വത്തിക്കാൻ:
വർദ്ധിച്ചു വരുന്ന, വൈദികരുടെ ലൈംഗികാതിക്രമം തടയുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച മെത്രാന്മാരുടെ യോഗം ഇന്ന് വത്തിക്കാനിൽ തുടങ്ങും. ഇന്ത്യയിൽ മുൻ ജലന്ധർ രൂപത അധ്യക്ഷൻ ഫ്രാങ്കോ ഉൾപ്പെടെയുള്ളവർ ബലാത്സംഗക്കേസിൽ പ്രതികളായതിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭ പ്രതിരോധത്തിൽ ആയിരുന്നു.
130 രാജ്യങ്ങളില്‍ നിന്നായി, വിവിധ മെത്രാന്‍ സമിതികളുടെ 130 പ്രതിനിധികളും വത്തിക്കാന്‍ പ്രതിനിധികളും ഉള്‍പ്പെടെ 190 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഇതിൽ സന്യാസിനി സഭകളെ അടക്കം പ്രതിനിധീകരിച്ച് കന്യാസ്ത്രീകളടക്കം 10 വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു.
വൈദികരും മെത്രാന്‍മാരുമടക്കം കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നത് യാഥാര്‍ത്ഥ്യമാണെന്നും, ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മാര്‍പാപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ ലൈംഗിക അതിക്രമങ്ങളല്ല, അധികാര ദുർവിനിയോഗമാണ്, സഭ നേരിടുന്ന പ്രധാന വെല്ലുവിളി എന്ന വിമർശനവുമായി രണ്ടു കർദ്ദിനാളന്മാർ, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തുറന്ന കത്തെഴുതി.
50 വർഷം മുൻപ് കൗമാരക്കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റക്കാരനായി കണ്ട വാഷിങ്ടണിലെ മുൻ ആർച്ച്ബിഷപ്പും മുൻ കർദ്ദിനാളുമായ തിയഡോർ മക്കാരിക്കിനെ കഴിഞ്ഞ ദിവസം മാർപാപ്പ വൈദിക വൃത്തിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
ആഗോള കത്തോലിക്കാ സഭയിൽ ഏറ്റവും കെട്ടുറപ്പുള്ള കേരളത്തിലെ സീറോ മലബാർ സഭയിൽ പോലും ലൈംഗിക ആരോപണങ്ങൾ ഉണ്ടാകുന്നത് വത്തിക്കാൻ ഗൗരവമായാണ് കാണുന്നത്. കഴിഞ്ഞ ആഴ്ച കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വർഷത്തെ കഠിന തടവും മൂന്നു ലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിരുന്നു.
സഭാനിയമങ്ങളില്‍ മാറ്റമുണ്ടാക്കുകയല്ല, മറിച്ച് ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യതയും ഉത്തരവാദിത്തവും പ്രതിബദ്ധതയും കൊണ്ടുവരാനും കര്‍ക്കശമായ നടപടികള്‍ ഉറപ്പാക്കാനുമാണ് മാർപാപ്പയുടെ നീക്കം.