Sat. Apr 27th, 2024
അൽഖൈൻ, ദുബായ്:

ഭർത്താവ് ഉപേക്ഷിച്ചു പോയതിനാൽ, ഇരുപതു വര്‍ഷത്തോളമായി, പാസ്പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്ലാറ്റില്‍ കഴിയുന്ന ശ്രീലങ്കക്കാരി ഫാത്തിമയും നാലു പെൺമക്കളും നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടി കാത്തിരിക്കുന്നു. പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുൽ സമദാണ് തന്റെ ഭാര്യയോടും കുഞ്ഞുങ്ങളാടും ക്രൂരത കാട്ടി അവരെ ദുബായിൽ ഉപേക്ഷിച്ചു നാട്ടിലേക്ക് കടന്നു കളഞ്ഞത്.

പത്തൊമ്പതു വർഷം മുൻപാണ് സമദ്, ശ്രീലങ്കക്കാരി ഫാത്തിമയെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഒരു ആൺകുഞ്ഞിനെ വേണമെന്നായിരുന്നു സമദിന്റെ ആഗ്രഹം. 19 വര്‍ഷത്തിനിടെ ഇരുവര്‍ക്കും നാലു പെണ്‍മക്കള്‍ ഉണ്ടായെങ്കിലും, ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാത്തിമ പറയുന്നു. അവസാനത്തെ കുട്ടി എങ്കിലും ആണായിരിക്കും എന്ന സമദിന്റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ ആശുപത്രിക്കിടക്കയില്‍ വച്ചും ദ്രോഹിച്ചു. ഒടുവില്‍, പെണ്‍മക്കളെ മാത്രം പ്രസവിക്കുന്ന തന്നെ വേണ്ടെന്ന് പറഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് ഭര്‍ത്താവ് നാടു വിട്ടതായും, ഫാത്തിമ പറയുന്നു.

നാട്ടില്‍ എത്തിയ ശേഷം ഒരുതവണ സമദ് വിളിച്ച്, തനിക്ക് ഇവിടെ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും, ഇനി ദുബായിലേക്ക് ഇല്ലെന്നും അറിയിച്ചതായി ഫാത്തിമ പറയുന്നു. 14 മുതല്‍ 18 വയസ്സു വരെയുളള കുട്ടികള്‍ ഇതുവരെ സ്കൂളില്‍ പോലും പോയിട്ടില്ല. അറബി വീടുകളിൽ ജോലി ചെയ്താണ് ഫാത്തിമ കുടുംബം പോറ്റുന്നത്. ശ്രീലങ്കയിലേക്ക് മടങ്ങാൻ അധികൃതരുടെ സഹായം തേടുകയാണ് ഈ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *