Sun. Nov 24th, 2024
ന്യൂഡൽഹി:

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.

ലോകകപ്പിൽ ജൂണ്‍ 16 ന് മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫഡിലാണ് ഇന്ത്യാ-പാക് മത്സരം നടക്കേണ്ടത്. 25000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഈ മത്സരം കാണാന്‍ ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത് നാല് ലക്ഷത്തിലധികം പേരാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം പക്ഷേ ഇപ്പോഴും ത്രിശങ്കുവിലാണ്.
അതിര്‍ത്തികാക്കുന്ന സൈനികരുടെ ജീവനെടുത്ത, ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാനെതിരെ കായിക രംഗത്തു ഒരു ബന്ധവും വേണ്ടെന്നാണ് ഹര്‍ഭജന്‍ സിംഗ്, കീര്‍ത്തി ആസാദ്, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, അസറുദ്ദീന്‍ തുടങ്ങിയവർ ശക്തമായി വാദിക്കുന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സുനിൽ ഗവാസ്കറും, സച്ചിൻ ടെണ്ടുൽക്കറും പാക്കിസ്ഥാനു പോയിന്റ് വെറുതെ കൊടുക്കാതെ ലോകകപ്പിൽ കളിച്ചു തോൽപ്പിക്കണം എന്ന നിലപാടുള്ളവരാണ്.

“ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താനെ തോല്‍പ്പിച്ച ചരിത്രമേ ഇന്ത്യക്കുള്ളൂ. അവര്‍ക്ക് രണ്ടു പോയിന്റ് വെറുതെ കൊടുക്കുന്നതിനോടു തനിക്ക് വ്യക്തിപരമായി യോജിക്കാനാവില്ല. അതേസമയം തന്നെ എന്റെ രാജ്യം എന്തു തീരുമാനിച്ചാലും അതിനൊപ്പമായിരിക്കും എന്റെ ഹൃദയത്തില്‍ നിന്നുള്ള ആത്മാര്‍ഥമായ പിന്തുണയെന്നും,” സച്ചിന്‍ പറഞ്ഞു.

ശശി തരൂര്‍ എംപിയും, ഇന്ത്യ, പാകിസ്താനുമായി കളിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നതു പോലെയായിരിക്കും ഇതെന്നും, കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യയും പാകിസ്താനും, ക്രിക്കറ്റ് കളിക്കുകയും, ജയിക്കുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു ശശി തരൂരിന്റെ അഭിപ്രായം. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്താനെതിരെ കളിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍, ദില്ലിയിലെ ഒരു ഹോട്ടലില്‍ ചേര്‍ന്ന ബി.സി.സി.ഐ ഭരണസമിതി യോഗം, എല്ലാ തീരുമാനവും കേന്ദ്രസർക്കാരിന് വിട്ടു.

മത്സരം ഉപേക്ഷിച്ചാല്‍ ഐ.സി.സിയുടെ അച്ചടക്കനടപടികള്‍ ഇന്ത്യക്ക് നേരിടേണ്ടി വരും. ലോകകപ്പിനെ തന്നെ ബാധിക്കും. എങ്കിലും ഏറെ രാഷ്ട്രീയമാനമുള്ള വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരുമായി ബന്ധം വിച്ഛേദിക്കാൻ ഐ.സി.സിക്ക് അയച്ച കത്തില്‍ ഭരണസമിതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പാകിസ്താനെതിരെ കളിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

10 ടീമുകളാണ് ലോകകപ്പിൽ മല്‍സരിക്കുന്നത്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിൽ, ഒമ്പത് മത്സരങ്ങള്‍ വീതം ഓരോ ടീമും കളിക്കും. ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലെത്തും. ഇന്ത്യ ശക്തമായ ടീമായതിനാല്‍ ഒരു മല്‍സരം ഉപേക്ഷിച്ചാലും സെമി സാധ്യത നിലനിൽക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ബി.സി.സി.ഐയിൽ നിന്ന് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഐ.സി.സി സി ഇ ഒ, ഡേവ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു. അതേ സമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇക്കാര്യം എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രത്യേകം ചര്‍ച്ച ചെയ്യാനാണ് ഐ.സി.സിയുടെ തീരുമാനം.

ലോകകപ്പില്‍ കളിക്കേണ്ട ആവശ്യമില്ല എന്ന് സര്‍ക്കാര്‍ പറയുകയാണെങ്കില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമായിരിക്കും താനെന്ന്, ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞു. പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കാന്‍ ഇന്ത്യക്ക് എല്ലാ അവകാശവുമുണ്ടെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *