Mon. Dec 23rd, 2024
ബംഗളൂരു:

യു എസ് പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍, കോംമ്പാറ്റ് ജെറ്റ് എഫ് 21 യുദ്ധ വിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് തദ്ദേശീയ യുദ്ധ വിമാന നിര്‍മ്മാണം നടക്കുക. ടാറ്റയുടെ പ്രതിരോധ കമ്പനിയായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവുമായി സഹകരിച്ചാണ് എഫ് 21 യുദ്ധവിമാന നിര്‍മ്മാണം.

രാജ്യത്തെ പ്രധാന എയര്‍ഷോകളില്‍ ഒന്നായ ബംഗളൂരുവിലെ എയ്റോ ഇന്ത്യ എയര്‍ ഷോയില്‍ വച്ചാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേനയ്ക്കു വേണ്ടി, ഇവിടത്തെ സ്ഥിതിഗതികളും ആവശ്യങ്ങളും അനുസരിച്ച്‌ പ്രത്യേകമായി നിര്‍മ്മിക്കുന്ന എഫ്-21 വിമാനങ്ങളാകും ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുക.

നേരത്തെ എഫ്-16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നാണ് ലോക്ഹീഡ് മാര്‍ട്ടിന്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പാകിസ്താനടക്കമുള്ള രാജ്യങ്ങളുടെ പക്കല്‍ ഇപ്പോഴേ ഈ വിമാനമുള്ളതിനാല്‍ ഇതിനോട് ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് അത്യാധുനിക എഫ്-21 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ലോക്ഹീഡ് മാര്‍ട്ടിന്‍ തയ്യാറായത്. ഇത് ചുരുക്കം ചില രാജ്യങ്ങൾക്കു മാത്രമേ ലഭ്യമായിട്ടുള്ളു.

ഇന്ത്യയ്ക്കു വേണ്ടി ഒരുക്കുന്ന എഫ് -21 പുറത്തും അകത്തും വ്യത്യസ്തമായിരിക്കും. ഇവിടത്തെ കാലാവസ്ഥയുമായി യോജിച്ച മാറ്റങ്ങളും ഉണ്ടാകും. ഇന്ത്യന്‍ പര്‍വതമേഖലകളിലൂടെയെല്ലാം പറത്താന്‍ അനുയോജ്യമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തും. ഇന്ത്യ- യുഎസ് സഹകരണം മെച്ചപ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് അമേരിക്കന്‍ കമ്പനിയായ ലോകഹീഡ് മാര്‍ട്ടിന്‍ വൈസ് പ്രസിഡന്റ് ഡോ. വിവേക് ലാല്‍ വ്യക്തമാക്കി.

1500 കോടി ഡോളറിന്റെ ഈ കരാർ ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്തുന്നതോടൊപ്പം അനേകം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ F -22, F -35 എന്നിവയുടെ സാങ്കേതിക യുദ്ധമികവുകൾ F -21 ലും ഉണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. 30000 മീറ്റർ ഉയരത്തിൽ പറക്കാനും, 2285 കിലോമീറ്റർ വേഗത കൈവരിക്കാനും 7250 കിലോ ആയുധങ്ങൾ കൈവരിക്കാനും ഈ യുദ്ധവിമാനങ്ങൾക്കു ശേഷിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *