Mon. Dec 23rd, 2024
തിരുവനന്തപുരം:

സാമൂഹിക സുരക്ഷാ പെൻഷൻ നിബന്ധനകളിൽ സംസ്ഥാന സർക്കാർ ഇളവു വരുത്തി. തറ വിസ്തീർണ്ണം കൂടിയ വീടുള്ളവർ പെൻഷൻ യോഗ്യരല്ലെന്ന അർഹതാ മാനദണ്ഡത്തിലാണ് ഇളവു വരുത്തിയത്.

1200 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷനു അർഹതയില്ലെന്നായിരുന്നു പ്രധാന നിബന്ധന. എന്നാൽ പുതിയ ഉത്തരവിൽ തറ വിസ്തീർണ്ണം പൂർണ്ണമായി മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കി.

പുതിയ അപേക്ഷകരിൽ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നവർക്ക് ക്ഷേമപെൻഷൻ 600 രൂപ മാത്രമേ ലഭിക്കുകയുള്ളൂ എന്നായിരുന്നു മറ്റൊരു പ്രധാന ഭേദഗതി. ഇതിൽ ഇളവു വരുത്താനും തീരുമാനിച്ചു. പ്രതിമാസം 2000 രൂപ വരെ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നവർക്ക് മാനദണ്ഡങ്ങൾക്കു വിധേയമായി ക്ഷേമപെൻഷൻ നല്കും. പെൻഷൻ വാങ്ങുന്നവരുടെ രേഖകൾ വ്യക്തമായി പരിശോധിച്ച ശേഷം മാത്രമേ, സുരക്ഷാ പെൻഷൻ അനുവദിക്കാവൂവെന്നും നിർദ്ദേശമുണ്ട്.

നിലവിൽ, സംസ്ഥാനത്ത് 45.19 ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും, 6.50 ലക്ഷം പേർക്കു സർക്കാർ ധനസഹായം ഉപയോഗിച്ചുള്ള ക്ഷേമനിധി പെൻഷനും ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *