Mon. Dec 23rd, 2024
#ദിനസരികള് 678

1950 കളുടെ അവസാനകാലത്ത് എം എസ് സുബ്ബലക്ഷ്മിയുടെ ഒരു സംഗീതക്കച്ചേരി കേട്ടതിനു ശേഷം സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്രു ഇങ്ങനെ പ്രതികരിച്ചു. “സംഗീതത്തിന്റെ ഈ ചക്രവര്‍ത്തിനിയുടെ മുന്നില്‍ ഞാനാര്? – കേവലമൊരു പ്രധാനമന്ത്രി മാത്രം” (“Who am I, a mere Prime Minister before a Queen, a Queen of Music.”) മറ്റൊരു സന്ദര്‍ഭം നോക്കുക. ശങ്കേഴ്സ് വീക്കിലിയില്‍ നെഹ്റുവിനെ വിമര്‍ശിച്ചുകൊണ്ട് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അതിനിശിതമായ ഒരു കാര്‍ട്ടൂണ്‍ വരച്ചു. പിറ്റേദിവസത്തെ പ്രഭാത ഭക്ഷണത്തിന് ശങ്കറിനെ ക്ഷണിച്ചുകൊണ്ട്, തന്നെ ഇനിയും വരയ്ക്കണമെന്നും ഒഴിവാക്കരുതെന്നും അഭ്യര്‍ത്ഥിക്കുകയാണ് നെഹ്രു ചെയ്തത്.

വിമര്‍ശനങ്ങളോട് സഹിഷ്ണുതാപൂര്‍വ്വം പ്രതികരിക്കുകയും അവര്‍ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കുകയും ചെയ്ത നെഹ്രു, ആചാര്യ കൃപലാനി ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തോട് പ്രതികരിച്ച രീതി നോക്കുക. കോണ്‍ഗ്രസിന് അപ്രമാദിത്വമുണ്ടായിരുന്ന സഭയായിരുന്നെങ്കിലും പ്രമേയത്തെ വെറുതെ തള്ളിക്കളയാതെ ഉന്നയിക്കപ്പെട്ട ഓരോ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും നെഹ്രു എണ്ണിയെണ്ണി മറുപടി പറഞ്ഞത് ചരിത്രമാണ്. 1937 ല്‍ മൂന്നാംതവണയും എ ഐ സി സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അധികാരത്തോടുള്ള അഭിവാഞ്ജ തന്നില്‍ വേരുറപ്പിക്കുന്നുണ്ടോയെന്ന് സന്ദേഹിച്ചുകൊണ്ട്, ചാണക്യ എന്ന അപരനാമത്തില്‍ തന്നെത്തന്നെ കഠിനമായി വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം, രാഷ്ട്രപതി എന്ന പേരില്‍ അദ്ദേഹം, കല്‍ക്കട്ടയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മോഡേണ്‍ റിവ്യു മാഗസിനില്‍ എഴുതി.

ഒരു തരത്തിലുള്ള അധികാരഭ്രാന്തും തന്നില്‍ വന്നുചേരരുതെന്ന് നിര്‍ബന്ധമുള്ള നെഹ്രുവിന്റെ സ്വയംകരുതലായിരുന്നു ആ വിമര്‍ശനം. ശത്രുക്കള്‍ പോലും തനിക്കെതിരെ ഉന്നയിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള ആക്ഷേപങ്ങളായിരുന്നു അദ്ദേഹം ആ ലേഖനത്തിലൂടെ ഉയര്‍ത്തിയത്. പതിനേഴുവര്‍ഷക്കാലം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു എന്ന വലിയ മനുഷ്യന്‍ വിമര്‍ശനങ്ങളോട് സ്വീകരിച്ച നിലപാടെ സൂചിപ്പിക്കുവാനാണ് മേല്‍സൂചിപ്പിച്ച സംഭവങ്ങളെ ഉദാഹരണമാക്കിയത്. എതിരെ വരുന്ന ആരോപണങ്ങളുടെ ഏതു മുനകളേയും നേരിടാനുള്ള ഉള്‍ബലം തനിക്കുണ്ടെന്ന ബോധ്യത്തില്‍ നിന്നുമായിരുന്നു നെഹ്രുവിന് അക്ഷോഭ്യനായിരിക്കാനും മാന്യമായി പ്രതികരിക്കാനും കഴിഞ്ഞത്.

നെഹ്രുവിന് തെറ്റു പറ്റിയിട്ടില്ലെന്നല്ല. ഇന്ദിരാ ഗാന്ധി എ ഐ സി സി പ്രസിഡന്റായപ്പോള്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇ എം എസ് മന്ത്രിസഭയെ പിരിച്ചു വിട്ടത് വലിയ കളങ്കമായിപ്പോയെന്ന് തന്റെ അവസാനകാലംവരെ അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, താന്‍ ജനങ്ങളുടെ സേവകനായിരുന്നുവെന്ന ബോധ്യത്തില്‍ നിന്നും അദ്ദേഹം ഒരു നിമിഷം പോലും മാറി നിന്നിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തു നിന്നും വരുന്ന വിമര്‍ശനങ്ങളെ അതിന്റെ ഉള്‍ക്കാമ്പറിഞ്ഞ് വിലയിരുത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നതാണ് വസ്തുത.

കലാകാരന്മാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ചെവി കൊടുക്കുവാനും, അവര്‍ക്കു പറയാനുള്ളത് സഹിഷ്ണുതയോടെ കേള്‍ക്കുവാനും അഖിലേന്ത്യ കോണ്‍ഗ്രസു പാര്‍ട്ടിയുടെ പ്രസിഡന്റും പ്രധാനമന്ത്രിയും എഴുത്തുകാരനായുമൊക്കെയായിരുന്ന ജവഹര്‍ ലാല്‍ നെഹ്രു, അസാമാന്യമായ പ്രതിബദ്ധത കാണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുയായിയെന്ന് അവകാശപ്പെടുന്ന വി ടി ബല്‍റാം എന്ന കോണ്‍ഗ്രസുകാരനായ യുവ എം എല്‍ എ എത്ര അസഹിഷ്ണുതയോടെയാണ് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ നേരിടുന്നതെന്ന് നോക്കുക. തികച്ചും അസഭ്യമായ പ്രതികരണങ്ങള്‍‌കൊണ്ട് പണ്ടേ കുപ്രസിദ്ധി നേടിയിട്ടുള്ള ഈ യുവ എം എല്‍ എ നെഹ്രുവിന്റെയോ പാരമ്പര്യം പിന്തുടരുന്ന ഒരു കോണ്‍‌ഗ്രസുകാരനേയും പ്രതിനിധീകരിക്കുന്നുണ്ടെന്ന് കരുതുവാൻ വയ്യ.

കോണ്‍ഗ്രസു പിരിച്ചു വിടണമെന്ന ഗാന്ധിയുടെ ആഹ്വാനം ശരിയായി ഭവിച്ചിരുന്നുവെങ്കില്‍, വി ടി ബല്‍റാം ഇന്നേതെങ്കിലും ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റു സംഘടനയില്‍ പോയി ചേരുമായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമില്ല. കാരണം ഫാസിസത്തിനെതിരെയുള്ള കൂട്ടായ്മകളില്‍ പങ്കെടുത്ത സാഹിത്യകാരന്മാരേയും സാംസ്കാരിക പ്രവര്‍ത്തകരേയുമാണ്, ബല്‍റാമിന്റെ ഉള്ളിലൊളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് മനസ്സ് ആക്ഷേപിക്കാന്‍ ഒരുമ്പെട്ടത് എന്ന കാര്യം ശ്രദ്ധിക്കുക.

