നഡിയാദ്:
ഗുജറാത്തിലെ നഡിയാദിൽ നടന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിൽ, ആൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാമതായി കേരളം ഓവറോൾ ചാമ്പ്യന്മാരായി. കഴിഞ്ഞയാഴ്ച പെൺകുട്ടികളുടെ വിഭാഗത്തിലും കേരളം ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. രണ്ടു വിഭാഗങ്ങളിലുമായി 189 പോയിന്റ് നേടിയ കേരളം, എതിരാളികളെ ബഹുദൂരം പിന്നിലാക്കി. കർണ്ണാടകയാണ് റണ്ണർ അപ്(93). തമിഴ്‌നാട് (87) മൂന്നാമത്. ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിൽ കേരളം 85 പോയിന്റ് നേടി. കർണ്ണാടക (57) രണ്ടാമതും ഹരിയാന(40) മൂന്നാമതുമെത്തി.
ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിൽനിന്ന് 5 സ്വർണവും 5 വെള്ളിയും 4 വെങ്കലവുമാണ് കേരളം നേടിയത്.
ട്രാക്ക് ഇനങ്ങളിലായിരുന്നു കേരളത്തിന് 9 മെഡലുകൾ കിട്ടിയത്. അഞ്ചു മെഡലുകൾ ജംപ് ഇനങ്ങളിലും നേടിയെടുത്തു. പക്ഷെ ത്രോ ഇനങ്ങളിൽ കേരളത്തിന് നേട്ടമുണ്ടാക്കാനായില്ല.
200 മീറ്റർ വിഭാഗത്തിൽ കർണ്ണാടകയുടെ വി.ശശികാന്ത്, 21.74 സെക്കൻഡിൽ, കർണ്ണാടകയുടെ തന്നെ മനിഷ് 2015 ൽ സ്ഥാപിച്ച റെക്കോർഡ് (21.90 സെക്കൻഡ്) മറികടന്നതാണ് മീറ്റിലെ ഏക റെക്കോർഡ് നേട്ടം.
ഉത്തർപ്രദേശിന്റെ ജാവലിൻ താരം രോഹിത് യാദവ് ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു.
കെ.ഫാദിഹ്(110 മീറ്റർ ഹർഡിൽസ്): ആദർശ് ഗോപി(1500 മീറ്റർ), കെ.എം. മുഹമ്മദ് ഷദാൻ (400 മീറ്റർ ഹർഡിൽസ്) : എ.കെ.സിദ്ധാർഥ് (പോൾവോൾട്ട്), സി.ഡി. അഖിൽ കുമാർ (ട്രിപ്പിൾ ജംപ്) എന്നിവരാണ് കേരളത്തിന് വേണ്ടി സ്വർണ്ണക്കൊയ്ത്തു നടത്തിയത്.