Mon. Apr 7th, 2025 9:13:38 PM
പേരാമ്പ്ര:

വീടുവെക്കാൻ വായ്പയെടുത്ത ദളിത് കുടുംബത്തെ, പണി പൂർത്തിയാവും മുമ്പെ വീട്ടിൽനിന്ന് പുറത്താക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ, നിർമ്മാണത്തൊഴിലാളിയായ കൈപ്രം കുന്നമംഗലത്ത് സുനിൽകുമാറും (42) കുടുംബവുമാണ്‌ ജപ്തി നടപടിയെത്തുടർന്നു കുടിയിറക്കപ്പെട്ടത്.  ശനിയാഴ്ച വൈകീട്ട്, കമ്പനി അധികൃതർ കോടതി ഉത്തരവുമായി വന്നു കുടുംബത്തെ വീട്ടിൽനിന്നു പുറത്താക്കി, വീടിനു കാവൽ ഏർപ്പെടുത്തുകയായിരുന്നു. വാതിലുപോലുമില്ലാത്ത വീടിന്റെ മുൻഭാഗം, പട്ടിക അടിച്ചു പൂട്ടുകയായിരുന്നു. ഭാര്യ ബിന്ദുവിനും മക്കളായ ഗായത്രിക്കും, വൈഗയ്ക്കും, ധരിച്ച വസ്ത്രങ്ങൾ ഒഴികെ വീട്ടിൽനിന്ന് മറ്റൊന്നും എടുക്കാൻപോലുമായില്ലെന്ന് സുനിൽ കുമാര്‍ പറയുന്നു.

2014 ജൂണ്‍ മാസത്തിലാണ് മഹീന്ദ്ര റൂറൽ ഹൗസിങ്‌ ഫിനാൻസിന്റെ വടകര ബ്രാഞ്ചില്‍ നിന്ന് സുനിൽകുമാർ 1,60,000 രൂപ വായ്പയെടുക്കുന്നത്. ഇതിൽ 10,000 രൂപ ഇൻഷുറൻസ് പരിരക്ഷയ്ക്കായി പിടിച്ചശേഷം 1,50,000 രൂപയാണ്‌ കൈയിൽക്കിട്ടിയത്. വീടിന്റെ മുഖ്യ സ്ലാബിന്റെ പണിക്കുമാത്രമേ ഈ തുക തികഞ്ഞുള്ളൂ എന്ന് സുനില്‍കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു. ഇതിനിടയിൽ ഹൃദയസംബന്ധമായ അസുഖം പിടിപെട്ടതോടെ വീടുപണി പൂര്‍ത്തിയാക്കാനായില്ല. വായ്പത്തുകയിൽ 25,000 രൂപ സുനിൽകുമാർ തിരിച്ചടച്ചിരുന്നു. രോഗബാധിതനായി ജോലിക്കുപോകാൻ കഴിയാതായതോടെ ബാക്കി തിരിച്ചടവ് മുടങ്ങി.

വായ്പത്തുക കുടിശ്ശികയായതോടെയാണ് ധനകാര്യസ്ഥാപനം നിയമനടപടി ആരംഭിച്ചത്. 3,45,000 രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കമ്പനി പ്രതിനിധികൾ സുനിൽകുമാറിനെ സമീപിച്ചു. 2,25,000 രൂപ നൽകാമെന്നും ജപ്തി ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചെങ്കിലും, കമ്പനി തയ്യാറായില്ലെന്ന്‌ സുനിൽകുമാർ വോക്ക് മലയാളത്തോട് പറഞ്ഞു. ഏഴു വര്‍ഷത്തെ കാലാവധിയില്‍ എടുത്ത വായ്പ കാലാവധി തീരും മുന്‍പു തന്നെ, ജപ്തി നടപടി ആരംഭിച്ചതായി സുനില്‍ കുമാര്‍, വോക്ക് മലയാളത്തോട് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരുടെ സഹകരണത്തോടെ ധനകാര്യസ്ഥാപന അധികൃതരുമായി സംസാരിച്ച്, കുടുംബത്തിന് താത്‌കാലികമായി വീട്ടിൽ താമസിക്കാനുള്ള സാഹചര്യമൊരുക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോള്‍ പഠിച്ച ശേഷം പ്രതികരണം അറിയിക്കമെന്നാണ് വാര്‍ഡ്‌ മെംബര്‍ അബ്ദുറഹ്മാന്‍ വോക്ക് മലയാളത്തോട് പറഞ്ഞത്.

One thought on “വീടുപണി പൂര്‍ത്തിയാകും മുമ്പ് ദളിത് കുടുംബത്തെ കുടിയിറക്കി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടി”

Leave a Reply to Vineeth Cancel reply

Your email address will not be published. Required fields are marked *