മുംബൈ:
ഇന്ത്യൻ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ തോൽപ്പിച്ച്, ഏകദിന പരമ്പര ഇന്ത്യ നേടി. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് വിജയിക്കുകയായിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം 66 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു.
ടോസ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 43.3 ഓവറില്‍ 161 ന് എല്ലാവരും പുറത്തായി. നതാലി സ്‌കിവറാണ് (85) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 109 പന്തുകൾ നേരിട്ട നതാലി, 12 ബൗണ്ടറിയും ഒരു സിക്സും അടിച്ചിരുന്നു. നതാലിക്കു പുറമെ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത് രണ്ടു താരങ്ങൾ മാത്രം. ഏഴു താരങ്ങൾ അഞ്ചു റൺസിനു താഴെ പുറത്തായി.
നാലു വിക്കറ്റ് വീതം നേടിയ ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ എന്നിവരാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 10 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ശിഖയുടെ പ്രകടനം ശ്രദ്ധേയമായി. ഗോസ്വാമി 8.3ഓവറിൽ 30 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ഒൻപത് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത പൂനം യാദവും ബോളിങ്ങിൽ തിളങ്ങി.
162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 41.1 ഓവറില്‍ മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന 74 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 63 റണ്‍സെടുത്തു. ഓപ്പണര്‍ ജമീമ റോഡ്രിഗസ് പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ പൂനം റാവത്തിനൊപ്പവും, മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിതാലി രാജിനുമൊപ്പവും അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത് സ്മൃതി 53 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി നാലു വിക്കറ്റു വീഴ്ത്തിയ ജുലന്‍ ഗോസ്വാമിയാണ് കളിയിലെ താരം. മൂന്നാമത്തേയും അവസാനത്തേയും മത്സരം 28 നു മുംബൈയില്‍ത്തന്നെ നടക്കും.