Thu. Apr 25th, 2024
കോഴിക്കോട്:

നഗരത്തിൽ പിടിമുറുക്കിയ മയക്കുമരുന്ന് സംഘത്തിനെ വലയിലാക്കി സിറ്റി പൊലീസ്. കഴിഞ്ഞ 20 ദിവസങ്ങൾക്കിടെ പൊലീസ് നടത്തിയ പരിശോധനയിൽ 128 കേസുകളിൽ 157 പേരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ കോറി സഞ്ജയ് കുമാർ ഗുരുഡിൻെറ നിർദ്ദേശ പ്രകാരമാണ് പൊലീസിൻെറ പ്രത്യേക പരിശോധന. അടുത്തിടെയായി നഗരത്തിൽ ലഹരി ഉപയോഗം കൂടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഗുളികരൂപത്തിലുള്ള മയക്കുമരുന്നുകൾ പ്രധാനമായും മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് അതിർത്തി ചെക്പോസ്റ്റുകൾ കടന്ന് കേരളത്തിലെത്തുന്നത്. ഇവയാണ് പല ഏജന്റുകൾ വഴി നഗരത്തിൽ വിതരണം ചെയ്യുന്നത്. പെട്ടിക്കടകളും മറ്റും കേന്ദ്രീകരിച്ച് കോഡുഭാഷകളിലാണ് ഇവ വിൽക്കപ്പെടുന്നത്. മറ്റ് മയക്കുമരുന്നുകളായ കറുപ്പ്, കൊക്കെയ്ൻ, കഞ്ചാവ്, ഹാഷീഷ്, ഹിറോയിൻ, ബ്രൗൺഷുഗർ, മാജിക് കൂണുകൾ, എൽ.എസ്.ഡി തുടങ്ങിയവ പ്രത്യേക ഏജന്റുമാർ വഴിയാണ് വിൽക്കപ്പെടുന്നത്. ട്രെയിനിലും ബസിലുമെത്തിച്ചാണ് ഏജന്റ്മാർക്ക് ഇതു വിതരണം ചെയ്യുന്നത്.

നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 48 കേസുകളിൽ 48 പേരും മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട 74 കേസുകളിൽ 102 പേരുമാണ് പിടിയിലായിട്ടുള്ളത്. നിരോധിത പുകയില വിൽപ്പന (കോപ്റ്റ) സംബന്ധിച്ച് ആറു കേസുകളിൽ ഏഴു പേരും അറസ്റ്റിലായി.
ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത് പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *