ബഹ്റൈൻ:
ബഹ്റൈനിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിവേഗ മെട്രോ റെയിൽ ശൃംഖലയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷാവസാനത്തോടെ ആരംഭിക്കും. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗതാഗത ശ്യംഖല 1 മുതൽ 2 ബില്യൺ ഡോളർ വരെ മുതൽ മുടക്കിലാണ് നിർമിക്കുക.
രണ്ടായിരത്തോളം തൊഴിലവസരങ്ങൾ പുതിയ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും. ബഹ്റൈൻ ജനത പ്രതീക്ഷയോടെ നോക്കിക്കാണുന്ന മെട്രോ ട്രെയിൻ പദ്ധതി 2030 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറിൽ നാല്പത്തി മൂവായിരം യാത്രക്കാർക്ക് ഗതാഗത സൗകര്യം നൽകുന്ന പദ്ധതിയിൽ 20 മെട്രോ സ്റ്റേഷനുകളുണ്ടാകും.
109 കിലോമീറ്റർ ദൈർഘ്യത്തോടെ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിലായിരിക്കും നിലവിൽ വരിക. അത്യാധുനിക ഡ്രൈവർ രഹിത ഇലക്ട്രിക് മെട്രോ ട്രെയിൻ അന്തരീക്ഷ മലിനീകരണം കുറക്കുന്ന രീതിയിൽ ലോകോത്തര സംവിധാനങ്ങളോടെയാണ് നടപ്പിൽ വരുക. മെട്രോ ട്രെയിൻ ചീറിപ്പായുന്നതോടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.