ബംഗ്ലാദേശ് വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി

Reading Time: < 1 minute
ദുബായ്:

ദുബായിലേക്കുള്ള ബംഗ്ലാദേശ് വിമാനം റാഞ്ചാൻ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക- ദുബായ് വിമാനം റാഞ്ചാനാണ് ശ്രമം നടന്നത്. ശ്രമം പരാജയപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ധാക്കയില്‍നിന്ന്, ചിറ്റഗോങ് വഴി ദുബായിലേക്ക് പോവുകയായിരുന്നു വിമാനം. ചിറ്റഗോങ് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം ഉടന്‍ തിരിച്ചിറക്കിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന്, യാത്രക്കാരും, വിമാന ജീവനക്കാരും, പൈലറ്റുമാരും എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങി. റാഞ്ചാന്‍ ശ്രമിച്ച അക്രമിയെ വെടിവച്ചു കൊന്നു. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷം, സുരക്ഷാസേന അക്രമിയെ വെടിവച്ചു കൊല്ലുകയായിരുന്നു. വിമാനം റാഞ്ചാന്‍ ശ്രമിച്ച ഇയാള്‍, തനിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെപ്പറ്റിയുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിമാനം ലാൻഡ് ചെയ്തതോടെ, സൈന്യവും നാവിക സേനയും ഉൾപ്പെടെയുള്ള സേനകൾ വിമാനം വളയുകയായിരുന്നു.
റാഞ്ചാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബി.ജി 147 വിമാനം അടിയന്തരമായി ചിറ്റഗോങ് വിമാനത്താവളത്തിലിറക്കുകയായിരുന്നു. ചിറ്റഗോങിലെ ഷാ അമാനത്ത് വിമാനത്താവളത്തിലാണ് വൈകീട്ടോടെ അടിയന്തരമായി ഇറക്കിയത്.

വിമാനം റാഞ്ചാന്‍ ശ്രമിച്ച അക്രമിയെ എയര്‍ വൈസ് മാര്‍ഷല്‍ മുഹമ്മദ് മഫീദുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനിലാണ് കീഴടക്കിയത്. വിമാനയാത്രക്കാരനായ തോക്കുധാരി, കോൿപിറ്റിലെത്തി പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. 25 വയസ്സ് തോന്നിക്കുന്ന അക്രമിയുടെ കയ്യിൽ ഒരു പിസ്റ്റൾ ഉണ്ടായിരുന്നു. കീഴടങ്ങാൻ സമ്മതിക്കാത്തതിനാലാണ് വെടിവെക്കേണ്ടി വന്നതെന്നായിരുന്നു സുരക്ഷാ സേന അറിയിച്ചത്.

എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം മുംബൈയിലെ വിമാനക്കമ്പനി ഓഫീസില്‍ ലഭിച്ചിരുന്നു.

Advertisement

Leave a Reply

avatar
  Subscribe  
Notify of