Fri. Mar 29th, 2024
കൊച്ചി :

പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളിൽ വലഞ്ഞ്, കർഷകർ നെട്ടോട്ടമോടുമ്പോൾ, പദ്ധതി വോട്ട് തട്ടാനുള്ള തന്ത്രമാക്കിയെടുത്ത് ബി.ജെ.പി. രാജ്യം മുഴുവൻ ഒരേ സമയം വെബ്സൈറ്റിലേക്ക് അപേക്ഷ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ സർവർ തകരാറിലായി. അപ്‌ലോഡിങ് തടസ്സപ്പെടുന്നത് കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് തലവേദനയുമായി. 6000 രൂപ സമ്മാനം കിട്ടുമെന്ന ബി.ജെ.പി. പ്രചാരണം വിശ്വസിച്ച് പൊരിവെയിലിൽ വരിനിൽക്കുകയാണ് കർഷകർ.

നോട്ട് നിരോധന സമയത്ത് എ.ടി.എമ്മിനുമുന്നിൽ കണ്ട നീണ്ടവരി, ഇപ്പോൾ കൃഷി ഓഫീസിനും, വില്ലേജ് ഓഫീസിനും, സപ്ലൈ ഓഫീസിനും മുന്നിലാണ്. അപേക്ഷ, കൃഷി ഓഫീസിൽ സമർപ്പിക്കാൻ കരമടച്ച രസീതും പുതുക്കിയ റേഷൻ കാർഡും വേണം.

അഞ്ചേക്കറിൽ താഴെയും, അഞ്ചുസെന്റിനു മുകളിലും സ്വന്തമായി കൃഷിഭൂമിയുള്ള കർഷകരാണ് പ്രധാനമന്ത്രി കിസാൻ സമ്മാനനിധിയിലേക്ക് അപേക്ഷ നൽകേണ്ടത്. ബാങ്ക് പാസ് ബുക്ക്, 2018-–-19 വർഷത്തെ കരമടച്ച രസീത്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുസഹിതം അപേക്ഷ നൽകാം.

കർഷകരാണെന്ന് സ്വയംസാക്ഷ്യപ്പെടുത്തിയാൽ മതി. അപേക്ഷ അപ്‌ലോഡ് ചെയ്യുന്നവർക്ക് ആദ്യഗഡുവായി 2000 രൂപയും മാർച്ച് 31 നുശേഷം അടുത്ത ഗഡുവും നൽകുമെന്നാണ് പറയുന്നത്. നേരത്തെ 25 ആയിരുന്നു അവസാന തിയ്യതി. ഇത് പിന്നീട് മാർച്ച് 31 വരെ നീട്ടി.

ബുധനാഴ്ചവരെ pmkissan.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷ അപ്‌ലോഡ് ചെയ്തവർക്കുമാത്രമേ പദ്ധതിയുടെ ഉദ്ഘാടനദിവസം തുക ലഭിക്കൂ. വ്യാഴാഴ്ചവരെ 18 ലക്ഷത്തിലധികം അപേക്ഷ കൃഷിഭവനുകളിൽ ലഭിച്ചെങ്കിലും ഏതാണ്ട് 50,000 അപേക്ഷയാണ് അപ്‌ലോഡായത്.

അതാത് പ്രദേശത്തെ കർഷകരുടെയും കർഷക പെൻഷൻ വാങ്ങുന്നവരുടെയുമൊക്കെ വിശദവിവരങ്ങൾ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിലുണ്ട്. അതനുസരിച്ച് ഗുണഭോക്താക്കളെ കണ്ടെത്താം. എന്നാൽ, അത് ഉപയോഗിക്കാതെ പൊതുജനത്തെ കഷ്ടപ്പെടുത്തി പണം കിട്ടാതെ വന്നാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെമേൽ ചാരാനാണ് കേന്ദ്രസർക്കാർ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *