Mon. Dec 23rd, 2024
#ദിനസരികള് 682

പാക് പത്രമായ ഡോണിന്റെ എഡിറ്റോറിയല്‍ പറയുന്നു:- “India and Pakistan should immediately cease hostilities; the international community should urgently intervene diplomatically; and at all costs, the war between India and Pakistan must be avoided. The military action taken by Pakistan was not an escalation, it was arguably a necessary and proportionate response after India bombed Pakistani territory a day earlier. India must resist initiating another round of military action and the world must counsel restraint to India. From here, the distance towards unthinkable conflict and destruction could be shorter than war strategists, planners and decision-makers in either country recognise.”

എന്തൊക്കെയാണെങ്കിലും, ഒരു കാരണവശാലും യുദ്ധത്തിലേക്ക് പോകരുത് എന്ന ആവശ്യത്തെ ഇരുരാജ്യങ്ങളും വലിയ ഗൌരവത്തോടെ പരിഗണിക്കേണ്ട സാഹചര്യമാണ്. ഒരു യുദ്ധം, ഇരുരാജ്യങ്ങളിലേയും ജനത ആഗ്രഹിക്കുന്ന ഒന്നല്ല. ഡോണ്‍ പറയുന്നതുപോലെ, ഒരു യുദ്ധം വിതയ്ക്കുന്ന കെടുതികള്‍ നമ്മുടെ എല്ലാ വിധ ഊഹങ്ങള്‍ക്കും അപ്പുറത്തായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ത്യയിലേക്ക് കടന്നു കയറി സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ജയ്ഷേ മൊഹമ്മദിനെ ഇന്ത്യന്‍ സൈന്യം ശിക്ഷിച്ചു കഴിഞ്ഞു. അത്തരമൊരു ആക്രമണമുണ്ടാകാനുള്ള സാഹചര്യങ്ങളെക്കുറിച്ച് നമ്മുടെ രാജ്യത്ത് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ തിരിച്ചടി കൊടുക്കാനുള്ള സേനയുടെ നീക്കത്തെ നാം ശ്ലാഘിക്കുക തന്നെ വേണം. എന്നാല്‍ അതിനുമപ്പുറത്തേക്കു പോയി ഒരു യുദ്ധത്തിലേക്ക് കാര്യങ്ങളെത്താതിരിക്കാനുള്ള മുന്‍ കരുതലുകള്‍, ആധുനിക ജനസമൂഹം എന്ന നിലയിലും, പലതവണ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചവരെന്ന നിലയിലും നാം സ്വീകരിക്കേണ്ടതുണ്ട്. ആ നീക്കം ലോകത്തെ ജനതയുടെ സമാധാനപൂര്‍ണമായ ജീവിതത്തോട് ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ പ്രതിബദ്ധതയായി ലോകം വിലിയിരുത്തും.

പാകിസ്ഥാൻ പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഒരു യുദ്ധത്തിലേക്ക് പോകുകയാണെങ്കില്‍ പിന്നെ കാര്യങ്ങള്‍ തന്റെയോ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയോ കയ്യില്‍ നില്ക്കില്ല എന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത് വലിയ പ്രാധാന്യത്തോടെ നാം വിലയിരുത്തണം. ഇന്ത്യയെ സംബന്ധിച്ച്, നാളിതുവരെ സൈന്യത്തിനു മുകളില്‍ സര്‍ക്കാരിനു പൂര്‍ണ നിയന്ത്രണമുണ്ട്. എന്നാല്‍, പാക്കിസ്ഥാന്റെ കാര്യം അങ്ങനെയല്ല. പട്ടാളം, പലതവണ അട്ടിമറിയിലൂടെ പാകിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അതു കൂടി മനസ്സില്‍ വെച്ചുകൊണ്ടായിരിക്കണം പ്രധാനമന്ത്രി ഖാന്‍ ഇത്തരമൊരു അഭിപ്രായം രാജ്യത്തെ അഭിവാദ്യം ചെയ്യുന്ന സന്ദര്‍ഭത്തില്‍ത്തന്നെ രേഖപ്പെടുത്തിയത്. (ഇമ്രാന്‍ ഖാന്റെ പ്രസംഗത്തില്‍ നിന്ന്:- “I ask India: with the weapons you have and the weapons we have, can we really afford such a miscalculation? If this escalates, things will no longer be in my control or in Modi’s,” the prime minister continued. “I once again invite you: we are ready. We understand the grief India has suffered in Pulwama and are ready for any sort of dialogue on terrorism. I reiterate that better sense should prevail.
“Let’s sit together and settle this with talks,” the prime minister concluded.)

സംഘര്‍ഷം മൂര്‍ച്ഛിക്കുകയും, യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടക്കുകയും ചെയ്താല്‍, പാക്കിസ്ഥാന്റെ നിയന്ത്രണം, സൈന്യത്തിന്റെ കൈകളിലേക്കെത്തുമെന്ന ചിന്ത അദ്ദേഹത്തെ അലോസരപ്പെടുത്തുന്നുണ്ടാകും. ആണവരാജ്യമെന്ന നിലയില്‍ പിന്നീട് എന്തു സംഭവിക്കുമെന്നത് അപ്രവചനീയമായിരിക്കും. ഒരു യുദ്ധത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചു പോരാടുന്നവര്‍ ഏതുവഴിയിലൂടെയും മേധാവിത്തമുണ്ടാക്കാനായിരിക്കും ശ്രമിക്കുക.യാതൊരുവിധത്തിലുള്ള ധാര്‍മികതയും പാലിക്കപ്പെടാതെയുള്ള ആക്രമണങ്ങളുണ്ടാകും. ഇരുരാജ്യങ്ങളേയും തകര്‍‌ത്തുകളയാന്‍ അതു ധാരാളം മതിയാകും.

ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍, സൈനികനീക്കത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ രംഗത്തു വന്നിരിക്കുന്നുവെന്നതുകൂടി പരിഗണിക്കുക. 2019 ല്‍ നടക്കുന്ന ഇലക്ഷനില്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.പിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം ഉപയോഗിക്കുമെന്ന അവരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് വിശ്വസിക്കുന്ന ഒരു വലിയ ജനസമൂഹം ഇന്ത്യയിലുണ്ട്. ഇപ്പോള്‍ത്തന്നെ, ഇലക്ഷന്‍ പ്രചാരണങ്ങളിൽ പ്രധാനമന്ത്രിതന്നെ നേരിട്ടു പ്രസംഗിക്കുന്ന സാഹചര്യമുണ്ടായിക്കഴിഞ്ഞു. ഇന്ത്യ ഭീകരവാദികള്‍ക്ക് മാതൃകാപരമായ മറുപടി നല്കിക്കഴിഞ്ഞു.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആക്രമണോത്സുകമായ പ്രതികരണങ്ങളല്ല വന്നിരിക്കുന്നതെങ്കിലും, അവരുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യ നടത്തിയ നീക്കത്തെ സ്വാഭാവികമായ ഒന്നായി കണക്കാക്കുകയില്ലല്ലോ. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ അതിര്‍ത്തി ഭേദിക്കാനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന കാര്യവും സുനിശ്ചിതമാണ്. പട്ടാളത്തിനും, രാജ്യത്തിലെ രാഷ്ടീയ നേതൃത്വത്തിനും അന്നാട്ടിലെ ജനതയുടെ വിശ്വാസം നേടിയെടുക്കുകയെന്നതിനുള്ള ശ്രമമായി, അക്കാര്യം ഇന്ത്യ മനസ്സിലാക്കിക്കൊണ്ട് സംയമനത്തോടെയുള്ള മറുപടികളാണ് നല്കേണ്ടത്.

അതോടൊപ്പം, ചര്‍ച്ച തുടരണം എന്ന പാക് പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ ഇന്ത്യ സ്വാഗതം ചെയ്യണം. യുദ്ധമല്ല ലക്ഷ്യമെങ്കില്‍, നാം ചെയ്യാനുള്ളതു ചെയ്തു കഴിഞ്ഞു. ഇനി ചര്‍ച്ചകള്‍ക്കുള്ള വേദി തുറക്കുകയാണ് വേണ്ടത്. പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള നമ്മുടെ വൈമാനികൻ അഭിനന്ദന്റെ മോചനവും, ആ ചര്‍ച്ച വഴി ഉറപ്പാക്കിയെടുക്കാന്‍‌ നമുക്കു കഴിയും. സമാധാനമെന്നത് ഇന്ത്യക്ക് കേവലമായ ഒരാശയം മാത്രമല്ല, നടപ്പിലാക്കുവാനുള്ള പ്രതിബദ്ധതയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും അതുവഴി മറ്റു മുഴുവന്‍ രാജ്യങ്ങളുടേയും പിന്തുണ നേടിയെടുക്കാനും സാധിക്കും. അത്തരമൊരു തീരുമാനം കൈക്കൊള്ളാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി നമ്മുടെ നേതൃത്വം പ്രകടിപ്പിക്കുകയാണ് ഇനി വേണ്ടത്. നാം അതു പ്രകടിപ്പിക്കുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *