Sat. Apr 20th, 2024
പാക് പഞ്ചാബ്:

ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സർക്കാർ. പാക് പഞ്ചാബിലെ ബഹാവൽപൂരിലാണ് ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം. ജെയ്ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകൾ സർക്കാർ ഏറ്റെടുത്തു. ജെയ്ഷെ ക്യാംപസിനുള്ളിൽ 600 വിദ്യാർഥികളും 70 അധ്യാപകരുമാണുള്ളത്. ഇവരുടെ സുരക്ഷ പഞ്ചാബ് പൊലീസ് ഏറ്റെടുത്തു. ഇവയുടെ നടത്തിപ്പിന് അഡ്മിനിസ്ട്രേററെ വച്ചതായാണ് റിപ്പോര്‍ട്ട്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ, ഹഫീസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാ അത്ത് ദുവ കഴിഞ്ഞ ദിവസം നിരോധിച്ചതിനു പിന്നാലെയാണ് പാകിസ്താന്റെ ഈ നടപടി. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് യു.എന്‍ സുരക്ഷാ കൗണ്‍സിൽ, പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെത്തുടർന്നാണു നടപടിയെന്നു പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നേരത്തെ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്.എ.ടി.എഫ്, പാകിസ്താനെ ഒക്‌ടോബര്‍ വരെ നിരീക്ഷണപട്ടികയില്‍ (ഗ്രേ ലിസ്റ്റ്) ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇത് രാജ്യാന്തര ഏജൻസികളിൽ നിന്നും വായ്പ കിട്ടാതിരിക്കാൻ കാരണമാകും എന്നതുകൊണ്ട് പാകിസ്താൻ സമ്മർദ്ദത്തിലായിരുന്നു. ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുകടക്കാനാണു പാകിസ്താന്റെ ഈ നടപടി എന്നു വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *