കൊച്ചി:
മക്കളില്‍ നിന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കില്‍ മാതാപിതാക്കളുടെ താത്പര്യപ്രകാരം ഇനി സ്വത്ത് സര്‍ക്കാറിന് നല്‍കാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നതിന് വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ് സാമൂഹികനീതി വകുപ്പ്. ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച കരട് രൂപം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് സാമൂഹികനീതി വകുപ്പു തയ്യാറാക്കി വരുന്നത്. ജൂണ്‍ മാസത്തിനു മുമ്പ് ട്രസ്റ്റ് നിലവില്‍ വരും. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ എത്തിപ്പെടുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സര്‍ക്കാരിന് സംഭാവന ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്.
എന്നാല്‍, നിലവില്‍ ഇത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല, ഇതിനാലാണ് പുതിയ ട്രസ്റ്റ് വരുന്നത്. വയോജന ക്ഷേമ ട്രസ്റ്റ് രൂപവത്കരിച്ച് ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് നീക്കം. സാമൂഹികനീതി വകുപ്പ് മന്ത്രി ചെയര്‍മാനായ സീനിയര്‍ സിറ്റിസണ്‍ കൗണ്‍സിലിന് കീഴിലാകും ട്രസ്റ്റ് പ്രവര്‍ത്തിക്കുക. പണമായും ഭൂമിയായും ട്രസ്റ്റിന് ലഭിക്കുന്ന സ്വത്ത് സംരക്ഷിക്കാനും ആരോരുമില്ലാത്ത വയോജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുമാണ് പദ്ധതി. വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, ഭിന്നശേഷിക്കാരായ വയോധികര്‍ക്ക് വീല്‍ചെയര്‍ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്ക് ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും.
ട്രസ്റ്റ് വരുന്നതോടെ വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ സുതാര്യവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ. മലപ്പുറം, തൃശൂര്‍ അടക്കമുള്ള ജില്ലകളിലെ വൃദ്ധസദനങ്ങളിലെത്തിയ ചിലര്‍ സ്വത്ത് സര്‍ക്കാറിന് സംഭാവന ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കോടികള്‍ വിലയുള്ള കെട്ടിടം വരെ ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വന്തമായുള്ള വീട് പണയപ്പെടുത്തി, പ്രതിമാസം ഒരു നിശ്ചിത സംഖ്യ വരുമാനമായി ലഭിക്കാനോ നല്ല സംഖ്യ മറ്റു നിക്ഷേപം നടത്താനുള്ള മൂലധനമായി ലഭിക്കാനോ, സാധിക്കുന്ന തരത്തില്‍ റിവേഴ്‌സ് മോര്‍ട്ട്ഗേജ് എന്ന പേരില്‍ ഒരു പദ്ധതി നിലവിലുണ്ട്. സ്വന്തം വീട് ബാങ്കിന് ഈടായി നൽകി നിശ്ചിത തുക, മാസം ബാങ്ക് നൽകുന്ന സംവിധാനമാണിത്. 60 വയസ്സു കഴിഞ്ഞ വർക്കുള്ളതാണ് ഈ വായ്പ. ഇങ്ങനെ പണം നൽകുമ്പോൾ വീടിന്റെ ഉടമസ്ഥതയില്‍ ബാങ്കിനും പങ്കാളിത്തം വരും. ബാങ്കിന് ഈടു നൽകുന്ന ആസ്തിയുടെ മൂല്യം കണക്കാക്കി സ്ഥിരപലിശനിരക്കിലാണ് വായ്പ നൽകുക. മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പ ലഭിക്കും.
വായ്പ നേടിയ വ്യക്തിയുടെ കാലശേഷം ബാങ്കിന്റെ ബാദ്ധ്യത തീർത്ത് മക്കൾക്കോ ബന്ധുക്കൾക്കോ വീടും സ്ഥലവും സ്വന്തമാക്കാനും അല്ലെങ്കിൽ ബാങ്കിന് ജപ്തിയിലൂടെ ഈടാക്കാനും സാധിക്കുന്ന തരത്തിലാണ് റിവേഴ്‌സ് മോര്‍ട്ട്ഗേജ് വ്യവസ്ഥകള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് ജില്ലയില്‍ രാജമ്മ എന്ന സ്ത്രീയുടെ അപേക്ഷ പരിഗണിച്ച് റിവേഴ്‌സ് മോര്‍ട്‌ഗേജ് പദ്ധതി പ്രകാരം പണം നൽകാൻ കനറാ ബാങ്കിനോട് പാലക്കാട് ആർ.ഡി.ഒ. നിർദേശിച്ചിരുന്നു. 2007-ലെ മുതിർന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും പരിപാലന നിയമപ്രകാരം രാജമ്മ രജിസ്റ്റർ ചെയ്ത കേസിലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായായി റിവേഴ്‌സ് മോർട്ട്ഗേജിനുള്ള നിർദ്ദേശം ഉണ്ടായത്.