Sun. Dec 22nd, 2024
മലപ്പുറം:

പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കു നേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ പതിച്ച വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ. 

ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ മലപ്പുറം ഗവ. കോളജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി മേലാറ്റൂർ എടയാറ്റൂർ സ്വദേശി റിൻഷാദ്, ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥി, പാണക്കാട് സ്വദേശി ഹാരിസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഇന്നലെ വീട്ടിൽ നിന്നാണ് പോലീസ് റിൻഷാദിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറായിട്ടില്ല. ഇന്നലെ രാത്രി പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

പുൽവാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോളേജിൽ പോസ്റ്റര്‍ പതിച്ചിരുന്നു.

കസ്റ്റഡിയിലുള്ള റിൻഷാദ്, റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം പ്രതിനിധിയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കോളേജില്‍ രൂപീകരിച്ച ഈ സംഘടനയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം എന്നാവശ്യപ്പെട്ട് ഇവര്‍ നേരത്തെ പ്രിന്‍സിപ്പലിനെ സമീപിച്ചിരുന്നു. എന്നാല്‍ തീവ്ര ഇടതുപക്ഷ സംഘടന എന്ന കാരണം പറഞ്ഞു സംഘടനയ്ക്ക് നേരത്തെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. സംഘടനയ്ക്ക് പുറമേ നിന്ന് സഹായങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *