ദമ്മാം:
സൗദിയിലെ കൾച്ചറൽ ആന്റ് ആർട്സ് അസോസിയേഷനും, കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള മാർച്ച് 21 മുതൽ 26 വരെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ നടക്കും.
2008 ൽ ആണ് സൗദിയിൽ ആദ്യമായി ഒരു ചലച്ചിത്ര മേള സംഘടിപ്പിച്ചത്. ഇത് അഞ്ചാം തവണയാണ് സൗദിയിൽ ചലച്ചിത്ര മേള അരങ്ങേറുന്നത്. അഞ്ചാമത് സൗദി ചലച്ചിത്ര മേളയിൽ 340 ചിത്രങ്ങൾ മത്സരത്തിനെത്തും. കഴിഞ്ഞ ചിലച്ചിത്ര മേളയേക്കാൾ 60 ശതമാനത്തിലധികം ചിത്രങ്ങളാണ് ഇത്തവണ കാഴ്ചക്കാരിലേക്കെത്തുന്നത്. 186 ഓളം ചെറു സിനിമകളും കുട്ടികൾക്കായി 154 ആനിമേഷൻ സിനിമകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചലച്ചിത്ര സംബന്ധമായ 10 സെമിനാറുകൾ, 10 ശിൽപശാലകൾ എന്നിവ മേളയുടെ ഭാഗമായി അരങ്ങേറും. മേളയിൽ പ്രദർശിപ്പിക്കുന്ന ഓരോ ചിത്രത്തെക്കുറിച്ചും ഓപ്പൺ ഫോറവും ഒരുക്കും. തിരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ മാത്രമാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുക.
കുട്ടികളുടെ വിഭാഗം, ഡോക്യുമെന്ററി, സാമൂഹ്യ പ്രതിബദ്ധത, തുടങ്ങി വിവിധ ഗ്രൂപ്പുകളിൽ ചിത്രങ്ങൾക്ക് മത്സസരങ്ങൾ ഉണ്ടാകും. ഏറ്റവും നല്ല കഥയ്ക്കും, തിരക്കഥയ്ക്കും, ഛായാഗ്രാഹകനും, എഡിറ്റിംഗിനുമൊക്കെ സമ്മാനങ്ങൾ നൽകും. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് സ്വർണ്ണപ്പനയുടെ രൂപവും, ഫലകവും, കാഷ് അവാർഡുകളും ലഭിക്കും.
ലബനോൻ സംവിധായകൻ ആൻറണി ഖലിഫ, ഈജിപ്തിലെ ഫിലിം മേക്കർ നസറുല്ല, മൊറോക്കൻ സംവിധായകൻ ഹഖീം ബെൻ അബ്ബാസ്, സൗദി സംവിധായിക ഹന അൽ ഉമൈർ എന്നിവരാണ് ജൂറി അംഗങ്ങൾ.
ഏറെ ആശങ്കകളോടെ 2008 ൽ ആരംഭിച്ച സൗദി ചലച്ചിത്രമേള അഞ്ചാം സീസണിൽ എത്തി നിൽക്കുമ്പോൾ അഭൂത പൂർവമായ വളർച്ചയാണ് കൈവന്നിരിക്കുന്നതെന്നു മേളയുടെ ഡയറക്ടർ അഹമദ് അൽമുല്ല പറഞ്ഞു. സൗദിയുടെ മാറുന്ന സാഹചര്യങ്ങളെ വ്യക്തമാക്കുന്നതാണ് ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.