തിരുവനന്തപുരം:
തിരുവനന്തപുരം ഉള്‍പ്പടെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ദില്ലിയില്‍ നടന്ന ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതോടെയാണ് നടത്തിപ്പ് അവര്‍ക്ക് ലഭിക്കും എന്ന് ഉറപ്പായത്. തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ക്ലോസ്ഡ് ടെണ്ടറില്‍ 168 കോടി അദാനി ക്വാട്ട് ചെയ്തപ്പോള്‍ കേരള സര്‍ക്കാരിന്‍റെ കെഎസ്‌ഐഡിസിക്ക് വേണ്ടി ടിയാല്‍ 135 കോടി ക്വാട്ട് ചെയ്തു. മൂന്നാം സ്ഥാനത്ത് ഉളള ജി.എം.ആര്‍ ഗ്രൂപ്പ് 63 കോടി രൂപയാണ് ക്വാട്ട് ചെയ്തത്.
വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികളെ ഏല്‍പിക്കാനുള്ള നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് നടത്തിപ്പവകാശത്തിനായി ബിഡില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. ജി.എം.ആറും അദാനിയും ആറു വിമാനത്താവളങ്ങള്‍ക്ക് വേണ്ടി ബിഡ് സമര്‍പ്പിച്ചിരുന്നു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഏറ്റെടുത്ത് വികസിപ്പിച്ചത് ജി.എം.ആര്‍ ഗ്രൂപ്പാണ്. അദാനി ആദ്യമായാണ് വ്യോമയാന മേഖലയില്‍ മുതല്‍ മുടക്കുന്നത്.
തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പ് ഒന്നാം സ്ഥനത്തെത്തി. അഹമ്മദബാദിന് വേണ്ടി 177 കോടിയും, ജയ്പ്പൂരിന് വേണ്ടി 174 കോടിയും, ലക്‌നൗ വിമാനത്താവളത്തിന് വേണ്ടി 171 കോടിയും, മംഗലാപുരത്തിന് വേണ്ടി 115 കോടി രൂപയുമാണ് അദാനി ഗ്രൂപ്പ് ക്വാട്ട് ചെയ്തത്. ഗുഹാവട്ടി എയര്‍പോര്‍ട്ടിന്റെ ലേല നടപടികള്‍ കോടതി തടഞ്ഞതിനാല്‍ പിന്നീടാവും ഫിനാന്‍ഷ്യല്‍ ബിഡ് നടക്കുക. 28 ന് ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കും. ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതിനാല്‍ അദാനിക്ക് തന്നെ അഞ്ച് വിമാനത്താവളങ്ങളും ലഭിക്കാനാണ് സാധ്യത. 28 നാണ് ബിഡ് തുറക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ എവിയേഷന്‍ രംഗത്തെ പ്രഥമ സംരംഭത്തിന് 30000 കോടിയിലേറെ മതിപ്പ് വിലയുളള തിരുവനന്തപുരം വിമാനത്താവളം ലഭിക്കുന്നതോടെ കോടികളുടെ ലാഭം ആണ് ലഭിക്കുക. 170 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സഞ്ചിത ലാഭം.
വിമാനത്താവളങ്ങളുടെ 50 വര്‍ഷത്തെക്കുള്ള നടത്തിപ്പ് അവകാശമാണ് ഫിനാന്‍ഷ്യല്‍ ബിഡ് വഴി അദാനിക്ക് ലഭിക്കുക. വിമാനത്താവള നടത്തിപ്പില്‍ മുന്‍ പരിചയം ഉള്ള കമ്പനികള്‍ മാത്രമേ ടെക്ക്‌നിക്കല്‍ ബിഡില്‍ പങ്കെടുപ്പിക്കാവു എന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതാണ് അദാനിക്ക് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം ലഭിക്കാന്‍ സഹായകമായത്. കേന്ദ്ര സര്‍ക്കാരിന്‍റെ കള്ളക്കളിയാണ് അദാനി ഫിനാന്‍ഷ്യല്‍ ബിഡില്‍ യോഗ്യത നേടാന്‍ കാരണം എന്ന് ഇതിനോടകം തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട തോഴനായാണ് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി അറിയപ്പെടുന്നത്. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ അദാനി ഗ്രൂപ്പിന്റെ സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തിലാണ് മോദി പ്രചരണം നടത്തിയിരുന്നത്. ഇതേ ഗ്രൂപ്പിന് ഒറ്റയടിക്ക് അഞ്ച് വിമാനത്താവളങ്ങള്‍ ലഭിക്കുന്നതാണ് ആരോപണങ്ങള്‍ ഉയരാനുള്ള പ്രധാന കാരണം. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ വ്യവസ്ഥ പത്ത് ശതമാനം ആയി നിജപെടുത്തിയതും അദാനിക്ക് നേട്ടമായി. കേരള സര്‍ക്കാരിന്‍റെ കമ്പനിയായ ടിയാല്‍ യോഗ്യത നേടാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. മംഗലാപുരം വിമാനത്താവളത്തിന് വേണ്ടി രംഗത്തുണ്ടായിരുന്ന കൊച്ചി വിമാനത്താവള കമ്പനിയും ബിഡില്‍ നിന്ന് വെട്ടി നിരത്തപ്പെട്ടു. കെ.എസ്.ഐ.ഡി.സിക്ക് വേണ്ടി എം.ഡി ശര്‍മ്മിള മേരി ജോസഫ് ആണ് ദില്ലിയിലെ ടെണ്ടറില്‍ പങ്കെടുത്തത്.
വിഴിഞ്ഞം തുറമുഖ കരാര്‍ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിന്‍റെ ചുമതല കൂടി ലഭിക്കുന്നത് ചരക്ക് നീക്കങ്ങള്‍ക്കടക്കം അദാനി ഗ്രൂപ്പിന് വലിയ നേട്ടമുണ്ടാക്കും. മാത്രമല്ല ആകാശ പാതയും തുറമുഖവും ഒരേ കമ്പനി കൈവശം വെക്കുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണം കുറയുകയും അത് വലിയ രീതിയിലുള്ള സുരക്ഷ പ്രശ്നങ്ങള്‍ക്ക് ഇടയാകുകയും ചെയ്യും എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.