Sat. Jan 11th, 2025
സുല്‍ത്താന്‍ ബത്തേരി:

ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി, വയനാട്ടിലെ മുത്തങ്ങയില്‍ സമരം നയിച്ച ആദിവാസികള്‍ക്കു നേരെ, കേരള പോലീസ് നിറയൊഴിച്ച സംഭവത്തിനു പതിനാറു വര്‍ഷം തികയുന്നു. 2003 ഫെബ്രുവരി 19 നാണ്, എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരം കേരള പോലീസ് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്കു നേരെ നിറയൊഴിച്ചത്.

കേരളത്തിലെ ആദിവാസികൾക്കിടയിൽ 2001 ൽ ഉണ്ടായ 32 പട്ടിണി മരണങ്ങൾക്കു ശേഷമാണ് ആദിവാസികൾക്ക് സ്വന്തമായി സ്ഥലവും സഹായവും നൽകാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി നേതാവ് സി.കെ ജാനുവിന്റെ നേതൃത്വത്തിൽ, തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിൽ ആദിവാസികൾ കുടിൽ കെട്ടി, 48 ദിവസം നീണ്ടുനിന്ന സമരം ആരംഭിക്കുന്നത്. തുടർന്ന് സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം സമരം അവസാനിപ്പിച്ചെങ്കിലും കരാര്‍ പ്രകാരം ആദിവാസികള്‍ക്ക് കൃഷി ചെയ്യാനായി നല്‍കാമെന്നേറ്റ 5 ഏക്കർ വീതം കൃഷിഭൂമി നൽകുന്നതിൽ സർക്കാർ വീഴ്ചവരുത്തി.

ഇതോടെയാണ് വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആദിവാസി കുടുംബങ്ങള്‍ ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു, കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ 2003 ജനുവരി 5 ന് മുത്തങ്ങ വൈല്‍ഡ് ലൈഫ് റേഞ്ചിലെ തകരപ്പാടിയിലും സമീപങ്ങളിലും വനം കൈയേറി കുടില്‍ കെട്ടിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് പോലീസ് വനം-സേനകള്‍ സംയുക്തമായി ഫെബ്രുവരി 19 നു നടത്തിയ കുടിയിറക്കലിനിടെയാണ് പോലീസുകാരനായ വിനോദും, ആദിവാസി യുവാവായ ജോഗിയും കൊല്ലപ്പെടുന്നത്.

2003 ഫെബ്രുവരി 17 ന് വൈകീട്ട് ആദിവാസി കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന ഷെഡിന് സമീപം തീപിടിത്തമുണ്ടായതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമാവുന്നത്. തീ കത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാരോപിച്ച് ആദിവാസികൾ ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഉദ്യോഗസ്ഥരെ പിന്നീട് മോചിപ്പിച്ചെങ്കിലും, സമരക്കാരെ വനത്തിൽനിന്നു പുറത്താക്കാൻ തീരുമാനിക്കുകയും, 19 ന് പോലീസ്, കാടു വളയുകയുമായിരുന്നു. പോലീസും, സമരക്കാരുമായുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റു. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിലാണ് ജോഗി മരിക്കുന്നത്. ഇതിനിടയിൽ പോലീസുകാരനായ വിനോദ് രക്തം വാർന്ന് മരിച്ചു.

ആദിവാസികള്‍ കെട്ടിയ കുടിലിന് തീവയ്ക്കുക മാത്രമല്ല, ഇണങ്ങിയ ആനകളെ മദ്യം നല്‍കി ഊരുകളിലേക്ക് ഇറക്കിവിടുകയും ചെയ്തു. സമരത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍.

ജില്ലാ കളക്ടര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ ബന്ദികളെ മോചിപ്പിച്ചെങ്കിലും, സമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും പുറത്താക്കാന്‍ പോലീസ് തീരുമാനിച്ചതോടെ മുത്തങ്ങ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയായിരുന്നു. ഫെബ്രുവരി 19 ന് അന്നത്തെ കല്‍പ്പറ്റ ഡിവൈഎസ്പി ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് കാട് വളഞ്ഞു. പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍, നിരവധി പേര്‍ക്കാണ് അന്നു പരിക്കേറ്റത്. പോലീസ് ആദിവാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും കുടിലുകള്‍ കത്തിക്കുകയും ചെയ്തതോടെ ആദിവാസികള്‍ ഉള്‍വനങ്ങളിലേക്ക് പിന്‍വലിഞ്ഞു.

ഉള്‍ക്കാടുകളില്‍ തിരച്ചിലില്‍ ആരംഭിച്ചതോടെ, തിരച്ചിലിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ വിനോദിനെയും, ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദികളാക്കി ആദിവാസികള്‍ പ്രതിരോധം തീര്‍ത്തു. അതോടെ പോലീസ് സേന താല്‍കാലികമായി പിന്‍വാങ്ങി. പരിക്കേറ്റ ആദിവാസികള്‍ക്കും ചികിത്സ ലഭ്യമാക്കിയാല്‍, ബന്ദികളായ ഉദ്യോഗസ്ഥര്‍ക്കും, ചികിത്സ അനുവദിക്കാമെന്ന് ആദിവാസികള്‍ നിലപാടെടുത്തു. എന്നാല്‍ ഉദ്യോഗസ്ഥരെ നിരുപാധികം വിട്ടുനല്‍കണമെന്നാണ് പോലീസും തഹസീല്‍ദാരും ആവശ്യപ്പെട്ടത്.

സന്ധിസംഭാഷണങ്ങള്‍ തുടരുന്നതിനിടെ കൂടുതല്‍ സായുധ പോലീസ് വനത്തിലെത്തുകയും, വളരെപ്പെട്ടെന്ന് സമരപ്പന്തല്‍ വളയുകയും ചെയ്തു. തീപ്പന്തവുമായി സമരപ്പന്തലിന് കാവല്‍ നിന്ന ജോഗിയെ വെടിവച്ചു വീഴ്ത്തിയാണ് പോലീസ് സമരപ്പന്തലില്‍ പ്രവേശിച്ചത്. പതിനെട്ട് റൗണ്ടാണ് പോലീസ് വെടിവച്ചത്. വെടിവയ്പ്പ് തുടങ്ങിയതോടെ ആദിവാസികള്‍ ചിതറിയോടി. ഇതിനിടെ രക്തം വാര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിനോദ് മരിക്കുകയും ചെയ്തു.

ആഗോളതലത്തില്‍ ശ്രദ്ധ നേടിയ സമരത്തിനു ശേഷവും, ഭൂമി നല്‍കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ താത്പര്യം കാണിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആദിവാസി ഗോത്രമഹാസഭയുടെ കണക്കു പ്രകാരം, 637 കുടുംബങ്ങളാണ് മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത്. അതേ സമയം 447 കുടുംബങ്ങള്‍ മുത്തങ്ങ വനത്തില്‍ സമരത്തിനെത്തിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്. സമരത്തില്‍ പങ്കെടുത്തതില്‍ 283 കുടുംബങ്ങള്‍ക്കു മാത്രമാണ് ഇതിനകം ഭൂമി ലഭിച്ചതെന്ന്  മുത്തങ്ങ സമരത്തിന്റെ കോഡിനേറ്റര്‍ ആയിരുന്ന എം. ഗീതാനന്ദന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

സമരത്തിനു ശേഷവും ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കാതെ വന്നതോടെ സി.കെ. ജാനുവും, എം. ഗീതാനന്ദനും 2014 ല്‍ സെക്രട്ടറിയേറ്റു നടയില്‍ അനിശ്ചിതകാല നില്പ് സമരവുമായി രംഗത്തെത്തിയിരുന്നു. 162 ദിവസം നീണ്ട നില്‍പ്പുസമരത്തെത്തുടര്‍ന്നാണ് മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ഭൂരിഹിത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ വീതം ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതില്‍ അര്‍ഹതയുള്ളതെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 283 കുടുംബങ്ങളെയാണ് ഭൂവിതരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.

മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട്, വാളാട്, ബത്തേരി താലൂക്കിലെ ചേനാട്, ഇരുളം, വൈത്തിരി താലൂക്കിലെ വെള്ളരിമല, ചുണ്ടേല്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ടതാണ് ഇതിനകം വിതരണം ചെയ്ത ഭൂമി. ഏറ്റവും ഒടുവില്‍ വെള്ളരിമല വില്ലേജിലാണ് 56 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്. ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രിയും പി.കെ. ജയലക്ഷ്മി, പട്ടികവര്‍ഗക്ഷേമ മന്ത്രിയുമായിരുന്നപ്പോഴാണ് മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തതില്‍ ഭൂമിക്ക് അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

16 വർഷത്തിനിടയിൽ ആദിവാസി വിഭാഗങ്ങൾക്കായി നിരവധി പ്രഖ്യാപനങ്ങളും പദ്ധതികളും വന്നെങ്കിലും മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ആദിവാസികളുടെ മേൽ അടിച്ചേൽപിക്കപ്പെട്ട കേസുകൾ അനന്തമായി തുടരുകയാണ്. കൃത്യമായ ഇടപെടൽ ഭരണകൂടം നടത്തിയിരുന്നെങ്കിൽ ചുരുങ്ങിയത് രണ്ടുവർഷത്തിനുള്ളിൽ തീരേണ്ടിയിരുന്ന കോടതി വ്യവഹാരമാണ് 16 വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ കിടക്കുന്നത്. കൽപറ്റ സെഷൻസ് കോടതിയിലും, കൊച്ചിയിലെ സിജെഎം കോടതിയിലുമാണ് കേസ് നടക്കുന്നത്.

സമരത്തിനിടെ പോലീസ് ഓഫീസര്‍ വിനോദ് കൊല്ലപ്പെട്ടതും, പോലീസുകാരനായ അബ്ദുള്‍ സലാമിനെയും, വനംവകുപ്പ് ജീവനക്കാരനായ ശശിധരനെയും, വധിക്കാന്‍ ശ്രമിച്ചതും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടെ കുറ്റം ചുമത്തപ്പെട്ട 57 പേര്‍ക്കെതിരെയാണ് കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കുന്നത്. ഈ കേസില്‍ പ്രതികളായ ആറുപേർ പലകാരണങ്ങളാല്‍ നേരത്തെ മരണപ്പെട്ടിരുന്നു. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി ഉണ്ടായിരുന്ന ഇരുപത്തിയാറോളം പേര്‍ ഇതിനകം മരണപ്പെട്ടതായി എം.ഗീതാനന്ദന്‍ വോക്ക് മലയാളത്തോട് പറഞ്ഞു. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട 12 ഓളം കേസുകളിലായി സ്ത്രീകൾ ഉൾപ്പെടെ 650 ഓളം പേർക്കെതിരെ കേസെടുത്തിരുന്നു.

വനത്തിൽ അതിക്രമിച്ചുകയറിയതുമായി ബന്ധപ്പെട്ട ആറു കേസുകളിൽ ഉൾപ്പെട്ടവരെ വെറുതെവിട്ടു. ബാക്കിയുള്ള ആറു ക്രിമിനൽ കേസ് മൂന്നാക്കിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഈ മൂന്നു കേസുകളും ആദ്യ ഘട്ടത്തില്‍ കൊച്ചിയിലായിരുന്നു നടന്നിരുന്നത്. ഇതിൽ പോലീസുകാരൻ മരിച്ച കേസും, മറ്റൊരു പോലീസുകാരന് പരിക്കേറ്റ കേസുമാണ് കൽപറ്റയിലേക്ക് മാറ്റിയത്. 22ഓളം പേരെ തടഞ്ഞുവെച്ചു എന്ന കേസാണ് കൊച്ചിയിലുള്ളത്. അതേസമയം ജോഗി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ നടപടികള്‍ ഉണ്ടാവാത്തത് ഭരണകൂടത്തിന്റെയും പോലീസിന്റെയും ഇക്കാര്യത്തിലുള്ള സമീപനം വ്യക്തമാക്കുന്നതാണ്.

മുത്തങ്ങ ഭൂസമരത്തിനിടെ ആദിവാസികളെ ഒഴിപ്പിക്കുന്നതിനായി പോലീസ് മാരകായുധങ്ങള്‍ പ്രയോഗിച്ചതായി അന്നത്തെ ഡിവൈ.എസ്.പി. കെ. ഉണ്ണി കോടതിയില്‍ മൊഴിനല്‍കിയിരുന്നു. സി.ബി.ഐ. കേസില്‍ കല്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണക്കിടെ, പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. ടിഞ്ചര്‍ ഗ്രനേഡ് ആദിവാസികള്‍ക്കുനേരേ പ്രയോഗിച്ചിരുന്നതായാണ് കെ. ഉണ്ണി കോടതിയില്‍ പറഞ്ഞത്. ഡി.വൈ.എഫ്.ഐ. മുന്‍ നേതാവ് സിന്ധു ജോയിയുടെ കാല്‍ ഈ ഗ്രനേഡ് പൊട്ടി തകര്‍ന്ന സംഭവം ഉണ്ടായ ശേഷം കേരളാ പോലീസ് ഈ ഇനത്തില്‍പ്പെട്ട ഗ്രനേഡ് ഉപയോഗം നിര്‍ത്തിയിരുന്നു.

പോലീസ് നടപടിക്കിടെ കാട്ടിനുള്ളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കു നേരേ 303 റൈഫിളുകള്‍ പ്രയോഗിച്ചതായി പിന്നീട് മനസ്സിലാക്കിയെന്ന് ഉണ്ണി കോടതിയില്‍ പറയുന്നുണ്ട്. ഒഴിപ്പിക്കല്‍ നടപടിക്കിടെ കൗണ്ടന്‍ വയലിലെത്തിയപ്പോള്‍ സമരക്കാരുമായി ചര്‍ച്ചനടത്തുകയും അവരുടെ ആവശ്യപ്രകാരം പരിക്കേറ്റവരെ ആശു​പത്രിയിലേക്ക് മാറ്റുന്നതിനായി ആര്‍.ഡി.ഒ.യുടെ നിര്‍ദ്ദേശപ്രകാരം, പോലീസുകാരെ 15 മീറ്റര്‍ പിറകിലേക്ക് പിന്‍വലിക്കുകയും ചെയ്തു. ഈ സമയത്ത് ആദിവാസി ഗോത്രമഹാസഭാ നേതാവ് അശോകനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്ന് പ്രത്യാശിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

ഓരോ സമയങ്ങളിലായി സ്വന്തം ഇടങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ആദിവാസികള്‍ കേരളത്തില്‍ ആദ്യമായി തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിക്ക് വേണ്ടി സമരം ചെയ്തത് കേരളത്തിലെ പൊതുസമൂഹത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. അതോടൊപ്പം ആദിവാസി വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന സികെ ജാനു, സമര നായികയും, മുത്തങ്ങ സമരത്തിന്റെ പ്രത്യേകതയുമായിരുന്നു. മുത്തങ്ങയിലെ സമരവും വെടിവയ്പ്പും നടന്നിട്ട് പതിനാറ് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും സമരത്തിന്റെയും ആദിവാസികളുടെയും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല എന്നത് ആ സമരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്.

