Fri. Nov 22nd, 2024
ന്യൂഡൽഹി:

സൗദി അറേബ്യന്‍ ജയിലുകളിലെ 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. ഇന്ത്യാസന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന വിവരം സൗദി കിരീടാവകാശി പ്രഖ്യാപിച്ചത്. ഇതോടൊപ്പം, ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വോട്ട രണ്ടു ലക്ഷമായി ഉയര്‍ത്താനും, സൗദി ഭരണകൂടം തീരുമാനിച്ചതായി മുഹമ്മദ് ബിന്‍ സല്‍മാൻ അറിയിച്ചു.

2884 ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ തടവുകാരായി ഉണ്ടെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും, സൗദിയുടെ ഇന്റലിജന്‍സ് വിവരങ്ങളടക്കം ഇന്ത്യയുമായി പങ്കുവെയ്ക്കുമെന്നും, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും, സൗദി കിരീടാവകാശിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍, അഞ്ചു ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

പെട്രോ-കെമിക്കല്‍സ്, ഊര്‍ജ്ജം, റിഫൈനറി, അടിസ്ഥാനസൗകര്യ വികസനം, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിലായി 100 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്നും സൗദി കിരീടാവകാശി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *