Wed. Jan 22nd, 2025

ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍, അന്വേഷണവുമായി സഹകരിക്കാത്തതിനു, മുന്‍ ശ്രീലങ്കന്‍ നായകനും, സ്റ്റാർ ബാറ്റ്സ് മാനുമായിരുന്ന സനത് ജയസൂര്യയ്ക്കു ഐ.സി.സിയുടെ വിലക്ക്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതിയാണ്, മുന്‍ താരത്തെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്. 2021 വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും ജയസൂര്യയ്ക്കു സഹകരിക്കാനാവില്ല.

ജയസൂര്യയ്ക്കെതിരെ, കഴിഞ്ഞ ഒക്‌ടോബറില്‍, അഴിമതി വിരുദ്ധ സമിതി രണ്ടു കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
2016 ൽ ഗോളിലെ ക്രിക്കറ്റ് പിച്ച് ക്യൂറേറ്റർ ജയാനന്ദ വർണവീരയ്ക്കെതിരെ അന്വേഷണം നടത്തുന്ന എ.സി.യു, ജയസൂര്യയെ സമീപിച്ചെങ്കിലും താരം സഹകരിച്ചില്ല. തുടർന്നാണ്, തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന കുറ്റം ജയസൂര്യയിൽ ചുമത്തിയത്.

ജയസൂര്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മനപ്പൂര്‍വം അന്വേഷണം വൈകിപ്പിക്കുകയും, തടസ്സപ്പെടുത്തുകയും ചെയ്യുന്നു എന്നുമായിരുന്നു അഴിമതി വിരുദ്ധ സമിതിയുടെ കണ്ടെത്തല്‍. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ജയസൂര്യ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഒരു തരത്തിലുമുള്ള അഴിമതികളിലും തനിക്ക് ബന്ധമില്ലെന്ന്, ഇതിനു പിന്നാലെ മുന്‍ താരം പ്രസ്‌താവന ഇറക്കിയിരുന്നു.

1996 ലോകകപ്പിൽ അർജുന രണതുംഗെയാണു ശ്രീലങ്കയെ നയിച്ചതെങ്കിലും, ആ നേട്ടത്തിന്റെ മുഖ്യ ശിൽപി സനത് ജയസൂര്യ എന്ന ഇടതുകൈയൻ ഓൾറൗണ്ടറായിരുന്നു. മഹീന്ദ രജപക്ഷെയുടെ യൂണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് പാർട്ടിയിലൂടെ വൻഭൂരിപക്ഷത്തിൽ പാർലമെന്റിലെത്തി ശ്രീലങ്കൻ മന്ത്രി സഭയിലും അംഗമായിരുന്നു ജയസൂര്യ.

Leave a Reply

Your email address will not be published. Required fields are marked *