Mon. Dec 23rd, 2024
ദുബായ്:

ദുബായിൽ കപ്പല്‍ പാറയിലിടിച്ച് തകര്‍ന്നതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 14 ഇന്ത്യക്കാര്‍ക്ക് രക്ഷകരായി ദുബായ് പൊലീസ്. ഖദീജ – 7 എന്ന കപ്പലാണ് സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായി നിയന്ത്രണം വിട്ടു പാറയിൽ ഇടിച്ചത്. കപ്പലിൽ 14 ഇന്ത്യൻ ജീവനക്കാർ ഉണ്ടായിരുന്നു. തുടർന്ന് ഇവർ ദുബായ് പോലീസിന്റെ സഹായം തേടുകയായിരുന്നു. ഉടന്‍ തന്നെ ഉണർന്നു പ്രവർത്തിച്ച ദുബായ് പോലീസും, ഫെഡറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയും കപ്പല്‍ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററും രക്ഷാബോട്ടുകളും സ്ഥലത്തേക്ക് അയച്ചു.

ശക്തമായ കാറ്റും തിരമാലകളും കാരണം, കപ്പലിന് അടുത്തേക്ക് എത്തിച്ചേരാന്‍ രക്ഷാബോട്ടുകള്‍ക്കായില്ല. തുടര്‍ന്ന്, കപ്പലിലേക്ക് കയര്‍ എറിഞ്ഞുകൊടുത്തു. ലൈഫ് ജാക്കറ്റുകളുടെ സഹായത്തോടെ, കപ്പലിലുണ്ടായിരുന്നവര്‍ കയറില്‍ പിടിച്ച് ബോട്ടില്‍ കയറി. 35 മിനിറ്റുകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി എല്ലാവരെയും സുരക്ഷിതരായി റാഷിദ് തുറമുഖത്ത് എത്തിച്ചുവെന്നു, ദുബായ് പൊലീസിലെ കേണൽ മദനി അറിയിച്ചു. കഴിഞ്ഞ ആഴ്ചയും നാട്ടൊരു കപ്പൽ ദുബായ് തീരത്തു പ്രവർത്തനരഹിതമായിരുന്നു. നാവികരെ രക്ഷിച്ച ദുബായ് പൊലീസിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് നന്ദി അറിയിച്ചു. കപ്പലിലെ നാവികർക്ക് ശമ്പളവും ഭക്ഷണവും സമയത്തു ലഭിക്കാതെ ദുരിതം അനുഭവിക്കുകയായിരുന്നുവെന്നു ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു. ദുബായ് ആസ്ഥാനമായുള്ള ഒറേഷ്യ ഷിപ്പിംഗ് കമ്പനിയുടേതാണ് ഖദീജ – 7 എന്ന കപ്പൽ.

Leave a Reply

Your email address will not be published. Required fields are marked *