മലപ്പുറം:
മേലാറ്റൂര്‍ കര്‍ക്കിടാംകുന്നിലെ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് ആസ്ഥാനമന്ദിരമായി. മാറാരോഗികളുടെ ദുരിതമകറ്റാന്‍ ഏഴുവര്‍ഷം മുമ്പ് താത്കാലിക കെട്ടിടത്തിലാണ് ‘കനിവ്’ പ്രവര്‍ത്തനം തുടങ്ങിയത്. കിടപ്പിലായ രോഗികള്‍ക്കും, അശരണരും അനാഥരും നിര്‍ധനരുമായവര്‍ക്കുള്ള അഭയകേന്ദ്രം എന്ന നിലയ്ക്കാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. മങ്കട കോവിലകത്തെ കൃഷ്ണകുമാരവര്‍മ്മ, ചന്ദ്രശേഖര വര്‍മ്മ, രേണുകാരാജ, കേരളവര്‍മ്മ എന്നിവരാണ് കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ 10 സെന്റ് സ്ഥലം, സംസ്ഥാന പാതയോരത്തോടുചേര്‍ന്ന് സൗജന്യമായി നല്‍കിയത്.
2017 ഡിസംബര്‍ 13 നാണ് ഈ സ്ഥലത്ത് കനിവിനുള്ള കെട്ടിടനിര്‍മ്മാണം തുടങ്ങിയത്. ജനകീയകൂട്ടായ്മയോടെ സമാഹരിച്ച 52 ലക്ഷം രൂപ ചെലവിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തില്‍ പകല്‍വീട് ഉള്‍പ്പെടെയുള്ളവ ഒരുക്കി ഒരു ജനസേവന കേന്ദ്രമാക്കി മാറ്റാനാണ് ഭാരവാഹികള്‍ ഉദേശിക്കുന്നത്. 6000 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 24 ന് രാവിലെ 10 ന് എം.ബി. രാജേഷ് എം.പി. നിര്‍വഹിക്കും.