Fri. Nov 22nd, 2024
അലി​ഗഡ്:

അലി​ഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പൊലീസ് പിന്‍വലിച്ചു. സര്‍വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കേസാണ് പിന്‍വലിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിന്‍വലിച്ചതെന്ന് പൊലീസ് അറിയിച്ചു. നേരത്തെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച്‌, തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ ഭാരതീയ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നല്‍കിയ പരാതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

എന്നാല്‍, സംഘര്‍ഷത്തിനിടയില്‍ പാക് അനുകൂലമോ രാജ്യദ്രോഹമോ ആയ മുദ്രാവാക്യം മുഴക്കുന്നതിന്റെ തെളിവുകള്‍ ഒന്നും തന്നെ, അന്വേഷണത്തില്‍ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 12നാണ് സര്‍വകലാശാലയില്‍ സംഘര്‍ഷം നടന്നത്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി, കാമ്പസ് സന്ദര്‍ശിക്കുന്നത് തടയണമെന്ന് യുവമോര്‍ച്ച ആവശ്യമുന്നയിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

റിപ്പബ്ലിക് ചാനല്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തെത്തുടര്‍ന്നാണ്‌ യുവമോര്‍ച്ച ജില്ലാ നേതാവ് മുകേഷ് ലോധിയുടെയും റിപ്പബ്ലിക് ടിവി കറസ്‌പോണ്ടന്റിന്റേയും പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. വിവിധ മുസ്ലീം നേതാക്കളെ പങ്കെടുപ്പിച്ച് സർവകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് സർവകലാശാല അധികൃതരുടെ അനുവാദം കൂടാതെ റിപ്പബ്ലിക് ടിവി കറസ്‌പോണ്ടന്റ് ഉള്‍പ്പടുന്ന സംഘം സർവകലാശാലയ്ക്കുള്ളിൽ പ്രവേശിക്കാന്‍ ശ്രമിച്ചതു മുതലാണ്‌ പ്രശ്നങ്ങള്‍ ആരംഭിച്ചത്. റിപബ്ലിക് ടിവി പ്രതിനിധികളായ നളിനി ശര്‍മ, സുമൈറ ഖാന്‍ എന്നിവരാണ് സര്‍വകലാശാലയെ ‘തീവ്രവാദികളുടെ സര്‍വകലാശാല’ എന്നു വിശേഷിപ്പിച്ച് റിപ്പോര്‍ട്ടിംഗ് ആരംഭിച്ചത്. ഇത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞതോടെയാണ്‌ പ്രശ്നങ്ങള്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *