സിഡ്‌നി:
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റ് ടെക്നോളജി ഇന്നോവേഷൻ കപ്പ് ഏഷ്യൻ മേഖല മത്സരത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു വിജയം. 12 ടീമുകളായിരുന്നു ഏഷ്യൻ വിഭാഗത്തിൽ മാറ്റുരക്കാനുണ്ടായിരുന്നത്. ആസ്ത്മ രോഗികൾക്കുവേണ്ടി മരുന്നുകൾ യാന്ത്രികമായി ഡോസ് ചെയ്യുന്ന ഹൈടെക്ക് മലിനീകരണ വിരുദ്ധ മാസ്ക് കണ്ടുപിടിച്ച ദൽഹി മാനവ് രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് സ്റ്റഡീസിലെ മൂന്നു വിദ്യാർത്ഥികളാണ് സമ്മാനം നേടിയത്.
“കയേലി” എന്നാണു അവർ മാസ്കിന് നാമകരണം ചെയ്തിട്ടുള്ളത്. ഈ ഹൈടെക് മാസ്ക് ഒരു എയർ ക്വാളിറ്റി ഇൻഡക്സ് സെൻസറുമായി സമന്വയിപ്പിച്ചിരിക്കുന്നു. ശ്വസിക്കുന്ന വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇതു ധരിക്കുന്ന ഒരു ആസ്ത്മ രോഗിയുടെ മരുന്നിന്റെ ഡോസ്, ഷെഡ്യൂൾ, വായുവിന്റെ നിലവാരം, ശ്വസനം എന്നിവ അടിസ്ഥാനമാക്കി രോഗിക്ക് യാന്ത്രികമായി മരുന്നുകൾ ആവശ്യത്തിനുള്ള അളവിൽ നൽകുന്നു. വായു മലിനീകരണം കൊണ്ട് പൊറുതി മുട്ടുന്ന ഡൽഹി, മുംബൈ പോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം ഉപകരണങ്ങൾ ആസ്ത്മ രോഗികൾക്കും രോഗികൾക്കും, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും വലിയൊരു അനുഗ്രഹമാണ്.
ഒന്നാം സ്ഥാനം നേടിയ ടീം കയേലിക്ക് സമാനമായി 15,000 ഡോളറും വേൾഡ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള അവസരവും ലഭിച്ചു.
ആദ്യ റണ്ണർ അപ്പ് സമ്മാനം ലഭിച്ചത് ചൈന ടീമിനായിരുന്നു. ട്രെയിനുകളും റെയിൽ ഘടകങ്ങളും പരിശോധിച്ച് പ്രശ്നങ്ങൾ കണ്ടെത്താൻ ശേഷിയുള്ള ഓട്ടോമേറ്റഡ് റോബോട്ട് “റെയിലിൻനോവ” ആണ് അവരുടെ കണ്ടുപിടിത്തം. രണ്ടാം റണ്ണർ അപ്പ് ഫിലിപ്പൈൻസിൽ നിന്ന് വന്ന ടീം എയ്‌ഡ് യൂ.എസ്.സി നേടി. ഇവരുടെ ഡിവൈസായ, ‘അക്വാ ചെക്ക്’, ഒരു മൊബൈൽ ആപ്പാണ്. അതുപയോഗിച്ചു ജലത്തിന്റെ ഫോട്ടോയെടുത്തു ജലത്തിന്റെ ശുദ്ധി അളക്കുന്നതിനായി സാധിക്കും.