തിരുവനന്തപുരം:
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച പുരുഷ, വനിതാ കായിക താരങ്ങള്‍ക്കുള്ള ജി.വി.രാജ പുരസ്‌കാരവും കായികപ്രതിഭകള്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ, കായിക, യുവജനകാര്യമന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ കായികപ്രതിഭകളെ അന്താരാഷ്ട്രതലത്തിലേക്കു വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
കളിസ്ഥലങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടുകഴിഞ്ഞു. എല്ലാ ജില്ലകളിലും ഉന്നതനിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേഡിയങ്ങള്‍ വന്നുകഴിഞ്ഞു. 54 ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തഘട്ടത്തിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയെടുക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കും. 167 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി. 248 പേര്‍ക്കുകൂടി നിയമനം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
അത്‌ലറ്റ് ജിന്‍സണ്‍ ജോസഫ് (ജി.വി.രാജ അവാര്‍ഡ്, പുരുഷവിഭാഗം), അത്‌ലറ്റ് നീന.വി (ജി.വി.രാജ അവാര്‍ഡ്, വനിതാവിഭാഗം), ബാഡ്മിന്റണ്‍ പരിശീലകനായ മുരളീധരന്‍ എസ്. (ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്), വോളിബോള്‍ കോച്ച് എസ്.മനോജ് (മികച്ച കായികപരിശീലകനുള്ള അവാര്‍ഡ്), ഡോ.മാത്യൂസ് ജേക്കബ്, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് (മികച്ച കോളേജ് കായികപരിശീലകനുള്ള അവാര്‍ഡ്) എന്നിവരാണ് അവാര്‍ഡുകള്‍ നേടിയത്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള പുരസ്‌കാരവും സ്‌പോര്‍ട്‌സ് അക്കാദമി സ്‌കൂള്‍തലത്തിലെ മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം കൊല്ലം ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ അബിഗേയില്‍ ആരോഗ്യനാഥനും കോളേജ് തലത്തിലുള്ള പുരസ്‌കാരം അസംപ്ഷന്‍ കോളേജിലെ ജിന്‍സി ജോണ്‍സണും മുഖ്യമന്ത്രിയില്‍നിന്ന് സ്വീകരിച്ചു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ജി.വി.രാജ അവാര്‍ഡ്.
2015ല്‍ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തവര്‍ക്കും വിജയിച്ചവര്‍ക്കുമുള്ള ക്യാഷ് അവര്‍ഡുകളും 17ാമത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത പരിശീലകര്‍ക്കുമുള്ള അവാര്‍ഡുകളും മന്ത്രി ഇ.പി.ജയരാജന്‍ വിതരണം ചെയ്തു.
സ്‌പോര്‍ടസ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, അര്‍ജുനഖേല്‍രത്‌ന അവാര്‍ഡ് ജേതാവ് കെ.എം.ബീനമോള്‍, എല്‍എന്‍സിപിഇ പ്രിന്‍സിപ്പാള്‍ ജി.കിഷോര്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.