സൗദി അറേബ്യ:
സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ അമേരിക്കയിൽ അംബാസഡറായി നിയമിച്ചു. റീമ ബിന്‍ത് ബന്തര്‍ അല്‍ സൗദിനെ, ആദ്യ വനിതാ അംബാസഡറായി നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച രാവിലെ പുറത്തുവന്നു. സൗദി ഭരണാധികാരി, സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍, ഖാലിദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരനെ മാറ്റിയാണ് റീമയ്ക്ക് ഈ പദവി നൽകിയത്. ഖാലിദിനെ സൗദി അറേബ്യയുടെ ഉപ പ്രതിരോധമന്ത്രി പദവിയിലേക്ക് മാറ്റി നിയമിച്ചു.
സൗദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ റീമ, പഠിച്ചതും വളര്‍ന്നതും അമേരിക്കയിലായിരുന്നു. പിതാവ്, ബന്തര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സഊദ്, 1983 മുതല്‍ 2005 വരെ അമേരിക്കയിലെ സൗദി അംബാസഡര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെത്തുടര്‍ന്ന്, അന്താരാഷ്ട്ര തലത്തില്‍ സൗദിക്കു നേരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ്, സുപ്രധാനമായ അംബാസിഡർ പദവിയിൽ, സൗദി ഭരണകൂടം മാറ്റം വരുത്തിയിരിക്കുന്നതെന്നു ശ്രദ്ധേയമാണ്.
റീമ ബിന്‍ത് ബന്തര്‍ അല്‍ സൗദ്, 2016 മുതല്‍ സൗദി ജനറല്‍ സ്പോര്‍ട്സ് അതോരിറ്റിയില്‍ വിമണ്‍ അഫയേഴ്സ് വൈസ് പ്രസിഡന്റായിരുന്നു. പിന്നീട്, സൗദി ഫെഡറേഷന്‍ ഫോര്‍ കമ്മ്യൂണിറ്റി സ്പോര്‍ട്സ് പ്രസിഡന്റായി. 2018 ഓഗസ്റ്റ് മുതല്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയില്‍ നിയമിച്ചു. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത്, രാഷ്ട്രത്തിനും, നേതാക്കള്‍ക്കും, രാഷ്ട്രത്തിന്റെ മക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് റീമ ട്വിറ്ററില്‍ കുറിച്ചു.