരുടെ എണ്ണം ഉത്‌പാദന ശേഷിക്കും മുകളില്‍ ആയപ്പോൾ ഒരവസരത്തിൽ സാൻട്രോ ബുക്കിംഗ് നിർത്തി വെച്ചിരുന്നു.

രൂപത്തില്‍ ഗ്രാന്റ് ഐ10 നോടാണ് പുതിയ സാന്‍ട്രോയുടെ സാമ്യമെന്ന് പറയാമെങ്കിലും മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഗ്രില്ലിന് ഇരുവശത്തുമുള്ള ഫോഗ് ലാമ്പുകള്‍ പുതുമയാണ്. ടെയില്‍ലാമ്പുകളും ബമ്പറും കമ്പനി പരിഷ്‌കരിച്ചു. ക്രോം അലങ്കാരമുള്ള കറുത്ത ഗ്രില്ല് പുത്തന്‍ കസ്‌കേഡിംഗ് ശൈലിയാണ്. ബമ്പറിന്റെ ഭൂരിഭാഗവും ഗ്രില്ല് കൈയ്യടക്കുന്നു. പിറകിലും വലിയ വിന്‍ഡ്ഷീല്‍ഡാണ് ഹാച്ച്ബാക്കിന്.

സ്വെപ്റ്റ്ബാക്ക് ശൈലിയാണ് ഹെഡ്‌ലാമ്പുകള്‍ക്ക്. പിറകിലേക്കു വലിഞ്ഞുനീണ്ട കൂര്‍ത്ത ഹെഡ്‌ലാമ്പുകള്‍ സാന്‍ട്രോയുടെ മുഖച്ഛായ തന്നെ മാറ്റി. വശങ്ങളില്‍ ടോള്‍ ബോയ് ഘടന പിന്തുടരാനുള്ള എല്ലാ ശ്രമങ്ങളും കാണാം. വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ 14 ഇഞ്ച് ടയറുകളാണ് ഇടംപിടിക്കുന്നത്. ഇരുവശത്തും കയറിയിറങ്ങിയുള്ള വിന്‍ഡോലൈന്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്. വലിപ്പവും വീതിയുമുള്ളവയാണ്‌ വിന്‍ഡോകള്‍ക്ക്. അകത്തള വിശാലത പുറമെനിന്നേ അനുഭവപ്പെടും. ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ഘടനകളും ഒരുങ്ങുന്നുണ്ട്. പിന്‍ വൈപ്പര്‍, ഹൈ സ്റ്റോപ് ലാമ്പ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം പിറകിലെ വിശേഷങ്ങളില്‍പ്പെടും. ഹാച്ച്ബാക്കിന്റെ പിന്‍ ഭാഗമാണ് ഒരുപരിധിവരെ പഴയ സാന്‍ട്രോയെ ഓര്‍മ്മിപ്പിക്കുന്നത്.

ഹ്യുണ്ടായിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന കാറുകളില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ ക്യാബിന്‍ തന്നെയാണ് സാന്‍ട്രോയിലും. കറുപ്പും ബീജും ഇടകലര്‍ന്ന ഇരട്ടനിറശൈലിയാണ് ക്യാബിന്. എ.സി വെന്റുകള്‍ക്കും ഗിയര്‍ ലിവറിനും സ്റ്റീയറിംഗ് വീലിനും ക്രോം ആവരണമുണ്ട്. സ്റ്റീയറിംഗ് വീലിലുള്ള ബട്ടണുകള്‍ മുഖേന ഓഡിയോ നിയന്ത്രിക്കാന്‍ കഴിയും. ബ്ലാക്ക്-ബീജ് ഡ്യുവല്‍ ടോണാണ് ഡാഷ് ബോര്‍ഡിലും. മിറര്‍ലിങ്ക്, വോയിസ് കമാന്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീനിന് പുറമെ സ്വിച്ചുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

ഫീച്ചറുകളുടെ ധാരാളിത്തം പുതിയ സാന്‍ട്രോയുടെ സവിശേഷതയാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വശങ്ങളിലായി വലിയ എ സി വെന്റുകളും, സെന്റര്‍ കണ്‍സോളില്‍ എ സി നോബുകള്‍, ഹസാഡസ് ലൈറ്റ് സ്വിച്ചും നല്‍കിയിരിക്കുന്നു. രണ്ട് അനലോഗ് മീറ്ററും ഒരു മള്‍ട്ടി ഇന്‍ഫോ ഡിസ്പ്ലേയും ഉള്‍പ്പെടുന്നതാണ് സാന്‍ട്രോയിലെ ഇന്‍സ്ട്രമെന്റ് ക്ലെസ്റ്റര്‍. ഹ്യുണ്ടായിയിലെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീലാണ് പുതിയ സാന്‍ട്രോയിലും കമ്പനി നല്‍കിയിരിക്കുന്നത്. ഇലക്ട്രോണിക്സ് പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, യു.എസ്.ബി പോര്‍ട്ടുകള്‍, വൈപ്പറുകള്‍ എന്നിവയെല്ലാം സാന്‍ട്രോയുടെ പ്രത്യേകതകളില്‍പ്പെടും.

1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനു ഉള്ളത്. ഈ എഞ്ചിന്‍ 5500 ആര്‍.പി.എമ്മില്‍ 69 ബി.എച്ച്.പി കരുത്തും, 4500 ആര്‍.പി.എമ്മില്‍ 99 എന്‍.എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ഡിലൈറ്റ്, എറ, മാഗ്ന, സ്‌പോര്‍ട്ട്‌സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളുള്ള സാന്‍ട്രോയ്ക്ക് 3.89 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന സ്‌പോര്‍ട്ട്‌സ് സി.എന്‍.ജിക്ക് 5.64 ലക്ഷവും.

Leave a Reply

Your email address will not be published. Required fields are marked *