Sun. Dec 22nd, 2024

മുന്നിലും പിന്നിലും ഡിസ്‌പ്ലേയോടുകൂടിയ “നെക്‌സ് 2” എന്ന സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ചുകൊണ്ട് “വിവോ” ചരിത്രം സൃഷ്ടിച്ചു. നിലവില്‍, ചൈനീസ് വിപണിയില്‍ മാത്രമാണ് വിവോ നെക്‌സ് 2 ഡ്യുവല്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമായിട്ടുള്ളത്. 2019 ൽത്തന്നെ ഇന്ത്യൻ വിപണിയിലും ഈ ഫോൺ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഏതെങ്കിലും കാരണവശാല്‍, ഒരു സ്‌ക്രീനിനു കേടുപാടുണ്ടായാല്‍ സഹായിക്കാനാണ് സെക്കന്ററി സ്‌ക്രീൻ എന്നാണു കമ്പനി പറയുന്നത്. അതായത് അവശ്യ സമയത്തു മാത്രം ഉപയോഗിച്ചാൽ മതിയാകും. വശങ്ങളില്‍ രണ്ടു ഡിസ്‌പ്ലേകളെ തമ്മില്‍ മാറ്റാൻ ഡെഡിക്കേറ്റഡ് സ്വിച്ചുണ്ട്. പക്ഷെ, രണ്ടു വശത്തും സ്ക്രീൻ ആയതിനാൽ, ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നതിനാൽ ഈ ഫോണിന് ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. യൂസർ റിവ്യൂ അനുസരിച്ചായിരിക്കും വിവോ പുതിയ വിപണി കണ്ടെത്തുക.

രണ്ടു ഡിസ്‌പ്ലേകളുണ്ട് എന്നതിനു പുറമെ, കരുത്തന്‍ ഫീച്ചറുകളും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 6.36 ഇഞ്ച് മെയിന്‍ സ്‌ക്രീന്‍ 5.46 ഇഞ്ച് പിന്നിലെ സ്‌ക്രീന്‍ എന്നിവ ഫോണിലുണ്ട്. രണ്ടും സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ 845 പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുന്നത്. 10 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയിമുണ്ട്. ആന്‍ഡ്രോയിഡ് 9.0 പൈയും വിവോയുടെ ഫണ്‍ടച്ച് ഓ.എസ് 4.5 യും സംയുക്തമായാണ് ഫോണിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. അഡ്രീനോ 630 ന്റെതാണ് ജി.പി.യു. 3,500 മില്ലിആംപയറിന്റെ ബാറ്ററി കരുത്തും ഫോണിലുണ്ട്.

ക്യാമറ ഒരു ഭാഗത്തു മാത്രമായാണ് ഘടിപ്പിച്ചിരിക്കുന്നത്. സെല്‍ഫിയെടുക്കുന്ന സമയത്ത് പിന്‍ ഡിസ്‌പ്ലേ ഉപയോഗിക്കാം. ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. 12 മെഗാപിക്‌സലിന്റെ മെയിന്‍ ലെന്‍സ് 4 ആക്‌സിസ് OIS, ഡ്യുവല്‍ പിക്‌സല്‍ PDAF എന്നീ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചതാണ്. 2 മെഗാപിക്‌സലിന്റേതാണ് സെക്കന്ററി സെന്‍സര്‍. 3 ഡി ഫേസ് റെക്കഗ്നിഷന്‍ ഫീച്ചറും ഫോണിനുണ്ട്. എന്നാല്‍, വൈഡ് ആംഗിള്‍ ലെന്‍സും, സൂം ലെന്‍സും ക്യാമറയിലില്ലെന്നത് പോരായ്മയാണ്. ശ്രേണിയിലെ മറ്റു ഫോണുകളില്‍ ഇത് ലഭ്യമാണുതാനും.

വിവോയുടെ മികച്ച ഫ്‌ളാഗ്ഷിപ്പ് പെര്‍ഫോമര്‍ തന്നെയാണ് വിവോ നെക്‌സ് 2. ദിനംപ്രതിയുള്ള ഉപയോഗത്തിനു അനുയോജ്യമായ മോഡല്‍. പബ്ജി പോലുള്ള ഹൈ-എന്‍ഡ് ഗെയിമിംഗും ഫുള്‍ റെസലൂഷന്‍ വീഡിയോയും മിഴിവോടെ ആസ്വദിക്കാനാകും.

ഏകദേശം 52,000 രൂപയാണ് ഈ മോഡലിന് ഇന്ത്യയിലെ വിപണിവില പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *