Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പ്രസിദ്ധീകരിച്ചു. കേരള നിയമസഭയുടെ, സ്ത്രീകളുടേയും, കുട്ടികളുടേയും, ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരമാണ്, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചത്. രേഖയില്‍ സ്ഥാപനമേധാവികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്.

ഓഫീസ് മേധാവി ഉറപ്പുവരുത്തേണ്ട കാര്യങ്ങളില്‍ സുരക്ഷിതമായ പാസ്‌വേർഡ് പരിപാലനം, സേഫ് സേര്‍ച്ചിംഗ് മാര്‍ഗങ്ങള്‍ അവലംബിക്കല്‍, തടസം കൂടാതെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കല്‍, അധ്യാപകരുടെ നിരീക്ഷണത്തില്‍ മാത്രം കുട്ടികള്‍ സ്‌കൂള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കല്‍, ക്ലാസുകളിലും ലാബുകളിലും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും സൈബര്‍ സേഫ്റ്റി ഓഡിറ്റ് നടത്തണം.

അധ്യാപകര്‍ ക്ലാസില്‍ ഉപയോഗിക്കേണ്ട, ഐ.സി.ടി ബോധന സഹായികള്‍ മുന്‍കൂട്ടി തയ്യാറാക്കണം. കുട്ടികള്‍ക്ക് ഇന്റര്‍നെറ്റധിഷ്ഠിത പഠന പ്രോജക്ടുകള്‍ നല്‍കുമ്പോള്‍, മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തിയ സൈറ്റുകള്‍ മാത്രമേ നിര്‍ദ്ദേശിക്കാന്‍ പാടുള്ളൂ. ക്ലാസില്‍ ‘സമഗ്ര’ റിസോഴ്സ് പോര്‍ട്ടല്‍ വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കണം. സ്‌കൂളിലെ ഇന്റര്‍നെറ്റുപയോഗം, പഠനാവശ്യങ്ങള്‍ക്കും, ഔദ്യോഗിക ആവശ്യങ്ങള്‍ക്കും, മറ്റു പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തണം.

വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ടതായ പതിനൊന്നു കാര്യങ്ങളും പ്രോട്ടോക്കോളിലുണ്ട്. പൊതു ഇടങ്ങളിലെ കമ്പ്യൂട്ടറുകളില്‍ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും സൂക്ഷിക്കാതിരിക്കുക, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളില്‍ നിന്നുളള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവ അപരിചിതരെ ഏല്‍പിക്കാതിരിക്കുക, സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവെയ്ക്കാതിരിക്കുക, നെറ്റിലൂടെ സൗഹൃദം സ്ഥാപിക്കുന്ന അപരിചിതരെ നേരിട്ട് കാണാതിരിക്കുക, രക്ഷിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍, പാസ്‌വേർഡ് എന്നിവ ശേഖരിക്കാതിരിക്കുക, അവ കൈമാറ്റം ചെയ്യാതിരിക്കുക, ഓണ്‍ലൈന്‍ ഗെയിമുകളില്‍ വളരെ ശ്രദ്ധാപൂര്‍വം മാത്രം ഇടപെടുക തുടങ്ങിയവയാണവ.

നിലവില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐ.സി.ടി പാഠപുസ്തകത്തില്‍ സൈബര്‍ ക്രൈം, സൈബര്‍ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള കാര്യങ്ങള്‍ പ്രഥമാധ്യാപകര്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് പ്രോട്ടോക്കോളിലുണ്ട്. ഫിഷിംഗ്, സൈബര്‍ സ്റ്റാക്കിംഗ്, ഡീപ് ഫെയ്ക്സ്, ക്യാമറ ഹാക്കിംഗ് തുടങ്ങിയ കാര്യങ്ങളും, അശ്ലീല ചിത്രങ്ങള്‍ കൈമാറുന്ന സെക്സ്റ്റിംഗും ശ്രദ്ധിക്കേണ്ട ആവശ്യകത കുട്ടികളുടെ വിഭാഗത്തിലുണ്ട്. സൈബര്‍ നിയമവുമായി ബന്ധപ്പെട്ട് ട്രോളുകളും ചിത്രങ്ങളും വീഡിയോകളും കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കുട്ടികളോടും, രക്ഷിതാക്കളോടും, ബുദ്ധിമുട്ടുകളും ഭീഷണികളുമെല്ലാം, പരസ്പരം തുറന്നു സംസാരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. രക്ഷിതാക്കള്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം മനസിലാക്കാനും, അറിവ് പുതുക്കാനും തയ്യാറാകണം. സൈബര്‍ കുറ്റ കൃത്യങ്ങളില്‍ ഇരയായ പ്രവണത കുട്ടിയില്‍ കാണുകയോ, വിവരം അറിയുകയോ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥരോടു പരാതി പറയാനും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പതിനൊന്ന് പൊതു നിര്‍ദ്ദേശങ്ങളും സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോളിലുണ്ട്.

സാധാരണയായി, സൈബര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ പലപ്പോഴും ഉപദേശ പ്രസംഗങ്ങളുടെ സ്വഭാവം മാത്രം കാണിക്കുന്നതിനാല്‍, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ഉപയോഗം ചെയ്യാനുള്ള പ്രായോഗിക പദ്ധതി കൈറ്റ് ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് സൈബര്‍ സേഫ്റ്റി പ്രോട്ടോക്കളിന്റെ ആമുഖ ഭാഗത്ത് വൈസ് ചെയര്‍മാന്‍ ആന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍സാദത്ത് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *