കുവൈറ്റ്:
കുവൈറ്റിന്റെ 58ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 147 തടവുകാരെ ജയിലിൽ നിന്നും വിട്ടയച്ചു. കുവൈറ്റിന്റെ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
കുവൈറ്റിന്റെ അമ്പത്തിയെട്ടാമത് ദേശീയ ദിനവും ഇരുപത്തിയെട്ടാമത് വിമോചന ദിനവുമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്.
തടവുകാരെ മോചിപ്പിച്ചതിനു പുറമെ 545 തടവുകാർക്ക് ശിക്ഷകാലാവധി കുറച്ചുകൊടുക്കുകയും നാടുകടത്താൻ വിധിക്കപ്പെട്ട 87 പേർക്ക് അത് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. 1096 പേരുടെ പിഴശിക്ഷയും ഒഴിവാക്കി കൊടുത്തു. ജയില്‍ മോചിതരാവുന്നവരില്‍ 47 സ്വദേശികളുമുണ്ട്. ശിക്ഷാ ഇളവ് ലഭിക്കുന്നവരിലും 148 പേര് സ്വദേശികളാണ്. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് ശിക്ഷയിൽ ഇളവ് നൽകിയില്ല.
കുവൈറ്റ് ദേശീയ ദിനത്തോടനുബന്ധിച്ചു കടല്‍ത്തീരത്തുള്ള അറേബ്യന്‍ ഗള്‍ഫ് റോഡിലും കുവൈറ്റ് ടവറിനു സമീപം നടന്ന ആഘോഷങ്ങളില്‍ വിദേശികള്‍ അടക്കം ആയിരങ്ങളാണ് പങ്കെടുത്തത്.