Sat. Apr 20th, 2024
ദുബായ്:

ലോകത്തെ ഏറ്റവും ഉയരമുള്ള ആകര്‍ഷകമായ മനുഷ്യനിര്‍മ്മിത കെട്ടിടം ബുര്‍ജ് ഖലീഫയുടെ 152, 153, 154 നിലകളിൽ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്വീകരണമുറി, ദ് ലോഞ്ച് സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ മായക്കാഴ്ചകള്‍ കാണാനും, അര്‍മാനി ഹോട്ടലിലെ ദുബായ് കിച്ചനില്‍ നിന്നുള്ള ഭക്ഷണം ആസ്വദിക്കാനുമുള്ള അവസരമാണ് ബുര്‍ജ് ഖലീഫ പരിപാലിക്കുന്ന എമ്മാർ പ്രോപ്പര്‍ട്ടീസ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ലോകത്തെ പ്രമുഖ കലാകാരന്മാരുടെ പ്രകടനങ്ങളും ഇവിടെയുണ്ടായിരിക്കും. ഉച്ചയ്ക്കു 12.30 മുതല്‍ വൈകുന്നേരം നാലു വരെയാണ് ഇവിടെ വിവിധ പരിപാടികള്‍ അരങ്ങേറുക. വൈകുന്നേരം 5.30 മുതല്‍ ഏഴു വരെ കോക്ടെയ്‌ലും 7.30 മുതല്‍ അര്‍ദ്ധരാത്രിവരെ നിശാവിരുന്നും ഒരുക്കിയിട്ടുണ്ട്. ഹൈ ടീക്ക് ഒരാള്‍ക്ക് 550 ദിര്‍ഹമാണ് നിരക്ക്. രാത്രി ഭക്ഷണത്തിന് 600 ദിര്‍ഹവും. www.burjkhalifa.ae സൈറ്റ് സന്ദര്‍ശിച്ച്‌ ലോഞ്ച് ബുക്ക് ചെയ്യാം.

828 മീറ്റര്‍ ഉയരത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടെ 575 മീറ്റര്‍ ഉയരത്തിലാണ് വിസ്മയ കാഴ്ചകളുടെ ഈ ലോഞ്ച്. നേരത്തെ 125, 148 എന്നീ നിലകളിലായിരുന്നു ഇത്തരത്തിലുള്ള നിരീക്ഷണ കേന്ദ്രം. ഇതാണ് ഇപ്പോള്‍ ആറു നിലകളിലേക്കു കൂടി ഉയര്‍ത്തിയത്.

നിലവിൽ പതിനഞ്ചിലധികം ഗിന്നസ് റെക്കോർഡുകൾ ബുർജ് ഖലീഫ സ്വന്തമാക്കിയിട്ടുണ്ട്. 2010 ജനുവരി നാലിനാണു ദുബായി സിവിൽ എൻജിനീയറിങ് രംഗത്തെ ഈ മഹാത്ഭുതം ലോകത്തിനു സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *