പാലക്കാട്:
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു. ആദിവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പതിനാറു പ്രതികള്‍ അറസ്റ്റിലായെങ്കിലും കേസില്‍ ഇതു വരെ വിചാരണ പോലും തുടങ്ങിയിട്ടില്ല. സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുളള നീക്കം സര്‍ക്കാര്‍ മരവിപ്പിച്ചതും, ജഡ്ജി നിയമനം വൈകുന്നതും, കേസുമായി ബന്ധപ്പെട്ട നടപടികളെ ബാധിച്ചതാണ് മെല്ലെപ്പോക്കിനു കാരണം.
മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ഫെബ്രുവരി 22 ന് വൈകീട്ടാണ് അട്ടപ്പാടി ചിണ്ടക്കി ഊരിെല മധു കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസം 11,640 പേജുളള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡി വൈ എസ് പി മണ്ണാര്‍ക്കാട് എസ്‌സി–എസ്ടി സ്പെഷൽ കോടതിയില്‍ സമര്‍പ്പിച്ചു.
എന്നാല്‍ കേസിന്റെ ആദ്യ ഘട്ടത്തിലെ വേഗത പിന്നീടുണ്ടായില്ല. കേസില്‍ ഇതുവരെയും വിചാരണ ആരംഭിച്ചിട്ടില്ല. കൂടാതെ പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയായിട്ടില്ല. കോടതിയിലെ ജഡ്ജി സ്ഥലം മാറിപ്പോയതിനാല്‍ പകരം ഇതുവരെ നിയമനം നടന്നിട്ടില്ല. ആഴ്ചയിൽ ഒരു ദിവസം, മറ്റു കേസുകൾ ഉൾപ്പെടെ പരിഗണിക്കാന്‍ സ്ഥലം മാറിപ്പോയ ജഡ്ജി എത്തുന്നതാണ് രീതി. സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആദിവാസി സംഘടനകളും, മധുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. നിയമമന്ത്രി എ.കെ.ബാലന്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കി, മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും പിന്നീട് മരവിപ്പിച്ചു.
എസ്‌സി, എസ്.ടി സ്പെഷൽ കോടതിയിലെ പ്രോസിക്യുട്ടർ തന്നെയാണ് മധുവിന്റെ കേസിലും ഹാജരാകുന്നത്. കോടതിയിലെ മറ്റു കേസുകള്‍ക്കൊപ്പം ഈ കേസും ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. മധുവിന്റെ ദൃശ്യങ്ങൾ പകര്‍ത്തിയ, പ്രതികളുടെ എട്ടു മൊബൈല്‍ഫോണുകളും, മുക്കാലി ജംഗ്ഷനിലെ മൂന്നു സി.സി.ടി.വി ക്യാമറകളും, പ്രതികള്‍ സഞ്ചരിച്ച അഞ്ചു വാഹനങ്ങളും 165 പേരുടെ മൊഴിയും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം.
ഏറെ ചർച്ച ചെയ്യപ്പെടുകയും, പരക്കെ അപലപിക്കപ്പെടുകയും ചെയ്ത സംഭവമാണ് അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധുവിന്റെ കൊലപാതകം. മറ്റു പല കേസുകള്‍ക്കും സംഭവിച്ച രീതിയില്‍, ആദ്യ ഘട്ടത്തിലുണ്ടായ അന്വേഷണവും വേഗതയും, കേസില്‍ പിന്നീട് ഉണ്ടായില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതിനിടെ കേസില്‍ സൗജന്യമായി നിയമ സഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഉള്‍പ്പടെ ഉള്ളവര്‍ വന്നെങ്കിലും മധുവിന്റെ കുടുംബം അതു നിരസിക്കുകയായിരുന്നു.