Wed. Nov 6th, 2024
ദുബായ്:

ദുബായിയിൽ നടന്ന ലോക കേരള സഭ സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എയർ കേരള പദ്ധതി പരിഗണിക്കുമെന്നു പറഞ്ഞെങ്കിലും, കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി ഇത്തരം വാഗ്ദാനങ്ങൾ കേട്ടു മടുത്ത പ്രവാസികൾ നിസ്സംഗരാണ്. വിവിധ രാഷ്ട്രീയ നേതാക്കൾ ഈ വിഷയത്തിൽ കൊടുത്തിരുന്ന ഉറപ്പുകൾ ജലരേഖകളായി മാറിയതാണ് ഈ പ്രഖ്യാപനവും, പ്രവാസികളിൽ വലിയൊരു ചലനം സൃഷ്ടിക്കാത്തത്. ഈയവസരത്തിൽ, പ്രവാസികളുടെ സ്വപ്നമായിരുന്ന എയർ കേരള എന്ന സർക്കാർ വിമാന സർവീസ് പദ്ധതിയുടെ നാൾ വഴികളെ കുറിച്ചും അതിനു സംഭവിച്ച ദുര്യോഗത്തെ കുറിച്ചും വിശദീകരിക്കുകയാണ് ഈ കുറിപ്പിലൂടെ.

എന്തിനായിരുന്നു എയർ കേരള?

തിരുവനന്തപുരത്തെ “സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ്” നടത്തിയ സർവേ പ്രകാരം 2018-ൽ വിദേശത്തു തൊഴിലെടുക്കുന്ന മലയാളികൾ 34.17 ലക്ഷമാണ്. അതിൽത്തന്നെ എഴുപത്തഞ്ചു ശതമാനത്തിലധികം ഗൾഫ് നാടുകളിലാണ് . ഇന്ത്യ-ഗൾഫ് സെക്ടറിൽ ഏറ്റവും കൂടുതൽ വിമാന യാത്ര ചെയ്യുന്നതും ചൂഷണത്തിനു വിധേയമാകുന്നതും മലയാളികളാണ്. വിവിധ എയർ ലൈനുകൾ ദിവസം തോറും നൂറിലേറെ സർവീസുകളാണ് കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കു നടത്തിക്കൊണ്ടിരിക്കുന്നത്.

ഇരുപതോളം എയർ ലൈനുകളാണ് ഈ റൂട്ടിൽ ആയിരക്കണക്കിന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ പരിഗണന ലഭിക്കാതെ പോകുന്നുവെന്ന് മാത്രമല്ല, പലപ്പോഴും വിമാനക്കമ്പനി ജീവനക്കാരിൽ നിന്നും കടുത്ത അവഗണനയുമാണ് പതിറ്റാണ്ടുകളായി മലയാളി പ്രവാസികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതിൽത്തന്നെ, ഏറ്റവും മോശം ഇന്ത്യയുടെ ഫ്ലാഗ് കാരിയർ സർവ്വീസ് ആയ “എയർ ഇന്ത്യ” ആണെന്നതാണ് ഏറ്റവും ദുഖകരം.

അതിനു പരിഹാരമായാണ് കേരളത്തിനു സ്വന്തമായൊരു വിമാനക്കമ്പനി എന്ന ആശയം 2004 മുതൽ പ്രവാസി രംഗത്തുള്ളവർ ഉന്നയിക്കാൻ തുടങ്ങിയത്. മലയാളി യാത്രക്കാരോടുള്ള അവഗണനയോടൊപ്പം ഉത്സവ വിശേഷാവസരങ്ങളിലും, സ്‌കൂൾ വെക്കേഷനുകളിലും വിമാനക്കമ്പനികൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ടിക്കറ്റുകളുടെ നിരക്ക് തോന്നും പോലെ വർദ്ധിപ്പിച്ചു മലയാളികളെ കൊള്ളചെയ്യുന്ന ഏർപ്പാട് പതിവാക്കിയതോടെ, കേരളത്തിന് സ്വന്തമായ വിമാനക്കമ്പനി എന്ന ആവശ്യം ശക്തമായി. സർക്കാർ, പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കിയ കൊച്ചി എയർപോർട്ടിന്റെ വിജയം ആയിരുന്നു അതേ മാതൃകയിൽ ഒരു വിമാന സർവീസ് കമ്പനി കൂടി ആരംഭിക്കാൻ എല്ലാവരെയും ചിന്തിപ്പിച്ചത്.

എയർ കേരള കമ്പനി

പ്രവാസികളുടെ സമ്മർദ്ദ ഫലമായാണ്, 2006 ഫെബ്രുവരിയിൽ അന്നത്തെ യു ഡി എഫ് സർക്കാർ “എയർ കേരള” എന്ന വിമാന സർവീസ് ആരംഭിക്കാൻ തീരുമാനിക്കുകയും, ഇതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡി (സിയാൽ)ന്റെ അനുബന്ധമായി എയർ കേരള ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിക്കുകയും ചെയ്യുന്നത്. പക്ഷെ, രണ്ടു മാസത്തിനുള്ളിൽ ഭരണം മാറുകയും പുതിയ എൽ ഡി എഫ് സർക്കാർ വരികയും ചെയ്തു. അക്കാലയളവിൽ ഒരു സാധ്യത പഠനം നടന്നതല്ലാതെ പദ്ധതിയിൽ വലിയ പുരോഗതിയൊന്നും ഉണ്ടായില്ല.

2011 ൽ, വീണ്ടും, ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എയർ കേരള പദ്ധതി പൊടി തട്ടിയെടുത്തു. അങ്ങനെയാണ് 2012 സെപ്റ്റംബർ 12 മുതൽ 14 വരെ കൊച്ചിയിൽ നടന്ന ‘എമർജിങ് കേരള’ എന്ന നിക്ഷേപക സംഗമത്തിൽ ‘എയർ കേരള’ വിമാന സർവീസിന് പ്രഥമ പരിഗണനയോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. അടുത്ത വിഷുവിൽ എയർ കേരളയുടെ ആദ്യ സർവീസ് പറന്നുയരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, വിമാനക്കമ്പനികളുടെ ധാർഷ്ട്യം സഹിച്ചുകൊണ്ടിരുന്ന പ്രവാസി മലയാളികൾ വൻ ആവേശത്തോടെയായിരുന്നു വരവേറ്റത്.

പ്രമുഖ വ്യവസായിയും എം കെ ഗ്രൂപ്പ് എം ഡിയുമായ എം എ യൂസഫലി എയർ ഇന്ത്യാ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ച്, എയർ കേരളയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മലയാളികളുടെ ആവേശം ഇരട്ടിച്ചു. എയർ കേരള പിറവിയെടുക്കുന്നതോടെ വിമാന ടിക്കറ്റു നിരക്കിലുള്ള കടുത്ത ചൂഷണത്തിൽ നിന്നും മുക്തമാകുമെന്നും, പുതിയ വിമാനക്കമ്പനിയിൽ ഓഹരി ഉടമകളാകാമെന്നും പ്രവാസികൾ സ്വപ്നം കണ്ടു.

മുഖ്യമന്ത്രി ചെയർമാനും, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ സി ജോസഫ്, കെ ബാബു, സിയാൽ എം ഡി വി ജെ കുര്യൻ, എം എ യൂസഫലി, സി വി ജേക്കബ് എന്നിവരടങ്ങിയ ഡയറക്ടർ ബോർഡാണ് തുടക്കത്തിൽ രൂപീകരിച്ചത്. ഡയറക്ടർ ബോർഡിന്റെ പ്രഥമയോഗത്തിൽ
വിമാനത്താവളത്തിന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ചും, നിക്ഷേപ സമാഹരണത്തെക്കുറിച്ചും തീരുമാനമുണ്ടായി. സംസ്ഥാന സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനവും പൊതുജനങ്ങൾക്ക് 74 ശതമാനവും ഓഹരി നൽകുക എന്നതായിരുന്നു ധാരണ. ആദ്യഘട്ടത്തിൽ 200 കോടി രൂപ സമാഹരിക്കാനും, കുറഞ്ഞ നിക്ഷേപം പതിനായിരം രൂപയായും തീരുമാനിക്കപ്പെട്ടു. അതോടെ സാധാരണക്കാർക്ക് പോലും കേരളത്തിന്റെ വിമാനക്കമ്പനിയിൽ നിക്ഷേപം നടത്താനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തിരുന്നു.

ചതിച്ചത് കേന്ദ്ര നയം

2004 ൽ പാസ്സാക്കിയ കേന്ദ്ര വ്യോമയാന നിയമം അനുസരിച്ചു, അഞ്ചുവര്‍ഷം ആഭ്യന്തരസര്‍വ്വീസ് പരിചയവും, 20 വിമാനങ്ങള്‍ സ്വന്തമായും ഉള്ള കമ്പനികള്‍ക്കാണ് അന്താരാഷ്ട്ര സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കുക. എന്നിരുന്നാലും, കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി ആ ചട്ടങ്ങളെ മറി കടക്കാം എന്നായിരുന്നു കേരള സർക്കാരിന്റെ പ്രതീക്ഷ. സ്വകാര്യ കമ്പനി അല്ലാതെ ഒരു സംസ്ഥാന സര്‍ക്കാര്‍ തന്നെ വിമാനക്കമ്പനി തുടങ്ങുന്നത് കണക്കിലെടുത്തും, കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്തും, അതിലുപരി വിദേശമലയാളികള്‍ നേരിടുന്ന യാത്രാദുരിതത്തിന്റെ നിജസ്ഥിതി പരിഗണിച്ചും കേന്ദ്രം വ്യോമയാന ചട്ടങ്ങളിൽ ഇളവ് വരുത്തും എന്ന് സംസ്ഥാന സർക്കാർ വ്യാമോഹിച്ചു. ഈ വ്യവസ്ഥകള്‍ ഒഴിവാക്കി വിദേശ സര്‍വീസിന് അനുമതി തേടി സംസ്ഥാനം ഭരിച്ചിരുന്ന യു.ഡി.എഫ് ഗവണ്‍മെന്റ് അന്ന് കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ ഗവണ്‍മെന്റിനു പലവട്ടം നിവേദനം നല്‍കിയിരുന്നു. അതൊന്നും നടപ്പായില്ല.

വമ്പൻ വിമാന കമ്പനികൾ എയർ കേരളക്കെതിരെ ചരട് വലിച്ചു എന്ന് വ്യക്തം. കേരളത്തെ സംബന്ധിച്ച് ആ സമയം ഒരു സുവർണ്ണ അവസരമായിരുന്നു. കാരണം വ്യോമയാന സഹമന്ത്രിയായി കെ സി വേണുഗോപാൽ ഉണ്ടായിരുന്നു. അതായത്, രാഷ്ട്രീയമായി ഒരു എതിർപ്പുകളും നേരിടാൻ സാഹചര്യം ഇല്ലാതിരുന്ന സമയം. എന്നിട്ടും ഉത്തരേന്ത്യൻ ലോബികളുടെയും മറ്റു വിമാന കമ്പനികളുടെയും സമ്മർദ്ദത്തിന്റെ ഫലമായി എയർ കേരളയ്ക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയില്ല. വിമാന സര്‍വീസ് രംഗത്തെ വമ്പന്മാരുടെ താത്പര്യമായിരുന്നു ഇത്തരം മാനദണ്ഡങ്ങള്‍ എടുത്തകളയരുത് എന്നത്. ഈ രംഗത്ത് മത്സരം കടുത്താല്‍, ആഭ്യന്തര സര്‍വീസില്‍ എന്നതുപോലെ നിരക്കു കുറച്ച് ഗൾഫ് സർവീസുകളിലും യാത്രക്കാരെ ആകര്‍ഷിക്കേണ്ടി വരുമെന്ന് അവർക്കറിയാമായിരുന്നു.

എങ്കിലും, കേന്ദ്ര സർക്കാർ ഒരു സമാശ്വാസം എന്നവണ്ണം ബഡ്‌ജറ്റ്‌ എയർലൈനായ എയർ ഇന്ത്യ എക്സ് പ്രസ്സിന്റെ ഹെഡ്‌കോർട്ടേഴ്‌സും, ഹബ്ബും കേരളത്തിന് അനുവദിക്കുകയായിരുന്നു. എയർ ഇന്ത്യ എക്സ് പ്രസ് വന്നതോടെ ടിക്കറ്റുനിരക്കിൽ കാര്യമായ കുറവുണ്ടെങ്കിലും, മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും സർവീസ് ഇല്ലാത്തതിനാലും എയർ ഇന്ത്യയുടെ മുഖമുദ്രയായ നിരുത്തരവാദിത്വപരമായ സർവ്വീസ് മൂലവും മലയാളികളുടെ കഷ്ടപ്പാടിന് ഒരു കുറവുമില്ല.

പിന്നീട് പ്രതീക്ഷ എൻ ഡി എ സർക്കാരിലായിരുന്നു. 2016 ൽ കേന്ദ്ര വ്യോമയാന നയം പരിഷ്കരിക്കുമ്പോൾ എയർ കേരളക്ക് അനുകൂലമായ നിയമം വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പുതിയ നയം പ്രഖ്യാപിച്ചപ്പോള്‍, അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്ന നിബന്ധന കേന്ദ്രം എടുത്തുകളഞ്ഞെങ്കിലും 20 വിമാനം സ്വന്തമായി വേണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കിയില്ല. ഇതോടെ, ഈയിടെ സര്‍വീസ് ആരംഭിച്ച വിസ്താര, എയര്‍ ഏഷ്യ തുടങ്ങിയ വിമാന കമ്പനികള്‍ക്ക് വിദേശ സര്‍വീസിന് അവസരമൊരുങ്ങി എന്നല്ലാതെ എയര്‍ കേരളയ്ക്കു ചിറകു വിരിക്കാനായില്ല.

സാധ്യതാപഠനം

തുടർന്ന് എങ്ങനെയെങ്കിലും സർവീസ് തുടങ്ങാൻ ഒരു സാധ്യത പഠനം നടത്താൻ ഏണസ്റ്റ് ആൻഡ് യംഗ് എന്ന ഏജൻസിയെ കേരള സർക്കാർ ചുമതല ഏൽപ്പിച്ചു. 20 വിമാനങ്ങള്‍ പാട്ടത്തിനെടുത്താലും നടത്തിപ്പിൽ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകും. 20 വിമാനങ്ങള്‍ പാട്ടത്തിനെടുത്താൽ 350 സര്‍വിസുകളെങ്കിലും നടത്തേണ്ടിയുംവരും. അതിനു ശ്രമിച്ചാല്‍ തുടക്കത്തില്‍തന്നെ എയർ കേരള അന്ത്യശ്വാസം വലിക്കുമെന്നും എന്നൊക്കെയായിരുന്നു ആ ഏജൻസി റിപ്പോർട്ട് കൊടുത്തത്. അതോടെ ആ ശ്രമവും പാളി. ആഭ്യന്തര സര്‍വ്വീസില്‍ അഞ്ച്‌ വര്‍ഷം കൊണ്ട്‌ അഞ്ഞൂറ്‌ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നായിരുന്നു പഠനം.

പദ്ധതി അനിശ്ചിതത്വത്തിൽ

വ്യോമയാന മന്ത്രാലയത്തിനു മുമ്പില്‍ പദ്ധതിയുടെ ആവശ്യകത അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ഇതിനുവേണ്ടി വന്‍തുക നിക്ഷേപിക്കാന്‍ തയാറായ പല പ്രമുഖ പ്രവാസി ഇന്ത്യക്കാരും പിന്‍വാങ്ങിയതാണ് പദ്ധതി അനിശ്ചിതത്വത്തിലാവാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്.
ഉദ്ദേശം 300 കോടി രൂപയാണ് പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമുള്ളത്. ഇതിനായി 25 പ്രമുഖ എന്‍ ആര്‍ ഐ കളില്‍ നിന്ന് 250 കോടി രൂപയും കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) യും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് 50 കോടിയും ചേര്‍ത്ത് 300 കോടി സ്വരൂപിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല.

അതിനിടയിൽ കേരളത്തിൽ പിണറായി സർക്കാർ ഭരണത്തിലേറി. കെ.എസ്.ആർ.ടി.സി നന്നാക്കിയിട്ടു വേണം എയര്‍ കേരളയെക്കുറിച്ചു ചിന്തിക്കാൻ എന്നായിരുന്നു ഭരണമേറ്റ ഉടനെ കേരള പത്രപ്രവര്‍ത്തക യൂണിയൻ ഡല്‍ഹി ഘടകം സംഘടിപ്പിച്ച മുഖാമുഖത്തില്‍ പറഞ്ഞത്. എയർ കേരളക്ക് അനുകൂലമായ നയമല്ല പുതിയ സർക്കാരിന്റേത് എന്ന വ്യക്തമായ സൂചനയാണ് പിണറായിയുടെ മറുപടിയിലുടെ പുറത്തുവന്നത്. കാരണം കെ.എസ്.ആർ.ടി.സി അടുത്തകാലത്തൊന്നും ഗതി പിടിക്കില്ലെന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാവുന്നതാണ്. മാത്രമല്ല, കേരള എയര്‍ ലൈന്‍ പ്രായോഗികമല്ലെന്ന് ആയിടെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ദുബായിൽ ഒരു ചടങ്ങിൽ പറയുകയും ചെയ്തു. അതോടെ എയർ കേരള എന്നതു പ്രവാസികളെ സംബന്ധിച്ച് ഒരു കിട്ടാക്കനി ആയി മാറി.

വീണ്ടും പ്രതീക്ഷകൾ

പ്രതീക്ഷകൾ അസ്തമിച്ചിരിക്കെ കഴിഞ്ഞ വർഷം മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെലികോപ്​ടർ ഓപ്പറേറ്റർമാരിലൊന്നായ അബുദാബി ഏവിയേഷൻ (എ.ഡി.എ) എയർ കേരള വിമാനക്കമ്പനി തുടങ്ങാൻ കേരള സർക്കാറിന്​ സഹായം വാഗ്​ദാനം ചെയ്​തു. പകരം കേരളത്തിലെ വിമാനത്താവളങ്ങളിൽ അവർക്കു ബിസിനസ്സ് താല്പര്യങ്ങൾ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചു പഠിക്കാൻ സർക്കാർ ഒരു സമിതിയെ വെച്ചു.
സ്ഥാപനവുമായി സഹകരിച്ചാല്‍ പദ്ധതിക്കുണ്ടാകുന്ന പ്രയോജനം, സാമ്പത്തികവും നിയമപരവുമായ വശങ്ങള്‍ തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളില്‍ പഠനം നടത്തി സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നതായിരുന്നു തീരുമാനം. പക്ഷെ ഒരു വർഷം കടന്നു പോയെങ്കിലും പദ്ധതി കടലാസ്സിലൊതുങ്ങി. പദ്ധതി പുനഃപരിശോധിക്കേണ്ടി വരുമെന്ന് സർക്കാർ വിവരാവകാശ രേഖയ്ക്ക് മറുപടിയും നൽകി.

വീണ്ടും എയർ കേരളയെ കുറിച്ച് കേൾക്കുന്നത് ദുബായിലെ ലോക കേരള സഭ സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞപ്പോഴാണ്. അധികാരം കിട്ടി മൂന്നു കൊല്ലം എയർ കേരളയ്ക്കു വേണ്ടി കാര്യമായൊന്നും ശ്രമിക്കാതെ ഈ തെരെഞ്ഞെടുപ്പ് സമയത്തു ദുബായിലെ ആതിഥ്യം സ്വീകരിക്കുമ്പോൾ പറയുന്ന ഈ വാക്കിനു എത്ര മാത്രം വിലയുണ്ടെന്നാണ് പ്രവാസി ലോകം ഉറ്റുനോക്കുന്നത്.

ഗൾഫ് നാടുകളിൽ പ്രവാസികളുടെ ചിലവിൽ യാത്ര നടത്തുകയും, കൊട്ടാരങ്ങൾ സന്ദർശിക്കുകയും, പഞ്ച നക്ഷത്ര ഹോട്ടലുകളിൽ താമസിക്കുകയും വൻ തുക പിരിവ്‌ വാങ്ങി പോവുകയും ചെയ്യുന്ന നേതാക്കളും മറ്റും പ്രവാസികളുടെ കാതലായ വിഷയങ്ങൾ വരുമ്പോൾ മുഖം തിരിഞ്ഞ് നില്ക്കുകയാണ്‌ പതിവ്. ഇവരെല്ലാം സന്ദർശന സമയത്തെ സമ്മേളനങ്ങളിൽ പ്രവാസികളെ സ്നേഹിക്കലും പുകഴ്ത്തലും ഒക്കെയാണെങ്കിലും തിരിച്ചു നാട്ടിലെത്തിയാൽ വോട്ടില്ലാത്ത പ്രവാസികളെ ബോധപൂർവ്വം മറക്കുകയുമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. അതിനാൽ എയർ കേരള എന്ന സ്വപ്നം പൂവണിയാൻ പ്രവാസികൾ ഇനിയുമെത്ര കാത്തിരിക്കേണ്ടി വരുമെന്ന് ഒരു ഊഹവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *