Mon. Dec 23rd, 2024
ബെംഗളൂരു:

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേരിലെ ‘കറാച്ചി’ മറച്ചു വെച്ച് ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള കറാച്ചി ബേക്കറി. പാകിസ്താൻ നഗരത്തിന്റെ പേരാണെന്നും, പേരു മാറ്റണമെന്നും പറഞ്ഞ് നേരത്തെ ചിലര്‍ ബേക്കറിയുടെ പേരു മറച്ചു വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംഘടിച്ചെത്തിയ ആളുകള്‍ ബേക്കറിക്കു മുമ്പില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്, ആള്‍ക്കൂട്ട ആക്രമണത്തെ ഭയന്ന് കടയുടമകള്‍ പേരു മറച്ചുവയ്ക്കാൻ നിര്‍ബന്ധിതരാകുകയായിരുന്നു. നിരവധി ഭീഷണി സന്ദേശങ്ങൾ ബേക്കറിയിലേക്ക് വന്നതായും റിപ്പോര്‍ട്ടുണ്ട്.

ബേക്കറിയുടെ എല്ലാ ഔട്ട്ലെറ്റുകളും പൂട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ ഇന്ദിരപുരിലെ ബേക്കറിക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. സൈൻ ബോർഡ് മാറ്റണമെന്നായിരുന്നു ആവശ്യം. അതേസമയം ബേക്കറിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. അസഹിഷ്ണുതാപരമായ നടപടിയാണിതെന്നാണ് ബേക്കറിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എതിർപ്പ് ഉയരുന്നത്.

വെള്ളിയാഴ്ച രാത്രി എട്ടിനും 8.30നും ഇടയിലാണ് ഇന്ദിരാനഗര്‍ റോഡില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള ഹോട്ടലിന് മുമ്പില്‍ ആക്രമികള്‍ തടിച്ചുകൂടിയത്. 1953 ൽ സ്ഥാപിക്കപ്പെട്ട സ്ഥാപത്തിന്റെ പേരു മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കടയിലെ ജീവനക്കാരെക്കൊണ്ട് നിര്‍ബന്ധിച്ച് കറാച്ചി എന്ന ഭാഗം മറയ്ക്കുകയും ചെയ്തു. ഇതിന് പുറമേ ത്രിവര്‍ണ പതാകയും ബേക്കറിക്ക് മുമ്പില്‍ തൂക്കിയിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഫെബ്രുവരി 17 മുതൽ ഇവർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് വിവരം. അക്രമികളെ ഭയന്ന് ബേക്കറിക്കകത്ത് പലയിടങ്ങളിലും ഇന്ത്യൻ പതാക സ്ഥാപിച്ചിട്ടുണ്ട്. ഫ്രൂട്ട് ബിസ്കറ്റ്, പ്ലം കേക്ക് എന്നിവയ്ക്ക് ഏറെ പ്രശസ്തമായ കറാച്ചി ബേക്കറിയുടെ ആസ്ഥാനം ഹൈദരാബാദാണ്. ദക്ഷിണേന്ത്യയിലുടനീളവും വടക്കേ ഇന്ത്യയിൽ ഡൽഹി ഉള്‍പ്പെടുന്ന പ്രധാന നഗരങ്ങളിലും ഇവര്‍ക്കു ശാഖകളുണ്ട്.

കറാച്ചി ബിസ്കറ്റ് ഉള്‍പ്പെടെ ഇവരുടെ തനത് ഉത്പന്നങ്ങള്‍ പ്രസിദ്ധമാണ്. പാകിസ്താൻ നഗരമായ കറാച്ചിയുടെ പേരാണ് ബ്രാന്‍ഡിനെങ്കിലും 1947ല്‍ ഇന്ത്യാ വിഭജന സമയത്ത് നിലവിൽ പാക്കിസ്ഥാന്‍റെ ഭാഗമായ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിൽ നിന്ന് ഹൈദരാബാദിലേയ്ക്ക് കുടിയേറിയ ഖാൻചന്ദ് രാംനാനി എന്നയാളാണ് കറാച്ചി ബേക്കറിയ്ക്ക് തുടക്കമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *