ന്യൂഡൽഹി:
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്നു രാജ്യത്തെ എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് കൊടുത്ത കർശന നിർദ്ദേശം ജലരേഖയാകുന്നു. റിസര്‍വ് ബാങ്ക്, വായ്പ പലിശ നിരക്കുകളില്‍ വരുത്തുന്ന കുറവ് ഗുണഭോക്താക്കള്‍ക്ക് പെട്ടെന്ന് കൈമാറുന്നത് ബുദ്ധിമുട്ടാണെന്നാണ് വാണിജ്യ ബാങ്കുകളുടെ നിലപാട്.
കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ 25 ബേസിസ് പോയിന്റ്സിന്റെ കുറവു വരുത്തിയിരുന്നു. 6.50 ആയിരുന്ന റിപ്പോ നിരക്ക് കുറച്ച്, റിസര്‍വ് ബാങ്ക് 6.25 ആക്കിയിരുന്നു. 2016 ഒക്ടോബറിന് ശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക്, പലിശ നിരക്കുകളില്‍ ഇളവ് വരുത്തുന്നത്. പക്ഷേ അതിന്റെ ഒരു ആനുകൂല്യവും ഇതുവരെ ഉപഭോക്താക്കൾക്ക് ലഭിച്ചില്ല. ഇതോടെയാണ്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, രാജ്യത്തെ പൊതു മേഖല- സ്വകാര്യ മേഖല ബാങ്ക് മേധാവിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലാണ്, ബാങ്ക് മേധാവികള്‍ പെട്ടെന്ന് പലിശ നിരക്ക് കുറയ്ക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടത്.
ബാങ്കുകളുടെ അടുത്ത പലിശ നിര്‍ണയ സമയത്ത് ഇക്കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച നടത്താമെന്നും, തീരുമാനങ്ങള്‍ എടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ബാങ്ക് മേധാവികള്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ബാങ്കുകള്‍ പലിശ നിര്‍ണയിക്കുന്നത് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് – ബെയ്സ്ഡ് ലെന്‍ഡിങ് റേറ്റ് (എം.സി.എല്‍.ആര്‍) അടിസ്ഥാനപ്പെടുത്തിയാണ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിലാകും ബാങ്കുകള്‍ പലിശ നിര്‍ണയം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുക.