ദുബായ്:
രാജ്യസഭയിൽ ജനപ്രാതിനിധ്യ ബിൽ ചർച്ചക്ക് എടുക്കാതിരുന്നതിനാല്‍ പ്രവാസികളുടെ പ്രോക്സി വോട്ടിനുള്ള കാത്തിരിപ്പ് വിഫലമായി. ജനപ്രാതിനിധ്യ ബിൽ 2018 ഓഗസ്റ്റില്‍ ലോക്സഭയിൽ പാസായതാണ്. രാജ്യസഭയിൽ ജനുവരി 31ന് ആരംഭിച്ച്, ഫെബ്രുവരി 13 ന് അവസാനിച്ച ബജറ്റ് സമ്മേളനത്തിൽ ഈ ബിൽ പാസ്സാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു പ്രവാസികൾ. 2013 ല്‍ രണ്ടു പ്രവാസി ഇന്ത്യക്കാർ പ്രോക്സി വോട്ടുമായി ബന്ധപെട്ട് സുപ്രിംകോടതിയിൽ ഫയൽ ചെയ്യപ്പെട്ട പൊതു താല്പര്യ ഹർജിയിൻമേൽ തീരുമാനമെടുക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ലോകസഭയിൽ പാസ്സാക്കിയ ബില്ല്, രാജ്യസഭയിൽ അംഗീകാരത്തിനായി വെക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണയും അതുണ്ടായില്ല. അതിനാല്‍ ഈ വരുന്ന ലോകസഭ തിരെഞ്ഞടുപ്പിൽ സ്വന്തം മണ്ഡലങ്ങളിൽ നേരിട്ട് എത്തി വോട്ട് ചെയ്യുവാൻ മാത്രമേ പ്രവാസികൾക്ക് സാധിക്കൂ.
ഏത് തിരഞ്ഞെടുപ്പായാലും നാട്ടിലുള്ളവരെക്കാൾ ആവേശം പ്രവാസികൾക്കാണ്. പക്ഷെ, ഇവരിൽ ഭൂരിഭാഗം പേർക്കും രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കാറില്ല. യാത്രയ്ക്കായി വേണ്ടിവരുന്ന ഭീമമായ തുകയാണ് പ്രവാസികളെ വോട്ടെടുപ്പിൽ നിന്നു പിന്തിരിപ്പിക്കുന്നത്. ഇതിനൊരു പരിഹാരമായി മറ്റു രാജ്യങ്ങൾ ചെയ്യുന്നപോലെ പ്രോക്സി വോട്ടിങ് എന്ന സംവിധാനം വേണമെന്നതു പ്രവാസികളുടെ ചിരകാല ആവശ്യമായിരുന്നു.
പ്രവാസികൾക്ക്, അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ, പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്. വോട്ടർപ്പട്ടികയിലുള്ള പ്രവാസിയുടെ അതേ മണ്ഡലത്തിലുള്ള, വോട്ടർ പട്ടികയിൽ പേരുള്ള, പ്രവാസി നിയോഗിക്കുന്ന പ്രതിനിധിക്കാണ് വോട്ട് ചെയ്യാനാകുക. വോട്ടു ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം. ഒരു തവണ നിയോഗിക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.