ന്യൂഡല്‍ഹി:
കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി. എറിക്‌സണ്‍ കേസില്‍ കോടയിലക്ഷ്യം നടത്തിയെന്ന ഹര്‍ജിയിലാണ് വിധി. നാലാഴ്ചയ്ക്കകം പലിശയടക്കം 453 കോടി നല്‍കണമെന്നും, പണമടച്ചില്ലെങ്കില്‍ മൂന്നു മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കോടതി ഉത്തരവിലുണ്ട്. തുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് കാണിച്ച് അനില്‍ അംബാനി നല്‍കിയ മാപ്പ് അപേക്ഷ
സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, വിനീത് സഹറാന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. ആര്‍കോമിന്റെ രണ്ടു ഡയറക്ടര്‍മാരോട്, കേസില്‍ ഒരു കോടി വീതം പിഴ അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.
എറിക്‌സണ്‍ കമ്പനിക്ക് 550 കോടി കുടിശിക നല്‍കാനുള്ള കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഫോണ്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ച വകയില്‍ ധാരണ പ്രകാരമുള്ള തുക റിലയന്‍സ് കമ്യൂണിക്കേഷന്‍ കൈമാറിയില്ലെന്നാണ് എറിക്സണിന്റെ പരാതി. ഡിസംബര്‍ 15നകം തിരിച്ച് നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ കോടതിവിധി നടപ്പായില്ലെന്ന് ആരോപിച്ചാണ് എറിക്‌സണ്‍ കമ്പനി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
തുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് കാണിച്ച് അനില്‍ അംബാനി നല്‍കിയ മാപ്പപേക്ഷ തള്ളിയ കോടതി, നാലാഴ്ചയ്ക്കകം പലിശയടക്കം 453 കോടി നല്‍കണമെന്നും പണമടച്ചില്ലെങ്കില്‍ മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും ഉത്തരവായി. സ്ഥാപനം നഷ്ടത്തിലാണെന്നും വില്‍പന നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ട് തുക തിരിച്ചടയ്ക്കാന്‍ സാവകാശം വേണമെന്നുമുള്ള അനില്‍ അംബാനിയുടെ അഭ്യര്‍ത്ഥനയും കോടതി മുഖവിലയ്‌ക്കെടുത്തില്ല. അതേസമയം, റാഫേല്‍ ഇടപാടിലടക്കം അനില്‍ അംബാനിയുടെ സ്ഥാപനത്തിന് വന്‍ തുക ലഭിച്ചിട്ടുണ്ടെന്നായിരുന്നു എറിക്‌സണ്‍ കമ്പനിയുടെ വാദം. ഇത് കൂടി കണക്കിലെടുത്താണ് നാല് ആഴ്ചക്കകം തുക തിരിച്ചടയ്ക്കണമെന്ന അന്ത്യശാസനം സുപ്രീം കോടതി നല്‍കിയത്.
നേരത്തെ സ്വീഡിഷ് കമ്പനിയായ എറിക്സണിനു വേണ്ടി ഹാജരായ ദുഷ്യന്ത് ഡേവ് 550 കോടി കോടി നല്‍കാന്‍ കയ്യില്‍ കാശില്ലെന്നു പറയുന്ന അനില്‍ അംബാനിക്ക് റാഫേല്‍ കരാറില്‍ നിക്ഷേപിക്കാനുള്ള കാശ് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കോടതിയില്‍ ചോദിച്ചിരുന്നു. റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസ്സോയുടെ ഇന്ത്യന്‍ പങ്കാളിയാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ്.
കമ്പനിയുടെ ആസ്തി വില്‍പ്പന നടത്തിയ ശേഷം പണം നല്‍കാമെന്നാണ് ധാരണ എന്ന് അനില്‍ അംബാനിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ബോധിപ്പിച്ചു. 18100 കോടി രൂപ ആസ്തി വില്‍പ്പനയിലൂടെ ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ലഭിച്ചത് 780 കോടി മാത്രമാണെന്നും റോത്തഗി പറഞ്ഞു. കേസില്‍ അനില്‍ അംബാനി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിന്‍റെ പകര്‍പ്പില്‍ മാറ്റം വരുത്തിയ സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് തിരുത്ത് വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സുപ്രീംകോടതി പുറത്താക്കിയിരുന്നു. അനില്‍ അംബാനി അടുത്ത വാദം കേള്‍ക്കുമ്പോള്‍ നേരിട്ട് ഹാജരാകേണ്ടതില്ല എന്ന സൂചന നല്‍കിയായിരുന്നു രേഖയില്‍ ഉദ്യോഗസ്ഥര്‍ എഴുതി ചേര്‍ത്തത്.