Mon. Dec 23rd, 2024
വത്തിക്കാൻ:

മാർപാപ്പയുടെ സാമ്പത്തിക ഉപദേഷ്ടാവും ഓസ്‌ട്രേലിയയിൽ ആർച്ചു ബിഷപ്പുമായിരുന്ന കർദ്ദിനാൾ ജോർജ്ജ് പെൽ ബാലപീഡനക്കേസിൽ കുറ്റക്കാരനാണെന്നു മെൽബൺ കോടതി കണ്ടെത്തി. കഴിഞ്ഞ നവംബർ മാസം ആയിരുന്നു കോടതി വിചാരണ നടപടികൾ തുടങ്ങിയത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കു വിലക്കുണ്ടായിരുന്നു. അഞ്ചു ആഴ്ച നടന്ന രഹസ്യ വിചാരണക്കൊടുവിലാണ് കർദ്ദിനാൾ പെൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടുള്ളത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഏറ്റവും ഉയർന്ന പദവിയിലുള്ള കത്തോലിക്കാ ബിഷപ്പാണ് ജോർജ് പെൽ. മാർപ്പാപ്പയുടെ എട്ടു കർദ്ദിനാളന്മാർ മാത്രം ഉൾപ്പെടുന്ന ഉന്നതാധികാര സമിതിയിലെ അംഗവുമായിരുന്നു കർദ്ദിനാൾ പെൽ. ലൈംഗിക ആരോപണങ്ങൾക്ക് വിചാരണ നേരിടുന്നതിന് മുന്നോടിയായി കഴിഞ്ഞ വർഷം ഈ സമിതിയിൽ നിന്നും അദ്ദേഹത്തെ മാർപാപ്പ പുറത്താക്കിയിരുന്നു.

കർദ്ദിനാൾ ജോർജ്ജ് പെൽ മെൽബണിലെ ആർച്ചു ബിഷപ്പായിരുന്ന 1996-97 കാലഘട്ടത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മെൽബണിലെ പ്രസിദ്ധമായ സെന്റ് പാട്രിക് കത്ത്രീഡലിൽ വെച്ച് ഗായകസംഘത്തിലെ 13 വയസ്സ് പ്രായമുള്ള രണ്ടു ബാലന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നതായിരുന്നു കേസ്. ഈ രണ്ടു ബാലന്മാർ കുർബാനയ്ക്കു ശേഷം പള്ളിയുടെ പുറകിലുള്ള സങ്കീർത്തി മുറിയിൽ നിന്നും കുർബാനയ്ക്കു ഉപയോഗിക്കുന്ന വീഞ്ഞ് മോഷ്ടിച്ച് കുടിക്കുമ്പോൾ യാദൃശ്ചികമായി അവിടെയെത്തിയ ബിഷപ്പ് അവരെ പിടികൂടുകയും ഭയപ്പെടുത്തി ബലമായി ലൈംഗിക പീഡനം നടത്തി എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. ഇവരിൽ ഒരാൾ ഇരുപതു വർഷങ്ങൾക്കു ശേഷമായിരുന്നു പോലീസിനോട് ഈ വെളിപ്പെടുത്തൽ നടത്തിയത്. കടുത്ത വിഷാദത്തിലും ഒറ്റപ്പെടലിലും നാണക്കേടിലും ആയിരുന്നതുകൊണ്ട് ഇതിനു മുന്നേ പരാതിപ്പെടാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയൻ നിയമം അനുസരിച്ചു ഇരയുടെ പേര് രഹസ്യമായി സൂക്ഷിക്കപ്പെടും. പീഡനത്തിനിരയായ മറ്റൊരു ബാലൻ മയക്കു മരുന്നിന്റെ അമിത ഉപയോഗം മൂലം മുന്നേ മരണപ്പെട്ടിരുന്നു.

1970 കളിലും കർദ്ദിനാൾ ജോർജ്ജ് പെൽ സമാനമായ ഒരു കേസിൽ കുടുങ്ങിയിരുന്നു. സ്വദേശമായ ബല്ലാരത് സിറ്റിയിലെ സ്വിമ്മിങ് പൂളിൽ വെച്ച് ആൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. പക്ഷെ ആ കേസ് പിൻ വലിക്കപ്പെട്ടു.

താൻ നിരപരാധിയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതും തനിക്കു ലൈംഗിക കാര്യങ്ങളിൽ താല്പര്യം ഇല്ലെന്നുമാണ് ബിഷപ്പ് കോടതിയിൽ പറഞ്ഞത്. ശിക്ഷാവിധിയ്ക്കെതിരെ ഉറപ്പായും അപ്പീൽ പോകുമെന്ന് പെല്ലിന്റെ അഭിഭാഷകർ അറിയിച്ചു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനായി മാർപാപ്പ വിളിച്ചുചേർത്ത നാല് ദിവസത്തെ വത്തിക്കാൻ ഉച്ചകോടി കഴിഞ്ഞ ആഴ്ചയായിരുന്നു നടന്നത്. അതിൽ ബാലലൈംഗികപീഡനം മനുഷ്യക്കുരുതിക്ക് തുല്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ നിലപാട് എടുത്തിരുന്നു. “സാത്താന്റെ ഉപകരണങ്ങളാകുന്ന പുരോഹിതരാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ഓരോ ആരോപണങ്ങളും ഏറ്റവും ഗൗരവത്തോടെ കൈകാര്യം ചെയ്യും. ആരോപണങ്ങൾ മൂടിവയ്ക്കുന്ന പ്രവണതയ്ക്ക് അവസാനമുണ്ടാക്കും. തെറ്റുചെയ്ത ഓരോരുത്തരേയും നിയമത്തിനുമുന്നിൽ കൊണ്ടുവരും. ഇക്കാര്യത്തിൽ പീഡകർ പറയുന്ന ന്യായീകരണങ്ങളൊന്നം തൃപ്തമല്ല. പിതാവിനെപ്പോലെയോ ആത്മീയനേതാവിനെപ്പോലെയോ സംരക്ഷിക്കേണ്ടവർ അധികാരവും ശക്തിയുമുപയോഗിച്ച് ഉപദ്രവിച്ച കുഞ്ഞുങ്ങളുടെ നിശ്ശബ്ദമായ കരച്ചിലുകളാണ് ഇവിടെ പ്രതിധ്വനിക്കുന്നത്. കൂടുതൽ ജാഗ്രതയോടെ ഈ കരച്ചിലിന് കാതോർക്കേണ്ടതും അവർക്ക് നീതി നീതി ലഭ്യമാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്” എന്നായിരുന്നു മാർപാപ്പ ഉച്ചകോടിയിൽ പ്രഖ്യാപിച്ചിത്. അതിനാൽ തന്നെ ഈ വിധി ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയിരുന്നത്. ഈ വിധിയിലുള്ള വത്തിക്കാന്റെ പ്രതികരണം ഇനിയും പുറത്തു വന്നിട്ടില്ല.

കർദ്ദിനാൾ മുതലുള്ള ഉന്നതപദവിയിലുള്ളവർക്കെതിരെയുള്ള ലൈംഗികാരോപണങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതും ചർച്ചയാകുന്നതും തെളിവുകളുടെ അടിസ്ഥാനത്തിൽ വിധിയുണ്ടാകുന്നതും ശുഭസൂചനയാണെന്നാണ് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *