ന്യൂഡല്‍ഹി:
ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയ എം പിയും, മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്, കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഹാരമണിയിച്ച് കീര്‍ത്തിയെ സ്വീകരിച്ചത്. രണ്ട് ദശാബ്ദക്കാലം ബി.ജെ.പിയുടെ ഭാഗമായിരുന്ന കീര്‍ത്തി ആസാദ് ബീഹാറിലെ ധര്‍ഭംഗ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണയാണ് ലോകസഭയിലെത്തിയത്.
കീര്‍ത്തി തന്നെയാണ് ഇതു സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ച തന്നെ കോണ്‍ഗ്രസ്സില്‍ ഔദ്യോഗികമായി ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും, പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് ഇത് നീളുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കീര്‍ത്തി ആസാദിനെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയത്.
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് 2015 ല്‍ പാര്‍ട്ടി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ, ഇത്തവണ ബിജെപി അദ്ദേഹത്തിനു ടിക്കറ്റ് നല്‍കില്ല എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ്സിലേയ്ക്ക് ചേക്കേറിയത്. സസ്‍പെന്‍ഷനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ, പലവട്ടം, ആസാദ് രംഗത്തെത്തിയിരുന്നു. അടുത്തിടെ, പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ രാമക്ഷേത്രം ഉള്‍പ്പെടുത്തുന്നതിനെതിരെയും ആസാദ് രംഗത്തുവന്നിരുന്നു.
രാജ്യത്തെ കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ ബി.ജെ.പി അപഹസിക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചിരുന്നു. വിമതനായി നിലകൊണ്ട അദ്ദേഹം കോണ്‍ഗ്രസ്സിലേക്കോ ആര്‍.ജെ.ഡിയിലേക്കോ ചേക്കേറുമെന്ന് മുന്‍പേതന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഓരോ സീറ്റും നിര്‍ണ്ണായകമാവുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി മാറ്റം ബിജെപി ക്ക് തിരിച്ചടിയാവും.