Sun. Nov 17th, 2024
കൊച്ചി:

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ബഹുനിലക്കെട്ടിടത്തില്‍ ആളി പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവികസേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് തീ അണച്ചത്. പ്രമുഖ ചെരിപ്പ് നിര്‍മ്മാണ കമ്പനിയായ പാരഗണിന്റെ ഗോഡൌണിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ പടരുന്ന സമയത്ത് ഏകദേശം 28 തൊഴിലാളികള്‍ ഈ ഗോഡൌണിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ജീവനക്കാര്‍ ഇറങ്ങിയോടിയത് കാരണമാണ് വന്‍ അപകടം ഒഴിവായത്. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും പോലീസ് അറിയിച്ചു. ആറു നിലകളുള്ള ഗോഡൌണിന്റെ അഞ്ചു നിലകളും പൂര്‍ണ്ണമായും കത്തി നശിച്ചു. 18 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ സമയം പരിശ്രമിച്ചാണ് തീയണച്ചത്. അക്വസ് ഫിലിം ഫോമിങ്ങ് ഫോം ഉപയോഗിച്ചുകൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുന്‍കരുതലെന്നപോലെ കെട്ടിടത്തിലേക്കുളള വൈദ്യുതിബന്ധം ഉള്‍പ്പെടെ വിച്ഛേദിച്ചു കൊണ്ടായിരുന്നു തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.

അഞ്ചാം നിലയില്‍ ആണ് ആദ്യം തീപ്പിടിത്തം ഉണ്ടായത്. പിന്നീട് അതു മറ്റു നിലകളിലേക്കും പകരുകയായിരുന്നു. സമീപ പ്രദേശത്തെ ഉയര്‍ന്ന കെട്ടിടത്തില്‍ കയറി തീയണയക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ള നിലകളിലേക്ക് തീ പടർന്നു. റബ്ബർ കൊണ്ട് നിർമ്മിക്കുന്ന ചെരിപ്പുകളുടെ ഗോഡൌണാണ് എന്നതുകൊണ്ടു തന്നെ തീ വേഗത്തിൽ കത്തിപ്പടരുകയാണുണ്ടായത്.

കൊച്ചിയില്‍ സമീപകാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇതെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നു. കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നതിനെത്തുടര്‍ന്ന് കെട്ടിടം തകരാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നിലവില്‍ തീ നിയന്ത്രണവിധേയമായതോടെ അത്തരത്തില്‍ കനത്ത നാശനഷ്ടങ്ങളിലേക്ക് പോകുകയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. നേവി, മെട്രോ, ബിപിസിഎല്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ആധുനിക അഗ്നിരക്ഷാ ഉപകരണങ്ങള്‍ കൂടി സ്ഥലത്ത് എത്തിച്ചാണ് തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാനായത്. ഏകദേശം അഞ്ചു കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *