കൊച്ചി:
ബലാത്സംഗത്തിന് ഇരയായവര്‍, കീഴ്‌കോടതികളിലെ വിചാരണഘട്ടത്തില്‍, ഒട്ടേറെ വിഷമങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹൈക്കോടതി. വിചാരണക്കിടെ ഇരയായ സ്ത്രീകളോട്, അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട്, ധാരാളം പരാതി ലഭിക്കുന്നുണ്ടെന്നു ജസ്റ്റിസ് രാജാ വിജയരാഘവന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍, വനിത ജഡ്ജിയെ വിചാരണക്ക് നിയോഗിക്കണമെന്നാവശ്യപ്പെട്ട് നടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. ഹരജി വിധി പറയാനായി മാറ്റി.
നടിയുടെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നുള്ള ആവശ്യം എതിര്‍ത്തും, വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയും, കക്ഷിചേരാന്‍ ഒന്നാംപ്രതി പള്‍സര്‍ സുനി നല്‍കിയ അപേക്ഷ സര്‍ക്കാരും, ഇരയുടെ അഭിഭാഷകനും എതിര്‍ത്തു. വനിത ജഡ്ജി വേണമെന്നില്ലെന്നും അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും ഇതിനിടെ സുനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
ഇരയുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്നും, ഇരയുടെ വിഷമം നിങ്ങള്‍ക്കു മനസ്സിലാവില്ല എന്നും ചൂണ്ടിക്കാട്ടിയാണ് കോടതി അനാവശ്യ ചോദ്യങ്ങളെക്കുറിച്ചുള്ള പരാതികളെ പരാമര്‍ശിച്ചത്.