അല്ലെങ്കില്‍, നമ്മുടെ ഇടയിലേക്ക് കടന്നു കയറുന്ന ഫാസിസത്തിനെതിരെ കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മ അക്കാഡമി പരിസരത്ത് പ്രതിഷേധം തീര്‍ക്കാന്‍ നിശ്ചയിക്കുന്നതില്‍ വി ടി ബല്‍റാം എന്തിനാണ് അസ്വസ്ഥനാകുന്നത്? എന്തിനാണ് അതിനെതിരെ മര്യാദയില്ലാത്ത വാക്കുകളാല്‍ അധിക്ഷേപങ്ങള്‍ നടത്തുന്നത്? ആ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നവരെ മുഴുവന്‍ ആക്ഷേപിക്കുന്നത്? കേരളത്തിലെ എഴുത്തുകാര്‍ സാംസ്കാരിക ക്രിമിനലുകളാണെന്ന് ജനറലൈസ് ചെയ്യുന്നത്? സ്വാഭാവികമായും എഴുത്തുകാരി എന്ന നിലയില്‍ കെ ആര്‍ മീര പ്രതികരിച്ചു. അത് സാംസ്കാരിക കേരളത്തിന്റെ പ്രതികരണമായിരുന്നു. കുടംബത്തിലെ മൂത്ത ഒരാള്‍ ഇളയവന്റെ ചെവിക്കു പിടിച്ചു നേര്‍വഴി കാണിച്ചു കൊടുക്കുന്ന തരത്തിലുള്ള ഒരു തിരുത്തല്‍ മാത്രമായിരുന്നു അത്. വഴി തെറ്റിയിരിക്കുന്നുവെന്ന മുന്നറിയിപ്പ്.

എന്നാല്‍ ആ തിരുത്തലിനെതിരെ എത്ര ബാലിശമായിട്ടാണ് ബല്‍റാം പ്രതികരിച്ചതെന്ന് നോക്കുക. കെ ആര്‍ മീര എന്ന പേരിനെ ദ്വയാര്‍ത്ഥ സൂചകമായി ധ്വനിപ്പിച്ചുകൊണ്ട് മൂന്നാം കിട തെരുവു ഗുണ്ടകളെക്കാള്‍ തരംതാഴ്ന്ന നിലവാരത്തില്‍ ബല്‍റാം അവര്‍‌ക്കെതിരെ ആക്രോശിച്ചു. കെ ആര്‍ മീര ഒരു സ്ത്രീയാണെന്ന കാര്യം വിടുക. സ്ത്രീകളോട് പുലര്‍ത്തേണ്ട മാന്യത എന്ന ഓര്‍മ്മപ്പെടുത്തലും മാറ്റി വെക്കുക. എന്നാല്‍ കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രശസ്തമായ ഓടക്കുഴല്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നല്കി നമ്മുടെ രാജ്യം അംഗീകരിച്ച, ലോകം ബഹുമാനിക്കുന്ന ഒരെഴുത്തുകാരിയാണെന്ന് ബല്‍റാം എന്ന കോണ്‍ഗ്രസുകാരന്‍‌ എങ്ങനെ വിസ്മരിക്കും? ഈ കലാകാരിയുടെ മുന്നില്‍ എന്റെ സിംഹാസനം ഒന്നുമല്ലെന്ന് പ്രഖ്യാപിച്ച നെഹ്രുവിന്റെ കോണ്‍ഗ്രസ് പാരമ്പര്യത്തെ ബല്‍റാം എങ്ങനെ നിഷേധിക്കും? അധപതനത്തിന്റെ പരമാവധിയിലേക്ക് കൂപ്പൂകുത്തിയിരിക്കുന്ന ഈ കുടിലബുദ്ധിയായ ചെറുപ്പക്കാരനെ ഇനി തിരുത്തേണ്ടത് ജനാധിപത്യ മര്യാദകളേയും കീഴ്വഴക്കങ്ങളേയും മുന്‍‌നിറുത്തി നമ്മുടെ ജനതയാണ്.

ജവഹര്‍ലാല്‍ നെഹ്രുവില്‍ നിന്നും ഏതു വഴിയെ നടന്നാലാണ് ഒരു കോണ്‍ഗ്രസുകാരന് വി ടി ബല്‍റാമിലേക്ക് എത്തിച്ചേരാനാകുക? ഇല്ല, നെഹ്രുവില്‍ നിന്നും നടക്കാന്‍ തുടങ്ങുന്ന ഒരാള്‍ക്കും വി ടി ബല്‍റാമിലേക്ക് എത്തിച്ചേരാന്‍ കഴിയില്ല. എന്നാല്‍ സവര്‍ക്കറില്‍ നിന്നാണ് നടത്തം തുടങ്ങുന്നതെങ്കില്‍ ബല്‍റാമിലേക്ക് എളുപ്പം ചെന്നെത്തുകയും ചെയ്യാം.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *