Wed. Jan 22nd, 2025
ചെന്നൈ:

കാലിക്കറ്റ് ഹീറോസിനെ തോൽപ്പിച്ച ചെന്നൈ സ്പാർട്ടൻസ് പ്രഥമ പ്രോ വോളിബോൾ കിരീടം ചൂടി. തോൽവി അറിയാതെ ഫൈനൽ വരെ മുന്നേറിയ കാലിക്കറ്റ് ഹീറോസിനെ, ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കു തകർത്തുകൊണ്ടായിരുന്നു, സ്വന്തം കാണികൾക്കു മുന്നിൽ ചെന്നൈ കപ്പ് ഉയർത്തിയത്. സ്കോർ 15–11, 15–12, 16–14

ടൂര്‍ണമെന്റില്‍ രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കാലിക്കറ്റിനായിരുന്നു വിജയം. അതിനാൽ ഫൈനൽ വിജയം ചെന്നൈയ്ക്ക് മധുര പ്രതികാരമായി. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച കാലിക്കറ്റ് ഹീറോസിന്റെ നിഴലുമാത്രമായിരുന്നു ചെന്നൈയില്‍ കണ്ടത്.

ആദ്യ സെറ്റിൽ ടീമുകൾ ഒപ്പത്തിനൊപ്പം പൊരുതുന്നതാണ് ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്വന്തം കാണികളുടെ അളവറ്റ പിന്തുണയോടെ കളിച്ച ചെന്നൈ 8-5 ലീഡ് നേടിയെങ്കിലും സൂപ്പർ പോയിന്റിലൂടെ കാലിക്കറ്റ് തിരിച്ചു വന്നു. എന്നാൽ തകർപ്പൻ സ്മാഷുകളിലൂടെ കളം നിറഞ്ഞു കളിച്ചു നാലു പോയിന്റ് വീതം നേടിയ, വിദേശ താരം റൂഡിയുടെയും, നവീൻ രാജയുടെയും മിന്നും പ്രകടനത്തിലൂടെ ചെന്നൈ 15–11 നു ആദ്യ സെറ്റു നേടി.

പതർച്ചയോടെയാണ് രണ്ടാം സെറ്റിലും കാലിക്കറ്റ് കളി തുടങ്ങിയത്. വിനീത് ജെറോമിന്റെ പിഴവുകൾ മുതലെടുത്തു ചെന്നൈ അതിവേഗം സ്കോറിങ് തുടങ്ങി. എങ്കിലും അജിത് ലാലിന്റെ സ്പൈക്കുകളിലൂടെ കാലിക്കറ്റ് തിരിച്ചു വന്നു. 6–6ന് അജിത് ഒപ്പമെത്തിച്ചെങ്കിലും റൂഡി തകർത്തടിച്ചപ്പോൾ ചെന്നൈ വീണ്ടും കുതിച്ചു. പക്ഷെ മലയാളി താരം അഖിന്റെ മികവിൽ, പത്തൊമ്പതു മിനിറ്റുകൊണ്ട് രണ്ടാം സെറ്റും ചെന്നൈ നേടി.

മൂന്നാം സെറ്റ് രണ്ടു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ജെറോമും അജിത്‌ലാലും കാലിക്കറ്റിനു വേണ്ടിയും നവീനും അഖിനും ചെന്നൈക്ക് വേണ്ടിയും ശക്തമായ പോരാട്ടം കാഴ്ചവെച്ചു. കാണികളെ മുൾ മുനയിലാക്കികൊണ്ടു സ്കോർ 14 -14 ആയെങ്കിലും നിർണ്ണായക ഘട്ടത്തിൽ കാലിക്കറ്റ് ക്യാപ്റ്റൻ ജെറോം വിനീത് സർവീസ് നഷ്ടപ്പെടുത്തിയതോടെ, ചെന്നൈ സെറ്റും കിരീടവും സ്വന്തം പേരിലാക്കി.

കാലിക്കറ്റിനു വേണ്ടി ഒമ്പതു പോയിന്റ് നേടിയ അജിത് ലാൽ ആണ് ടോപ് സ്‌കോറർ. കനത്ത സർവുകളും മിന്നുന്ന സ്പൈക്കുകളുമായി ചെന്നൈയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച നവീൻ രാജ ജേക്കബ് ആണ് കളിയിലെ താരം. പ്രോ വോളിയിലെ കിരീട നേട്ടത്തോടെ FIVB യുടെ ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനുള്ള യോഗ്യത ചെന്നൈ സ്പാർട്ടൻസ് നേടി.

കളിമികവ് കൊണ്ടും, സംഘടനാ മികവുകൊണ്ടും വാൻ വിജയമായിരുന്നു ഇന്ത്യയിൽ ആദ്യമായി നടന്ന സൂപ്പർ വോളിബോൾ ലീഗ്. തന്റെ കരിയറിൽ കളിച്ചതിൽ, ഏറ്റവും മികച്ച ലീഗായിരുന്നു പ്രോ വോളി ലീഗെന്ന്, കനേഡിയൻ താരം റൂഡി വെർഹോഫ് മത്സരശേഷം അഭിപ്രായപ്പെട്ടതിൽ സംഘാടകർക്കു അഭിമാനിക്കാം. കേരളത്തിനായി കളത്തിലിറങ്ങിയ രണ്ടു ടീമുകളും നിരാശപ്പെടുത്തിയുമില്ല. ഫൈനലിനോടൊപ്പം നടന്ന വനിതകളുടെ പ്രദർശന മൽസരത്തിൽ ബ്ലൂ ടീം 15–5, 12–15, 15–6ന് യെല്ലോ ടീമിനെ കീഴടക്കി.

Leave a Reply

Your email address will not be published. Required fields are marked *