ന്യൂഡൽഹി:
ഇന്ത്യയിലെ ഏറ്റവും വലിയ പാചക വാതക (എൽ.പി.ജി) കമ്പനികളിൽ ഒന്നായ ഇൻഡെയ്‌ൻ (Indane) ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ആധാർ നമ്പരുകൾ ചോർത്തിയതായും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും ഫ്രഞ്ച് ഗവേഷകൻ അവകാശപ്പെട്ടു. ഏകദേശം 6.7 ദശലക്ഷം ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ആധാർ വിവരങ്ങൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി) ഉടമസ്ഥതയിലുള്ള ഇൻഡെയ്‌നിന്റെ വെബ്സൈറ്റ് വഴി ചോർന്നതായി എലിയട്ട് അൽഡേർസൺ എന്ന് ട്വിറ്ററിൽ അറിയപ്പെടുന്ന ബാപ്റ്റിസ്റ്റ് റോബർട്ട് ആണ് പുറത്തുവിട്ടത്.
സാധാരണഗതിയിൽ നിശ്ചിതമായ യൂസർനെയിമും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ മാത്രമേ ഈ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്നും അറിയാൻ സാധിക്കുകയുള്ളു. തിങ്കളാഴ്ച വൈകീട്ട്, മീഡിയം എന്ന ബ്ലോഗ് പോസ്റ്റിൽ എഴുതിയ കുറിപ്പിലൂടെയാണ് അൽഡേർസൺ ഈ വാർത്ത പുറത്തുവിട്ടത്. ആധാർ കാർഡ് വിവരങ്ങളുടെ ചോർച്ച മുൻപും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. പ്രാദേശിക ഡീലർമാരുടെ സുരക്ഷിതമല്ലാത്ത പോർട്ടലിൽ നിന്നും ഉപഭോക്താക്കളുടെ ആധാർ പേരുകളും വിലാസങ്ങളും നമ്പറുകളും ഇൻഡെയ്‌ൻ ചോർത്തുകയായിരുന്നെന്ന് അൽഡേർസൺ ആരോപിച്ചു.
ആധാർ നമ്പരുകൾ കാണിക്കുന്ന പേജ് ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. 5.8 ദശലക്ഷം ഇൻഡെയ്ൻ ഉപഭോക്താക്കളുടെ രേഖകൾ ചോർന്നതായി അൽഡേർസൺ കണ്ടെത്തിയതായി അവകാശപ്പെടുന്നു. നിർഭാഗ്യവശാൽ, ഇൻഡെയ്‌ൻ തന്റെ ഐ പി ബ്ലോക്ക് ചെയ്തതുകൊണ്ട്, 1,572 ഇടപാടുകാരുടെ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സാധിച്ചില്ലെന്നും, അടിസ്ഥാന ഗണിതം ഉപയോഗിച്ച് 6,791,200 പേരുടെ വിവരങ്ങൾ ചോർന്നതായാണ് കണക്കാക്കുന്നതെന്നും അൽഡേർസൺ പറഞ്ഞു. ഇൻഡെയ്ൻ-നും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (UIDAI) ചോർച്ചയുമായി ബന്ധപ്പെട്ട വാർത്തയെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.