ഡൽഹി:
ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക്‌റ്റോക് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ അപകീർത്തികരമോ, തെറ്റിദ്ധാരണാജനകമായതോ, വിദ്വേഷമുളവാക്കുന്നതോ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിന്റെ ഭാഗമായോ ഉള്ളവയാണെന്നു കണ്ടാൽ നീക്കം ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ നിയമം. നിയമവിരുദ്ധമായ വിവരങ്ങൾ ഇന്ത്യക്കാർ കാണുന്നതിൽ നിന്നും, ഇന്റർനെറ്റ് കമ്പനികൾക്ക് സ്വയമേ വിലക്കാനുള്ള അനുമതിയും ഈ നിയമം നൽകുന്നുണ്ട്. വാട്ട്സ്ആപ്പ് പോലുള്ള മെസ്സേജിങ് സംവിധാനങ്ങളുടെ സ്വകാര്യത എടുത്തുകളയുന്ന രീതിയിൽ അയക്കുന്ന മെസ്സേജുകൾ ട്രാക്ക് ചെയ്യാമെന്നതും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
ഈ റിപ്പോർട്ടിനുമേൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന തീയതി വ്യാഴാഴ്ച അവസാനിക്കും. അതിനുശേഷം എപ്പോൾ വേണമെങ്കിലും ഈ നിയമം പ്രാബല്യത്തിൽ വരാം. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപുതന്നെ നിയമം കൊണ്ടുവരാനുള്ള ശക്തമായ നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.
ഇത്തരമൊരു നിയമം വന്നു കഴിഞ്ഞാൽ ചൈനയും റഷ്യയും പോലെ ഒരു ഓട്ടോക്രറ്റിക് രാജ്യമായി ഇന്ത്യ മാറുമെന്നും ഇത്തരം നടപടികൾ നമ്മുടെ ഭരണഘടനാ ഉറപ്പു തരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരാണെന്ന് വിമർശകരും പൗരസമിതികളും അഭിപ്രായപ്പെടുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികളെ തകർക്കാനുള്ള സാങ്കേതികപരമായ നീക്കമാണിതെന്നാണ് മറ്റൊരു പക്ഷം.
ഇപ്പോൾ പറഞ്ഞിരിക്കുന്ന അജണ്ടകൾക്ക് ഒരു ഏകാധിപതിയുടെ മുഖമുണ്ടെന്ന്, ഇന്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അപർ ഗുപ്ത അഭിപ്രായപ്പെട്ടു. ഇത്തരം നടപടികൾ ചൈനയിലെ സർക്കാർ ചെയ്ത കാര്യങ്ങൾക്കു സമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഈ മാറ്റങ്ങൾ ഇവിടെ വളർന്നു കൊണ്ടിരിക്കുന്ന ആഗോള ഭീമന്മാരായ ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയവയുടെ വളർച്ചയെ സാരമായി ബാധിച്ചേക്കാം. കഴിഞ്ഞ വർഷം, യൂറോപ്പിൽ, ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഇത്തരം കമ്പനികളോട് അവരുടെ സ്വകാര്യത നയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നു. ചൈനയിലാവട്ടെ, ഗ്രേറ്റ് ഫയർ വാൾ എന്നൊരു സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്റർനെറ്റിന്റെ ഉള്ളടക്കം ബ്ലോക്കു ചെയ്യുന്നത്. ഏതാണ്ട് അൻപതിലധികം വരുന്ന ലോക രാജ്യങ്ങൾ, ആളുകളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനായി, നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ഇന്റർനെറ്റിന്റെ നൈതികതയെത്തന്നെ ബാധിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. ഇന്ത്യയിൽ സാമൂഹിക മാധ്യമങ്ങളുടെ കുത്തകരായ അമേരിക്കൻ കോർപ്പറേറ്റുകൾക്കെതിരെ പലവിധത്തിലുള്ള നിയമപോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്.
“ഒരു പതിറ്റാണ്ടിനു മേലെയായി ഇന്ത്യൻ ഗവണ്മെന്റ് ഇന്റർനെറ്റിനുമേൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. എന്നാൽ കോടതികൾ പരാജയപ്പെടുത്തുകയാണ്. ഇപ്പോൾ, ആ ശ്രമങ്ങൾ പുനരാരംഭിച്ചു.” ന്യൂ ഡൽഹിയിലെ ലീഗൽ അഡ്വക്കസി ഗ്രൂപ്പായ എസ്.എഫ്.എൽ.സിയുടെ സ്‌ഥാപക മിഷി ചൗധരി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയമാണ് ഈ നിയമത്തിന്റെ കരട് തയ്യാറാക്കിയത്. ഇപ്പോൾ നിലവിലുള്ള നിയമത്തിനുമേൽ ചെറിയ ചെറിയ തിരുത്തലുകൾ മാത്രമേ വരുത്തിയിട്ടുള്ളുവെന്നും, നിയമവിരുദ്ധവും മറ്റുമായ വിവരങ്ങളെ ഇല്ലാതാക്കാൻ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് മന്ത്രാലയം പറയുന്നത്. ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി ആയ അജയ് സ്വാഹനെ, ഇതിനെ സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെ ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ്, വാട്‌സാപ്പിലൂടെ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിക്കുന്നുവെന്നു മാത്രമാണ് തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ നടപടിയോട് ശക്തമായ രീതിയിലാണ് മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികൾ പ്രതികരിച്ചിരിക്കുന്നത്. നിശിതമായ രീതിയിൽത്തന്നെ അവർ ഈ നിയമത്തെ വിമർശിക്കുന്നുണ്ട്. നിയമപരമായും, സാങ്കേതികപരമായും ഇന്ത്യയുടെ പുതിയ നിയമം അസാദ്ധ്യമാണെന്ന് മൈക്രോസോഫ്റ്റിന്റെ പ്രതിനിധികൾ വിലയിരുത്തുന്നു.
ഇന്റർനെറ്റിലെ വിവരങ്ങൾ നിയന്ത്രിക്കുന്നതു വഴി, ആളുകളുടെ സ്വകാര്യതയും, അഭിപ്രായസ്വാതന്ത്ര്യവും മാത്രമല്ല, ഇതുപോലുള്ളവ നിരോധിക്കാൻ ശ്രമിക്കുന്നതുതന്നെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹൈദരാബാദുകാരനായ സത്യാ നദല്ലെ അഭിപ്രായപ്പെട്ടു.
“വാട്‌സാപ്പ് ചാറ്റുകൾ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. പുതിയ നിയമങ്ങൾക്കനുസൃതമായിട്ടാണെങ്കിൽ വാട്‌സാപ്പ് പുനർനിർമ്മിക്കേണ്ടതായി വന്നേക്കാം. ഇത് മറ്റൊരു ആപ്പ് ആയേക്കാം, സ്വകാര്യതയ്ക്ക് വിലകല്പിക്കാത്ത മറ്റൊന്ന്,” വാട്‌സാപ്പ് പ്രതിനിധി കാൾ വൂഗ് ഡൽഹിയിൽ അഭിപ്രായപ്പെട്ടു.
വിദ്വേഷകജനകമായ അഭിപ്രായങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പടരുന്നത് നിയന്ത്രിക്കേണ്ടത് എങ്ങിനെയെന്ന് അറിയാതെ ഇന്ത്യൻ ഭരണകൂടം കുഴങ്ങുകയാണ്. രണ്ടു വർഷങ്ങൾക്കു മുൻപ്, പഞ്ചാബിൽ, പ്രശസ്‌തനായ ഒരു ആത്മീയാചാര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. എന്നിട്ടു പോലും, വൻതോതിൽ അക്രമങ്ങൾ നടക്കുകയും, മുപ്പതിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
കഴിഞ്ഞ വർഷം തന്നെ, ഇന്ത്യ ഇത്തരമൊരു വലിയ മാറ്റങ്ങൾക്കൊരുങ്ങുന്നുവെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. ഇന്ത്യയിലെ ടെക്നിക്കൽ വ്യവസായം മുഴുവനും അടക്കി ഭരിച്ചിരുന്നത് അമേരിക്കൻ ഭീമന്മാരാണ്. 1.3 ബില്യൺ ഉപഭോക്താക്കളാണ് അവർക്കുള്ളത്. ഇത് ഇന്ത്യയെ, ഇന്റർനെറ്റിന്റെ വേഗത്തിൽ വളരുന്ന മാർക്കറ്റ് ആക്കി മാറ്റി.
ടെക് കമ്പനികളുമായി ഡിസംബറിൽ നടത്തിയ ഒരു മീറ്റിങ്ങിലാണ് പുതിയ പരിഷ്‌കാരത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ ഉണ്ടായത്. ഇത് അവതരിപ്പിക്കാനുള്ള ധൃതിയിലായിരുന്നു അധികൃതർ. എന്നാൽ, ഇന്ത്യൻ എക്സ്പ്രസ്സ് എന്ന ദിനപത്രത്തിന് ഈ വിവരങ്ങൾ ലഭിക്കുകയും പൊതുജനാഭിപ്രായം തേടാൻ സർക്കാരിനെ നിർബന്ധിതരാക്കുകയും ചെയ്തു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളുകൾ എന്ന രീതിയിൽ പലരുടെയും ചിത്രങ്ങൾ പ്രചരിക്കുകയും ആൾക്കൂട്ട വിചാരണയ്ക്കു വിധേയമാക്കുകയും ചെയ്തത് കഴിഞ്ഞ വർഷം വൻ ചർച്ചയ്ക്കു കാരണമാക്കിയിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും ബില്ലിൽ ഇല്ലെന്നാണ് ഉന്നതവൃത്തങ്ങളിൽ നിന്നുള്ള ചർച്ചകളിൽ നിന്ന് അനുമാനിക്കുന്നത്.
ഈയടുത്ത ലഭിച്ച ഒരു പത്ര റിപ്പോർട്ടിൽ പറയുന്നത്, ഇനി വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിന്റെ നാല്പത്തിയെട്ടു മണിക്കൂർ മുൻപു മുതൽ, വോട്ട് ചെയ്യുന്നതുവരെ സാമൂഹിക മാദ്ധ്യമങ്ങളിലെ ഉള്ളടക്കം വ്യാപകമായ രീതിയിൽ നിരോധിക്കപ്പെട്ടേക്കാം എന്നാണ്. ആയതിനാൽ എത്രയും പെട്ടെന്ന് ഈ നിയമം പ്രാബല്യത്തിൽ വരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷൻ, ഐ.ടി. മന്ത്രിക്ക് നിവേദനം നൽകിയിട്ടുമുണ്ട്.
ഇത്തരമൊരു തീരുമാനത്തിന്റെ പിന്നിൽ, മുകേഷ് അംബാനിയെന്ന, ബി.ജെ.പി യുടെ വലംകൈയായ വ്യാപാരിയാണെന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. റിലയൻസ് ജിയോ ആരംഭിച്ച ഇദ്ദേഹം, ജിയോയെ, ഷോപ്പിങ്, വീഡിയോ, ഓഡിയോ തുടങ്ങി നിരവധി ഉപയോഗങ്ങളുള്ള ഒരു സർവീസ് സെന്റർ ആക്കി മാറ്റുന്നതിനെപ്പറ്റി മുൻപു സൂചിപ്പിച്ചിരുന്നു.
ഐ.ടി. രംഗത്തെ “വില്ലന്മാരെ” നേരിടാനായി ആവിഷ്കാര സ്വാതന്ത്യ്രത്തിനായുള്ള പ്രക്ഷോഭങ്ങളെ കണ്ടില്ലെന്നു നടിക്കണമെന്ന് അംബാനി മുൻപു തന്നെ പറഞ്ഞിട്ടുണ്ട്. “മാത്രമല്ല, എൻക്രിപ്റ്റഡ് ആയ മെസ്സേജിങ്ങ് സർവീസ് ആയ വാട്‌സാപ്പ് ഉൾപ്പെടെയുള്ളവ ഉപഭോക്താക്കൾക്ക് ഗുണപ്രദമാകുന്നെങ്കിലും രാജ്യതാല്പര്യത്തിനു വിരുദ്ധമാണ്,” എന്നും അംബാനി കൂട്ടിച്ചേർക്കുന്നു.