മാത്രമല്ല, 1960 ല്‍ വന്യജീവി സംരക്ഷണത്തിന്റെ പേരിലും യൂക്കാലിപ്റ്റസ് പ്ലാന്റേഷന്‍ ആരംഭിക്കാനായി 1980 ലും ആദിവാസികളെ മുത്തങ്ങ വനത്തില്‍ നിന്നും കുടിയിറക്കിയ ചരിത്രവുമുണ്ട്. ഭൂപരിഷ്‌കരണം നടപ്പാക്കി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, ലക്ഷക്കണക്കിനു ഭൂരഹിതര്‍ കേരളത്തിലുണ്ടെന്ന കണക്കുകളാണ് ആദിവാസികളുടെ ആവശ്യത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്നത്. ഔദ്യോഗികമായി രണ്ടര ലക്ഷം ഭൂരഹിത കുടുംബങ്ങളും, അനൗദ്യോഗികമായി അഞ്ചര ലക്ഷം ഭൂരഹിത കുടുംബങ്ങളും കേരളത്തിലുണ്ടെന്നാണ് കണക്കുകള്‍.

മുത്തങ്ങയില്‍ തങ്ങളുടെ ഊര് പുനഃസ്ഥാപിക്കുകയായിരുന്നു ആദിവാസികളുടെ ലക്ഷ്യം. എന്നാല്‍, ഏതു വിധേനയും ആദിവാസികളെ മുത്തങ്ങയില്‍ നിന്നും പുറത്താക്കുകമെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. ഇതോടെയാണ് സമരം വെടിവെപ്പിലേക്കും രണ്ടു പേരുടെ മരണത്തിലേക്കും വഴിമാറുന്നത്. സംഭവത്തില്‍ ഏഴു പോലീസ് കേസുകളും ആറ് വനംവകുപ്പ് കേസുകളും രജിസ്റ്റര്‍ ചെയ്തു. വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദനും, വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജാനുവുമായിരുന്നു ഒന്നാം പ്രതികള്‍. ഫെബ്രുവരി 21 ന് സുല്‍ത്താന്‍ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലാകുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 132 പേരെയാണ് അന്ന് കേസില്‍ റിമാന്‍ഡ് ചെയ്തത്.

കേരളത്തിലെ ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തില്‍ രക്തക്കറ പുരണ്ട ഒരു ഏടായിരുന്നു മുത്തങ്ങയിലേത്. തന്റേതായ ഇടമുണ്ടെങ്കില്‍ മാത്രമേ തന്റേടമുണ്ടാകൂവെന്ന തിരിച്ചറിവാണ് ആദിവാസികളെ  ഭൂമിയ്ക്ക് വേണ്ടിയുള്ള സമരത്തിലേക്ക് നയിച്ചത്. ആദിവാസികളെ സംബന്ധിച്ച് തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ തുടക്കം കൂടി ആയിരുന്നു മുത്തങ്ങ സമരം. ആദിവാസികള്‍ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി തുടങ്ങിയ പുതിയ കീഴ്‌വഴക്കത്തെ ഭയന്ന ഭരണകൂടം സമരത്തെ തകര്‍ത്തു കളഞ്ഞെങ്കിലും ആദിവാസികളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ചെങ്ങറയിലും, അരിപ്പ സമരത്തിലും, ആറളം സമരത്തിലും, നില്‍പ്പുസമരത്തിലുമെല്ലാം കണ്ടത് അത്തരം ഒരു പുത്തന്‍ ഉണര്‍വായിരുന്നു. തലചായ്ക്കാനുള്ള ഇടത്തിനായും ഭരണഘടന ഉറപ്പുനല്‍കിയ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയാണ് ഈ സമരങ്ങളെല്ലാം നടന്നത്. അത്തരത്തില്‍ ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ സംഭവമായിരുന്നു മുത്തങ്ങ ഭൂസമരം.

Leave a Reply

Your email address will not be published. Required fields are marked *