കൊച്ചി:
പുൽവാമ ആക്രമണത്തിനു ശേഷം, മറ്റു സംസ്ഥാനങ്ങളിലെ കാശ്മീരി വിദ്യാർത്ഥികൾ, അവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ നിന്ന് സുരക്ഷനേടാനായി സ്വന്തം നാടുകളിലേക്ക് മടങ്ങുമ്പോൾ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ധൃതിയിൽ നാട്ടിലേക്ക് മടങ്ങാതെ ഹോസ്റ്റലുകളിൽത്തന്നെ തങ്ങുകയാണ് പലരും. കേരളത്തിൽ ഇതുവരെ ഇത്തരത്തിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നതും, കേരളാ പോലീസിന്റെ സംരക്ഷണ മനോഭാവവും അവരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു.
കേരള പൊലീസിന്റെ കയ്യിൽ കേരളത്തിന്റെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ജമ്മു കശ്മീർ വിദ്യാർത്ഥികളുണ്ട്. “അവർ കേരളത്തിൽ സുരക്ഷിതരായിരിക്കും. അതിനു വേണ്ട എല്ലാ നടപടികളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും,” പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ഉറപ്പു നൽകുന്നു. “ഞങ്ങൾ നാലു പേരാണ് കാശ്മീരിൽ നിന്നും ഇവിടെ വന്നു പഠിക്കുന്നത്. ഞങ്ങൾക്കാർക്കും ക്യാമ്പസ്സിനകത്തുനിന്നോ, പുറത്തുനിന്നോ യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ല.” കുസാറ്റ് കൊച്ചിയിലെ വിദ്യാർത്ഥി ഹനാൻ മുസാഫിർ പറയുന്നു.
കാസർഗോഡ് സ്ഥിതി ചെയ്യുന്ന സെൻട്രൽ യൂണിവേഴ്സിറ്റിയിലും 4 കാശ്മീരി വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതുവരെ ആർക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്. അതേസമയം നമുക്ക് പരിഭ്രാന്തരാവേണ്ട കാര്യം ഇല്ലെന്നും, ഇതുവരെ കാശ്മീർ വിദ്യാർത്ഥികളെ ലക്‌ഷ്യം വെച്ചുള്ള സാമൂഹ്യവിരുദ്ധർ കേരളത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും മറ്റൊരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നിരുന്നാലും, കേന്ദ്ര സർവകലാശാലയിലെ കാശ്മീരി വിദ്യാർത്ഥികൾക്ക് നേരെ പോലീസിന്റെ നിരീക്ഷണമുണ്ട്. ഭീകരാക്രമണത്തിനെ സംബന്ധിച്ച പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടതിന് ആന്ധ്ര സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.
കേരളത്തിൽ തികഞ്ഞ സുരക്ഷിതത്വമാണ് അനുഭവപ്പെടുന്നതെന്ന് കേരളത്തിൽ താമസമാക്കിയ കശ്മീരി വ്യാപാരികളും അഭിപ്രായപ്പെട്ടു. ഞങ്ങൾക്കിവിടെ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കേരളത്തിലെ ആളുകൾ എല്ലാ രീതിയിലുമുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സാജിൻ ഹുസയ്ൻ ഖതായി കൂട്ടിച്ചേർത്തു. കാശ്മീരി ട്രേഡേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റാണ് ഇദ്ദേഹം. മട്ടാഞ്ചേരിയിൽ മാത്രമായി 5000 ത്തിൽ അധികം കാശ്മീരികളാണ് താമസിക്കുന്നത്. കാശ്മീരി ഷാളുകൾ, പാരമ്പര്യ ആഭരണങ്ങൾ, കാർപ്പെറ്റുകൾ തുടങ്ങിയവയാണ് പ്രധാനമായും അവർ കച്ചവടം ചെയ്യുന്നത്. നിരവധി കാശ്മീരികൾ തിരുവനന്തപുരത്തും, കോഴിക്കോടും ജോലി ചെയ്യുന്നുണ്ട്.